മാന്ദ്യഭീതി നീങ്ങി; വിപണികൾ കുതിക്കുന്നു; ഇന്ത്യൻ നിക്ഷേപകർ ആവേശത്തിൽ
യുഎസ് വിപണി ഇന്നലെ നല്ല കുതിപ്പ് നടത്തി; ഏഷ്യൻ വിപണികൾ രാവിലെ രണ്ടു ശതമാനം കയറ്റത്തിലാണ്
അമേരിക്കയിലെ മാന്ദ്യഭീതി മാറ്റിക്കൊണ്ട് വിലക്കയറ്റ, താെഴിൽ, റീട്ടെയിൽ വിൽപന കണക്കുകൾ വ്യാഴാഴ്ച പുറത്തുവന്നു. യുഎസ് വിപണി ഇന്നലെ നല്ല കുതിപ്പ് നടത്തി. ഏഷ്യൻ വിപണികൾ രാവിലെ രണ്ടു ശതമാനം കയറ്റത്തിലാണ്. ഇതെല്ലാം ഇന്ന് ഇന്ത്യൻ വിപണിയുടെ തുടക്കം കുതിപ്പോടെ ആയിരിക്കും എന്ന പ്രതീക്ഷ ജനിപ്പിക്കുന്നു.
തുടർച്ചയായ രണ്ട് ഇടിവുകൾക്കു ശേഷം ബുധനാഴ്ച നാമമാത്ര കയറ്റം കാണിച്ച ഇന്ത്യൻ വിപണി ഇന്നു പ്രതിരോധ നിലകൾ മറികടന്നു മുന്നേറാനും സാധ്യത ഉണ്ട്.
എസ്ബിഐയിലെയും പിഎൻബിയിലെയും ഇടപാടുകൾ അവസാനിപ്പിക്കാനുള്ള കർണാടക സർക്കാരിൻ്റെ തീരുമാനം ചർച്ചയിലൂടെ പിൻവലിപ്പിക്കാം എന്ന പ്രതീക്ഷ ബാങ്കുകൾ പ്രകടിപ്പിച്ചു.
ഖനന റാേയൽറ്റി മുൻകാല പ്രാബല്യത്തോടെ പിരിക്കാൻ സംസ്ഥാനങ്ങൾക്ക് അനുവാദം നൽകിയ സുപ്രീം കോടതി വിധി കമ്പനികളെ പെട്ടെന്നു ബുദ്ധിമുട്ടിലാക്കുകയില്ലെന്ന വിലയിരുത്തലിലാണു വിപണി. കുടിശിക 12 വർഷ ഗഡുക്കളായി മതി എന്ന ആനുകൂല്യം സുപ്രീം കാേടതി നൽകിയിട്ടുണ്ട്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,165 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,335 ലേക്കു കുതിച്ചു കയറി. ഇന്ത്യൻ വിപണി ഇന്നു ഗണ്യമായി ഉയർന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ ബുധനാഴ്ച ചെറുതായും ഇന്നലെ വലിയ തോതിലും ഉയർന്നു. യുഎസ് മാന്ദ്യഭീതി മാറിയതിൻ്റെ ആശ്വാസം ദൃശ്യമാണ്. യുകെയിൽ ജിഡിപി വളർച്ച പ്രതീക്ഷയിലും മികച്ചതായതും വിപണിയെ സഹായിച്ചു.
യുഎസ് വിപണി ബുധനാഴ്ചയും വ്യാഴാഴ്ചയും ഉയർന്നു. ചില്ലറവിലക്കയറ്റം കുറഞ്ഞതും റീട്ടെയിൽ വിൽപനയിൽ കുതിപ്പുണ്ടായതും കഴിഞ്ഞയാഴ്ച പുതിയ തൊഴിലില്ലായ്മാ അപേക്ഷകൾ കുറഞ്ഞതും മാന്ദ്യം സംബന്ധിച്ച അനാവശ്യ ഭീതികൾ അകറ്റി. നാസ്‌ഡാകും എസ് ആൻഡ് പിയും ഈയിടത്തെ നഷ്ടം മുഴുവൻ നികത്തി. ജൂലൈയിലെ റീട്ടെയിൽ വിൽപന ഒരു ശതമാനം ഉയർന്നു. 0.4 ശതമാനമായിരുന്നു പ്രതീക്ഷ. ചില്ലറ വിലക്കയറ്റം 2.9 ശതമാനത്തിലേക്കു കുറഞ്ഞു. ഇവയുടെയെല്ലാം ആകെത്തുക സെപ്റ്റംബറിൽ പലിശ നിരക്കു കാൽശതമാനമേ കുറയ്ക്കേണ്ടതുള്ളൂ എന്നതാണ്. അര ശതമാനം കുറയ്ക്കും എന്നായിരുന്നു ഇതു വരെ അഭ്യൂഹം.
