ബുള്ളുകൾ തിരിച്ചുവരവിന്; വിദേശികൾ കാത്തിരിക്കുന്നു; ക്രൂഡ് ഓയിൽ 102 ഡോളറിൽ
ബുള്ളുകൾ തിരിച്ചെത്തുന്നുവോ?; എൻ ഡി ടി വി കുതിച്ചു; അഡാനി ഗ്രൂപ്പ് ഓഹരികൾ ഇനി എങ്ങോട്ട്?
ആശങ്കകൾ അകന്നിട്ടില്ല. എങ്കിലും വിപണി കരടികളുടെ സമ്മർദത്തെ മറികടന്നു നീങ്ങുകയാണ്. സാമ്പത്തിക സൂചകങ്ങളും കമ്പനികളുടെ വരുമാന നിഗമനങ്ങളും വളർച്ചയ്ക്കു തടസം ഉണ്ടാകുമെന്നു കാണിക്കുന്നു. വളർച്ചയിലെ മുരടിപ്പ് യുഎസ് ഫെഡിനും മറ്റു കേന്ദ്ര ബാങ്കുകൾക്കും അവഗണിക്കാൻ പറ്റില്ല. അതിനാൽ പലിശവർധനയുടെ തോത് ചെറുതായിരിക്കും എന്നു വിപണി കരുതുന്നു. അതിൻ്റെ ആശ്വാസം വിപണികളിൽ ദൃശ്യമായി.
ഇന്നലെ ചൈനയും ജപ്പാനും ബ്രിട്ടനും ഒഴികെയുള്ള പ്രമുഖ വിപണികളെല്ലാം നേട്ടം കാണിച്ചത് ഈ പശ്ചാത്തലത്തിലാണ്. ക്രൂഡ് ഓയിൽ വിലക്കയറ്റവും വിപണിയുടെ ഉയർച്ചയ്ക്കു സഹായകമായി. നേട്ടം ചെറുതായിരുന്നെങ്കിലും അതു ബുള്ളുകൾക്ക് ജീവൻ പകർന്നു. ഡൗ ജോൺസ് സൂചിക 33,000-നു മുകളിൽ കയറിയെങ്കിലും അവിടെ തുടർന്നു നിൽക്കാനായില്ല. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് തരക്കേടില്ലാത്ത ഉയർച്ച കാണിക്കുന്നുണ്ട്.
ഏഷ്യ ഉണർവിൽ
ചൈനയിലടക്കം ഏഷ്യൻ വിപണികൾ ഇന്നു രാവിലെ ഉയർന്നാണു വ്യാപാരം തുടങ്ങിയത്. ചൈന വ്യവസായ മേഖലയ്ക്കു കൂടുതൽ ഉത്തേജകങ്ങൾ പ്രഖ്യാപിക്കും എന്ന സൂചന വിപണികളെ സഹായിച്ചു. ജപ്പാനിലും സിംഗപ്പുരിലും കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചു. ദക്ഷിണ കൊറിയൻ കേന്ദ്ര ബാങ്ക് പ്രതീക്ഷിച്ചതു പോലെ പലിശ നിരക്ക് 25 ബേസിസ് പോയിൻ്റ് വർധിപ്പിച്ചു. ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്നു ഹോങ് കോങ് വിപണി രാവിലെ പ്രവർത്തനം തുടങ്ങിയില്ല.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,710 വരെ കയറിയ ശേഷം 17,674-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 17,690 ലാണു വ്യാപാരം. ഇന്ത്യൻ വിപണി നേട്ടത്തോടെ തുടങ്ങും എന്നാണ് ഇതിലെ സൂചന.
ചാഞ്ചാട്ടം കഴിഞ്ഞു നേട്ടം
ബുധനാഴ്ച തുടക്കം മുതൽ ഒടുക്കം വരെ ഇന്ത്യൻ വിപണി ചാഞ്ചാട്ടത്തിലായിരുന്നു. ഒടുവിൽ ദിവസത്തിലെ ഉയർന്ന നിലവാരത്തിനടുത്തു മുഖ്യസൂചികകൾ ക്ലോസ് ചെയ്തു. സെൻസെക്സിന് 59,000-നു മുകളിൽ തുടരാൻ കഴിഞ്ഞതും നിഫ്റ്റി 17,600-നു മുകളിൽ ക്ലോസ് ചെയ്തതും ബുള്ളുകൾക്ക് ആത്മവിശ്വാസം പകരുന്നു. ഇന്നലെ സെൻസെക്സ് 54.13 പോയിൻ്റ് (0.09%) ഉയർന്ന് 59,085.43 ലും നിഫ്റ്റി 27.45 പോയിൻ്റ് (0.16%) കയറി 17,604.95 ലും ക്ലോസ് ചെയ്തു. വിശാല വിപണി കൂടുതൽ ബുള്ളിഷ് ആയിരുന്നു. എൻഎസ്ഇയിൽ 1263 ഓഹരികൾ കയറിയപ്പോൾ 676 എണ്ണമാണു താഴ്ന്നത്. മിഡ് ക്യാപ് സൂചിക 0.74 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.82 ശതമാനവും നേട്ടമുണ്ടാക്കി. ഐടി, ഫാർമ, ഓട്ടോമൊബൈൽ, ഓയിൽ - ഗ്യാസ്, കൺസ്യൂമർ ഡ്യുറബിൾസ് മേഖലകൾ ഇന്നലെ ദുർബലമായിരുന്നു. റിയൽറ്റി, മീഡിയ, മെറ്റൽ, ബാങ്കിംഗ്, ധനകാര്യ ഓഹരികൾ നേട്ടമുണ്ടാക്കി.
