ആശങ്കയോടെ നിക്ഷേപകർ; സെബി വിഷയം തുടക്കത്തിൽ വിപണിയെ താഴ്ത്തും; വിലക്കയറ്റം കുറയുമെന്നു പ്രതീക്ഷ; വിദേശ സൂചനകൾ പോസിറ്റീവ്
സെബി അധ്യക്ഷയ്ക്കെതിരായ ആരോപണവും ചില്ലറ വിലക്കയറ്റ കണക്കും വിഷയമാകുന്ന ഈ ആഴ്ചയിലേക്കു വിപണി കടക്കുന്നത് ആശങ്കയോടെയാണ്. വിദേശ സൂചനകൾ പോസിറ്റീവ് ആണെങ്കിലും നിക്ഷേപകർ അത്രയും ആവേശഭരിതരല്ല.
സെബി അധ്യക്ഷ മാധവി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിൻ്റെ ഓഹരികളിൽ പരോക്ഷ നിക്ഷേപം ഉണ്ടായിരുന്നു എന്ന ഹിൻഡൻബർഗ് റിസർച്ചിൻ്റെ ആരോപണം ഇന്നു തുടക്കത്തിൽ വിപണിയെ താഴ്ത്തും എന്നാണു പരക്കെ ആശങ്ക. എന്നാൽ അതിനെ മറികടക്കാൻ വിപണിയിൽ നീക്കം ഉണ്ടാകും എന്നു പരക്കെ വിശ്വാസമുണ്ട്. ആരോപണം അടിസ്ഥാനരഹിതവും ദുരുദ്ദേശ്യത്തിലുള്ളതും ആണെന്ന് ബുച്ച് ദമ്പതികൾ പറഞ്ഞിട്ടുണ്ട്. അദാനി ഗ്രൂപ്പിൻ്റെ ഓഹരികൾ കൃത്രിമമായി ഉയർത്തി നിർത്തിയതാണ് എന്ന ഹിൻഡൻബർഗ് ആരോപണം അന്വേഷിച്ച സെബി അവ വ്യാജമാണെന്നും ഷോർട്ട് വ്യാപാരികളെ സഹായിക്കാനും ആണെന്ന നിഗമനത്തിലാണ് എത്തിയത്. സെബി അധ്യക്ഷ പക്ഷപാതം കാണിച്ചെന്നു വ്യാഖ്യാനിക്കാവുന്ന പുതിയ ആരോപണത്തെപ്പറ്റി സർക്കാർ പ്രതികരിച്ചിട്ടില്ല. എന്നാൽ ആരോപണം രാജ്യത്തിൻ്റെ വളർച്ച തടസപ്പെടുത്താനാണ് എന്നു സർക്കാർ സ്രോതസുകൾ പറയുന്നുണ്ട്. ആരോപണം വിപണിയ തകർച്ചയ്ക്കു കാരണമാകാതെ നോക്കാൻ തൽപര കേന്ദ്രങ്ങൾ ഇടപെടും എന്നാണു പ്രതീക്ഷ.
ഇന്നു വെെകുന്നേരം ചില്ലറവിലക്കയറ്റ കണക്ക് പുറത്തുവരും. വിലക്കയറ്റം നാലു ശതമാനത്തിൽ താഴെ ആകുമെന്നാണു നിഗമനം. പക്ഷേ ഭക്ഷ്യ-പച്ചക്കറി വിലക്കയറ്റത്തിൽ ശമനം കാണുന്നില്ല. ജൂലെെയിലെ വ്യവസായ ഉൽപാദന സൂചിക താഴാനാണു സാധ്യത.
കമ്പനി റിസൽട്ടുകൾ ഈയാഴ്ചയും നിർണായകമാകും.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,381 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,350 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ചെറിയ നേട്ടത്തിൽ അവസാനിച്ചു.
യുഎസ് വിപണി വെള്ളിയാഴ്ച താഴ്ന്നു തുടങ്ങിയിട്ടു കൂടുതൽ താഴ്ചയിലേക്കു പോയി. എന്നാൽ പിന്നീടു വിപണി വലിയ തിരിച്ചുകയറ്റം നടത്തി ഒടുവിൽ ചെറിയ നേട്ടത്തിൽ അവസാനിച്ചു. വലിയ ചാഞ്ചാട്ടം കണ്ട ആഴ്ചയിൽ വിപണി സൂചികകൾ നാമമാത്ര നേട്ടവും നേരിയ നഷ്ടവുമായി ക്ലോസ് ചെയ്തു. വിപണി അനിശ്ചിത നിലയിലാണ് അവസാനിച്ചത്.
വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 51.05 പോയിൻ്റ് (0.13%) കയറി 39,497.50 ൽ അവസാനിച്ചു. എസ് ആൻഡ് പി 24.85 പോയിൻ്റ് (0.47%) ഉയർന്ന് 5344.16 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 85.28 പാേയിൻ്റ് (0.51%) നേട്ടത്തിൽ 16,745.30 ൽ വ്യാപാരം അവസാനിപ്പിച്ചു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ താഴ്ചയിലാണ്. ഡൗ 0.09ഉം എസ് ആൻഡ് പി 0.05 ഉം നാസ്ഡാക് 0.04 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നല്ല ഉയർച്ചയിലാണ്. കാെറിയൻ വിപണി ഒരു ശതമാനത്തിലധികം ഉയർന്നു. ജപ്പാനിലും ഓസ്ട്രേലിയയിലും വിപണികൾ അര ശതമാനം കയറി.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വെള്ളിയാഴ്ച ഉയർന്നു വ്യാപാരം തുടങ്ങി, ഉയർന്നു ക്ലോസ് ചെയ്തു. സെൻസെക്സ് 79,984 ഉം നിഫ്റ്റി 24,419.75 ഉം വരെ ഉയർന്നിട്ടാണ് അവസാനിച്ചത്. സ്മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികൾ ചെറിയ തോതിൽ ഉയർന്നു. ഓട്ടോ, ഐടി, മെറ്റൽ, ഓയിൽ - ഗ്യാസ്, റിയൽറ്റി, മീഡിയ, പി എസ് യു ബാങ്ക് മേഖലകൾ നല്ല കയറ്റത്തിലായിരുന്നു.
വെള്ളിയാഴ്ച സെൻസെക്സ് 819.69 പാേയിൻ്റ് (1.04%) ഉയർന്ന് 79,705.91 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 250.50 പോയിൻ്റ് (1.04%) കയറ്റത്തോടെ 24,367.50 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 0.65% (327.80 പോയിൻ്റ്) കയറി 50,484.40 ൽ അവസാനിച്ചു.
മിഡ് ക്യാപ് സൂചിക 0.87 ശതമാനം ഉയർന്ന് 57,174.40 ലും സ്മോൾ ക്യാപ് സൂചിക 0.56% കയറി 18,410.20 ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 406.72 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3979.59 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി 24,400 മറി കടന്നാൽ 24,700 വരെ കയറാൻ പറ്റും എന്നാണു നിക്ഷേപ വിദഗ്ധർ പറയുന്നത്. ഇന്നു നിഫ്റ്റി സൂചികയ്ക്ക് 24,320 ലും 24,295 ലും പിന്തുണ ഉണ്ട്. 24,410 ലും 24,435 ലും തടസം ഉണ്ടാകാം.
സ്വർണം ചാഞ്ചാടുന്നു
സ്വർണം ഉയർന്ന നിലയിൽ തുടർന്നു. വെള്ളിയാഴ്ച സ്വർണം ഔൺസിന് 3.30 ഡോളർ കയറി 2431.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2425 ഡോളറിലേക്കു താഴ്ന്നു.
കേരളത്തിൽ സ്വർണവില വെള്ളിയാഴ്ച പവന് 600 രൂപ കയറി 51,400 രൂപയിൽ എത്തി. ശനിയാഴ്ച 160 രൂപ കൂടി 51,560 രൂപ ആയി.
വെള്ളിവില ഔൺസിന് 27.31 ഡോളറിലാണ്.
ഡോളർ സൂചിക വെള്ളിയാഴ്ച 103.14 ലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.16 ആയി.
രൂപ വെള്ളിയാഴ്ച ഇടിയാതെ രക്ഷപ്പെട്ടു. ഡോളർ 83.98 രൂപ വരെ കയറിയിട്ട് 83.96 ൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്ക് വലിയ തോതിൽ വിപണി ഇടപെടൽ നടത്തുന്നുണ്ട്. 84 രൂപയിലേക്കു കയറാൻ ഡോളർ കിണഞ്ഞു ശ്രമിക്കുന്നുണ്ട്.
ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. ബ്രെൻ്റ് ഇനം വെള്ളിയാഴ്ച അൽപം ഉയർന്ന് 79.66 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 79.75 ഡോളറിലേക്ക് കയറി. ഡബ്ല്യുടിഐ ഇനം 77.07 ഉം യുഎഇയുടെ മർബൻ ക്രൂഡ് 78.51 ഉം ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച കുതിച്ചു കയറി. ചെമ്പ് 1.80 ശതമാനം ഉയർന്നു ടണ്ണിന് 8804.00 ഡോളറിൽ എത്തി. അലൂമിനിയം 1.14 ശതമാനം കയറി ടണ്ണിന് 2299.88 ഡോളറായി. സിങ്ക് 4.53 ഉം ടിൻ 5.81 ഉം ലെഡ് 3.70 ശതമാനം കുതിച്ചു.
ക്രിപ്റ്റാേ കറൻസികൾ വാരാന്ത്യത്തിൽ താഴ്ന്നു. ബിറ്റ്കോയിൻ 5 8,725 ഡോളറിനു താഴെയായി. ഈഥർ 2550 ഡോളറിലാണ്.
വിപണിസൂചനകൾ
(2024 ഓഗസ്റ്റ് 9, വെള്ളി)
സെൻസെക്സ് 30 79,705.91 +1.04%
നിഫ്റ്റി50 24,367.50 +1.04%
ബാങ്ക് നിഫ്റ്റി 50,484.50 +0.65%
മിഡ് ക്യാപ് 100 57,174.40 +0.87%
സ്മോൾ ക്യാപ് 100 18,410.20 +0.56%
ഡൗ ജോൺസ് 30 39,497.50 +0.13%
എസ് ആൻഡ് പി 500 5344.16 +0.13%
നാസ്ഡാക് 16,745.30 +0.51%
ഡോളർ($) ₹83.96 +₹0.00
ഡോളർ സൂചിക 103.14 -0.07
സ്വർണം (ഔൺസ്) $2431.70 +$03.30
സ്വർണം (പവൻ) ₹ 51,560 +₹760
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $79.66 +$00.50