ബുധനാഴ്ച ഡൗ ജോൺസ് സൂചിക 242.75 പോയിൻ്റ് (0.61%) ഉയർന്ന് 40,008.39 ൽ അവസാനിച്ചു. എസ് ആൻഡ് പി 20.78 പോയിൻ്റ് (0.38%) കയറി 5455.21 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 4.99 പാേയിൻ്റ് (0.03%) ഉയർന്ന് 17,192.60 ൽ വ്യാപാരം അവസാനിപ്പിച്ചു.
വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 554.67 പോയിൻ്റ് (1.39%) കുതിച്ച് 40,563.67 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 88.01 പോയിൻ്റ് (1.61%) നേട്ടത്തിൽ 5543.22 ൽ അവസാനിച്ചു. നാസ്ഡാക് 401.89 പാേയിൻ്റ് (2.34%) ഉയർന്ന് 17,594.50 ൽ എത്തി.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.16 ഉം എസ് ആൻഡ് പി 0.18 ഉം ശതമാനം നാസ്ഡാക് 0.26 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നല്ല കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ രണ്ടര ശതമാനത്തിലധികം കുതിച്ചു. കൊറിയൻ വിപണി രണ്ടും ഓസ്ട്രേലിയൻ വിപണി ഒന്നരയും ശതമാനം കയറി.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ബുധനാഴ്ച ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി ചാഞ്ചാട്ടത്തിനു ശേഷം അൽപം ഉയർന്നു ക്ലോസ് ചെയ്തു.
ബുധനാഴ്ച സെൻസെക്സ് 149.85 പാേയിൻ്റ് (0.19%) കയറി 79,105.88 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 4.75 പോയിൻ്റ് (0.02%) ഉയർന്ന് 24,143.75 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 0.21% (104.55 പോയിൻ്റ്) താഴ്ന്ന് 49,727.30 ൽ അവസാനിച്ചു.
മിഡ് ക്യാപ് സൂചിക 0.59 ശതമാനം താഴ്ന്ന് 56,547.05 ലും സ്മോൾ ക്യാപ് സൂചിക 0.64% കുറഞ്ഞ് 18,087.50 ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 2595.27 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2236.21 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി 24,100 നു മുകളിൽ തുടർന്നാലും 24,200- 24,300 മേഖലയിലെ പ്രതിരോധം കടക്കാൻ പ്രയാസം നേരിടും എന്നാണു വിലയിരുത്തൽ.
ഇന്നു നിഫ്റ്റി സൂചികയ്ക്ക് 24,110 ലും 24,090 ലും പിന്തുണ ഉണ്ട്. 24,185 ലും 24,210 ലും തടസം ഉണ്ടാകാം.
ഖനന റോയൽറ്റി വിധി ഭാരം കൂട്ടും
ഖനന കമ്പനികൾക്കു വലിയ ഭാരം ചുമത്തുന്ന സുപ്രീം കോടതി വിധി കമ്പനികൾക്ക് ജിഎസ്ടി അടക്കം ഒന്നര ലക്ഷം കോടി രൂപയുടെ ബാധ്യത ചുമത്തുന്നതാണ്. 2005 മുതൽ മുൻകാല പ്രാബല്യമാണ് ഖനന റോയൽറ്റിക്കും അതിന്മേൽ ചുമത്തിയ സെസിനും അനുവദിച്ചത്. സംസ്ഥാനങ്ങൾ ഈടാക്കുന്ന റോയൽറ്റി സംബന്ധിച്ചാണു കേസ്.. സംസ്ഥാനത്തിനു റോയൽറ്റിയും സെസും ഒഴിവാക്കുകയുമാകാം. പാെതുമേഖലാ സ്ഥാപനങ്ങൾക്ക് അടക്കമാണു വിധിയുടെ ബാധ്യത. കുടിശിക 12 വർഷം കൊണ്ട് അടച്ചാൽ മതി. സുസ്ഥാപിതമായ നിയമതത്വങ്ങൾക്കും സുപ്രീം കോടതിയുടെ തന്നെ മുൻ വിധികൾക്കും നിരക്കാത്തതാണു ഭരണഘടനാ ബെഞ്ചിൻ്റെ വിധി എന്നു വിമർശനമുണ്ട്.