വിദേശികൾ കരുതലോടെ
വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഇന്നലെ ചെറിയ തോതിൽ മാത്രമേ ഓഹരികൾ വാങ്ങിയുള്ളു. 23.19 കോടിയാണ് അവർ ഇന്നലെ ക്യാഷ് വിപണിയിൽ നിക്ഷേപിച്ചത്. കുറേ ദിവസങ്ങളായി വിദേശികൾ നിക്ഷേപം കുറച്ചു വരികയാണ്. വാരാന്ത്യത്തിൽ ജാക്സൺ ഹോൾ സമ്മേളനത്തിൽ യുഎസ് ഫെഡ് ചെയർമാൻ ജെറോം പവൽ പലിശയുടെ ഗതി വ്യക്തമാക്കിയ ശേഷമേ അവരിൽ നിന്നു കാര്യമായ നീക്കം ഉണ്ടാകൂ. അതു വരെ കരുതലോടെയുള്ള നീക്കം പ്രതീക്ഷിച്ചാൽ മതി. സ്വദേശി ഫണ്ടുകൾ ഇന്നലെ 322.34 കോടിയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു.
ഇപ്പാേഴത്തെ കുതിപ്പിൽ നിഫ്റ്റിക്കു കരുത്തോടെ 17,650-നു മുകളിലെത്താനായാൽ 18,000 വരെയുള്ള പാത തെളിയുമെന്നു നിക്ഷേപ വിദഗ്ധർ പറയുന്നു.
നിഫ്റ്റിക്ക് 17,525-ലും 17,450-ലും താങ്ങ് ഉണ്ട്. ഉയരുമ്പോൾ 17,655 ഉം 17,710-ഉം തടസങ്ങളാകാം.
102 കടന്നു ക്രൂഡ്
ക്രൂഡ് ഓയിൽ വില ഉയർന്നു പോകുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നലെ 102 വരെ കയറിയിട്ടു 99.03 വരെ താഴ്ന്നതാണ്. 101.2 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും 102 ഡോളറിലേക്കു ബ്രെൻ്റ് കയറി. ഡബ്ള്യുടിഐ ഇനം 96 ഡോളറിനടുത്തായി. വില ഇനിയും ഉയർന്നേക്കും. ഒപെക് പ്ലസ് ഉൽപാദനം കുറയക്കുമെന്ന സൗദി അറേബ്യയുടെ ഭീഷണിയും വിപണിയിൽ ഡിമാൻഡ് വർധിച്ചതുമാണു വിലകയറ്റുന്നത്. ഒഎൻജിസി, ഓയിൽ ഇന്ത്യ, എംആർപിഎൽ, ചെന്നൈ പെട്രോ തുടങ്ങിയവയുടെ ഓഹരികൾ ഇന്നലെയും രണ്ടു മുതൽ നാലുവരെ ശതമാനം കയറി. ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഓഹരികൾ ഒന്നു മുതൽ നാലുവരെ ശതമാനം ഇടിഞ്ഞു.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ ചെറിയ താഴ്ചയായിരുന്നു. നാമമാത്ര ഉയർച്ച കാണിച്ച അലൂമിനിയം മാത്രമായിരുന്നു അപവാദം. ഇന്നു ഡോളർ സൂചിക ഉയരുന്നില്ലെങ്കിൽ വില കാര്യമായി മാറില്ലെന്നാണു സൂചന.
സ്വർണം ഉയർന്നു. ഷോർട്ട് കവറിംഗിനെ തുടർന്നാണ് കയറ്റമെന്നു വിശകലനം. ഔൺസിന് 1758 ഡോളർ വരെ കയറിയ സ്വർണം ഇന്നു രാവിലെ 1755-1757 മേഖലയിലാണ്. ഡോളർ സൂചിക അൽപം താഴ്ന്നതും സ്വർണത്തെ സഹായിച്ചു.
കേരളത്തിൽ ഇന്നലെ പവന് 200 രൂപ വർധിച്ച് 37,800 രൂപയായി. ഇന്നും വില കൂടിയേക്കും.