ജൂലെെയിലെ മാെത്തവിലക്കയറ്റം മൂന്നു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന 2.04 ശതമാനത്തിൽ എത്തി. ജൂണിൽ 3.36 ശതമാനമായിരുന്നു. ഭക്ഷ്യ വിലക്കയറ്റം 3.45 ശതമാനമായി താഴ്ന്നു. കഴിഞ്ഞ വർഷം ജൂലെെയിൽ മാെത്തവിലക്കയറ്റം മെെനസ് 1.23 ശതമാനമായിരുന്നു. അതിൻ്റെ കൂടി ഇത്തവണ ലഭിച്ചു. ഓഗസ്റ്റിലും ഈ മെച്ചം ഉണ്ടാകും. അതിനു ശേഷം വിലക്കയറ്റ നിരക്കു കൂടാം. ചില്ലറവിലക്കയറ്റത്തിലും ഇതേ പാേലെ സംഭവിക്കും.
സ്വർണം കയറുന്നു
പശ്ചിമേഷ്യയിലെ സംഘർഷഭീതിയിൽ മാറ്റമില്ലാത്തതും ലഭമെടുക്കലുകാരുടെ വിൽപന സമ്മർദവും സ്വർണത്തെ രണ്ടു ദിവസം ചെറിയ മേഖലയിൽ കയറ്റിയിറക്കി. സ്വർണം ഔൺസിനു 2471 ഡോളർ വരെ ഉയർന്നിട്ടു താണു. ഇന്നലെ സ്വർണം ഔൺസിനു 2457.30 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 2459 ഡോളറിലേക്കു കയറി.
കേരളത്തിൽ സ്വർണവില ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞ് 52,440 രൂപയിൽ എത്തി. ഇന്നലെയും ആ വില തുടർന്നു.
വെള്ളിവില ഔൺസിന് 28.31 ഡോളറിലേക്കു കയറി.
ഡോളർ സൂചിക ഇന്നലെ 102.56 ലേക്കു താണു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.67 ആയി.
രൂപ ബുധനാഴചയും കയറിയിറങ്ങി. ഡോളർ 83.90 വരെ താഴ്ന്നിട്ടു തിരിച്ചുകയറി 83.95 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ
ക്രൂഡ് ഓയിൽ അൽപം ചാഞ്ചാടി. ബ്രെൻ്റ് ഇനം ഇന്നലെ 81.04 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 80.95 ഡോളറിലേക്ക് താണു. ഡബ്ല്യുടിഐ ഇനം 77.99 ഉം യുഎഇയുടെ മർബൻ ക്രൂഡ് 79.96 ഉം ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ വീണ്ടും കയറ്റത്തിലായി. ചെമ്പ് 1.63 ശതമാനം ഉയർന്ന് ടണ്ണിന് 9050.71 ഡോളറിൽ എത്തി. അലൂമിനിയം 0.86 ശതമാനം കയറി ടണ്ണിന് 2347.00 ഡോളറായി. മറ്റു ലോഹങ്ങൾ മൂന്നു ശതമാനം വരെ ഉയർന്നു.
ക്രിപ്റ്റാേ കറൻസികൾ താഴ്ന്നു. ബിറ്റ്കോയിൻ രണ്ടു ശതമാനം കുറഞ്ഞ് 57,600 ഡോളറിലെത്തി. ഈഥർ 2570 ഡോളറിലാണ്.
വിപണി സൂചനകൾ
(2024 ഓഗസ്റ്റ് 14, ബുധൻ)
സെൻസെക്സ് 30 79,105.88 +0.19%
നിഫ്റ്റി50 24,143.75 +0.02%
ബാങ്ക് നിഫ്റ്റി 49,727.30 -0.21%
മിഡ് ക്യാപ് 100 56,547.05 -0.59%
സ്മോൾ ക്യാപ് 100 18,087.50 -0.64%
ഡൗ ജോൺസ് 30 40,008.39
+0.61%
എസ് ആൻഡ് പി 500 5455.2 +0.38%
നാസ്ഡാക് 17,192.60 +0.03%
(2024 ഓഗസ്റ്റ് 15, വ്യാഴം)
ഡൗ ജോൺസ് 30 40,563.06 +1.39%
എസ് ആൻഡ് പി 500 5543.22 +1.61%
നാസ്ഡാക് 17,594.50 +2.34%
ഡോളർ($) ₹83.95 -₹0.02
ഡോളർ സൂചിക 103.04 +0.50
സ്വർണം (ഔൺസ്) $2457.30 -$08.10
സ്വർണം (പവൻ) ₹ 52,440 -₹80
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $81.04 +$00.35