ഡോളർ സൂചിക 108.68 ലേക്കു താഴ്ന്നതു രൂപയെ വലിയ വീഴ്ചയിൽ നിന്നു രക്ഷിച്ചു. ഡോളർ ഇന്നലെ 79.86 രൂപയിൽ ക്ലോസ് ചെയ്തു. രാവിലെ 108.48 ലാണു ഡോളർ സൂചിക. എന്നാൽ ക്രൂഡ് ഓയിൽ കയറുന്നതു രൂപയ്ക്കു ക്ഷീണമാകും.
എൻഡിടിവി കുതിച്ചു
എൻഡിടിവിയെ കൈയടക്കാൻ അഡാനി ഗ്രൂപ്പ് ശ്രമിച്ചതോടെ എൻഡിടിവി ഓഹരികൾ ഇന്നലെയും അഞ്ചു ശതമാനം കുതിച്ചു. ഓപ്പൺ ഓഫറിനേക്കാൾ 20 ശതമാനത്തോളം ഉയർന്ന വിലയിലാണ് ഓഹരി. അഡാനി ഗ്രൂപ്പ് ഓഫർ വില ഗണ്യമായി കൂട്ടേണ്ടി വരുമെന്നു വിപണി കരുതുന്നു. 29 ശതമാനത്തിലധികം ഓഹരിയാണ് ഇപ്പോൾ അഡാനിയുടെ പക്കൽ ഉള്ളത്. 30 ശതമാനത്തിലധികം പ്രണോയ് റോയിയും ഭാര്യ രാധികയും കൂടി കൈയാളുന്നു. വിപണി വിലയിലേക്ക് അഡാനിയുടെ ഓഫർ ഉയർന്നാലേ ചില്ലറ നിക്ഷേപകർ ഓഫർ സ്വീകരിക്കാനിടയുള്ളു. അതിനിടെ നിയമയുദ്ധത്തിൻ്റെ സാധ്യതയും തള്ളിക്കളയാനാവില്ല.
മറ്റു ടിവി ഓഹരികളും ഇന്നലെ കുതിച്ചു. ഡിഷ് ടിവി 6.9 - ഉം സൺ 4.92 ഉം സീ 2.82 ഉം നെറ്റ് വർക്ക് 18 2.63 ഉം ശതമാനം ഉയർന്നു.
അഡാനി ഗ്രൂപ്പ് ഓഹരികളുടെ മൂല്യനിർണയം അമിതമെന്ന്
ഇതേ സമയം കടക്കെണി സംബന്ധിച്ച റിപ്പോർട്ടുകൾക്കിടയിൽ അഡാനി ഗ്രൂപ്പ് ഓഹരികൾ സമ്മിശ്ര പ്രകടനം നടത്തി. അഡാനി ഗ്രീൻ എനർജി 3.01 - ഉം അഡാനി പവർ 4.99 - ഉം അഡാനി വിൽമർ 2.43-ഉം അഡാനി ഗ്യാസ് 0.96 ഉം ശതമാനം താണു. എന്നാൽ അഡാനി എൻ്റർപ്രൈസസും (3.98%) അഡാനി ട്രാൻസ്മിഷനും (2.71%) അഡാനി പോർട്സും (0.31%) ഉയർന്നു.
അഡാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില സെൻസെക്സുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കൂടുതലാണ്. സെൻസെക്സ് കമ്പനികൾ ശരാശരി 22.9 പി ഇ (പ്രൈസ് ടു ഏണിംഗ്സ് ) അനുപാതത്തിൽ ആയിരിക്കുമ്പോൾ അഡാനി ഗ്രൂപ്പിൻ്റേത് 109.2 ആണ്. സെൻസെക്സ് ഓഹരികളുടെ വില പുസ്തകമൂല്യത്തിൻ്റെ 3.4 മടങ്ങായിരിക്കുമ്പോൾ ഈ ഗ്രൂപ്പിൻ്റേതു 19 മടങ്ങാണ്. അഡാനി ഗ്രൂപ്പിനു കഴിഞ്ഞ വർഷം 17,676 കോടി രൂപ മാത്രം അറ്റാദായം ഉള്ളപ്പോൾ കമ്പനികളുടെ വിപണിമൂല്യം 19.3 ലക്ഷം കോടി രൂപയിലെത്തി. അമിതകടം പോലെ അമിത മൂല്യനിർണയവും അഡാനി ഗ്രൂപ്പിനെ ശ്രദ്ധാ വിഷയമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വലിയ അടുപ്പമാണ് കഴിഞ്ഞ ഏഴെട്ടു വർഷത്തിനിടെ ഗൗതം അഡാനിയുടെ ഗ്രൂപ്പിനുണ്ടായ അസാധാരണ വളർച്ചയ്ക്കു കാരണമെന്നാണു വിമർശനം.