വലിയ കുതിപ്പ്; ഇനി കിതയ്ക്കുമോ? റീട്ടെയിൽ നിക്ഷേപകർ സജീവം; വാഹനവിപണി ഉണരുന്നു; വിദേശ സൂചനകൾ പോസിറ്റീവ്
ഓഹരി വിപണി മുന്നേറ്റം തുടരുമോ? എൽ ഐ സി ഓഹരി വില: വിദേശ ബ്രോക്കറേജുകളുടെ പ്രവചനം ഇതാണ്; സ്വർണ്ണ വിലയിൽ ഇന്ന് എന്ത് സംഭവിക്കും?
മൂന്നു മാസത്തിനിടയിലെ ഏറ്റവും വലിയ കുതിപ്പ്. ഇന്ത്യൻ വിപണിയിൽ ബുള്ളുകൾ ശക്തമായി തിരിച്ചു വന്നു. യൂറോപ്പിലും അമേരിക്കയിലും തത്തുല്യ കുതിപ്പ് കാണാത്തതു കൊണ്ടുള്ള ശങ്കയേ വിപണിയിൽ ഉള്ളു.
ഇന്ത്യൻ വിപണി രണ്ടര ശതമാനത്തിലധികം കുതിച്ചു കയറിയ ശേഷം യൂറോപ്പും അമേരിക്കയും രണ്ടു ശതമാനത്തിൽ താഴെയേ കയറിയുള്ളു. ഡൗ ജോൺസ് 1.34 ശതമാനം ഉയർന്നപ്പോൾ ടെക് ഓഹരികളുടെ കുതിപ്പിൽ നാസ്ഡാക് 2.76 ശതമാനം കയറി. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ ഉയർച്ചയിലാണ്. ഏഷ്യൻ വിപണികൾ രാവിലെ നല്ല ഉയർച്ചയിലാണ് . വിലക്കയറ്റം താഴും വരെ നിരക്കുകൾ ഉയർന്ന തോതിൽ കൂട്ടുമെന്നു ഫെഡ് ചെയർമാൻ പറഞ്ഞതും ക്രൂഡ്, ലോഹ വിലക്കയറ്റവും വിപണികളെ ഉലച്ചിട്ടില്ല.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 16,271 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 16,281 വരെ ഉയർന്നിട്ട് 16,230 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ചെറിയ താഴ്ചയോടെ തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്നലെ ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി ക്രമമായി കയറുകയായിരുന്നു. എൽഐസി ഓഹരിക്ക് അപേക്ഷിച്ചിട്ടു കിട്ടാതെ വന്നവർക്കു റീഫണ്ട് കിട്ടുമ്പോൾ ആ പണം വിപണിയിലെത്തുമെന്ന പ്രതീക്ഷയും ഇന്നലെ വിപണിയെ സഹായിച്ചു. വാഹനവിപണിയിൽ നിന്നും നല്ല വാർത്തകളാണു വരുന്നത്. ടൂവീലറുകളിലടക്കം ചില്ലറവിൽപന വർധിച്ചു തുടങ്ങി.
ചൈന ലോക്ക് ഡൗൺ പിൻവലിക്കുന്നതോടെ വിലകൾ കയറുമെന്ന പ്രതീക്ഷയിൽ ലോഹങ്ങൾക്കു വില കുതിക്കുകയാണ്. ഇതിനു പിന്നാലെ ലോഹ കമ്പനികളുടെ ഓഹരികൾ ഇന്നലെ കുതിച്ചു കയറി. നിഫ്റ്റി മെറ്റൽ സൂചിക 6.86 ശതമാനം ഉയർന്നു. ഹിൻഡാൽകോ (9.58% ഉയർച്ച), ടാറ്റാ സ്റ്റീൽ (7. 72%), ജെഎസ്ഡബ്ള്യു സ്റ്റീൽ (6.57%), കോൾ ഇന്ത്യ (7.48%), വേദാന്ത (12.14%), നാൽകോ (7.87%) എന്നിങ്ങനെയാണു പ്രമുഖ കമ്പനികൾ കുതിച്ചത്. ക്രൂഡ് വിലക്കയറ്റം ഒഎൻജിസിയെ 6.3 ശതമാനം ഉയർത്തി. റിലയൻസും ടാറ്റാ മോട്ടോഴ്സും നാലു ശതമാനം വീതം കയറി.
സെൻസെക്സ് ഇന്നലെ 1344.63 പോയിൻ്റ് (2.54%) ഉയർന്ന് 54,318.47 ലും നിഫ്റ്റി 417 പോയിൻ്റ് (2.63%) കയറി 16,259.3- ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 2.73 ശതമാനവും സ്മോൾ ക്യാപ് സൂചിക 3.36 ശതമാനവും കുതിച്ചു. ഇന്നലെ ബിഎസ്ഇയിലെ ഓഹരികളുടെ മൊത്തം വിപണി മൂല്യം 12 ലക്ഷം കോടി രൂപ വർധിച്ചു.
വിദേശ നിക്ഷേപകർ വിൽപനക്കാരായിരുന്നു എന്നതു വിപണിയുടെ കുതിപ്പിനെ തടഞ്ഞില്ല. ക്യാഷ് വിപണിയിൽ 2192.44 കോടി രൂപയുടെ ഓഹരികളാണ് അവർ വിറ്റത്. സ്വദേശി ഫണ്ടുകൾ 2294.42 കോടിയുടെ ഓഹരികൾ വാങ്ങി. റീട്ടെയിൽ നിക്ഷേപകർ കാര്യമായ നിക്ഷേപം നടത്തി.
വിപണി ബുള്ളിഷ് ആയെങ്കിലും കുതിപ്പിനു തിരിച്ചടി വരാനുള്ള സാധ്യത നിക്ഷേപവിദഗ്ധർ തള്ളിക്കളയുന്നില്ല. വിലക്കയറ്റം, പലിശ, വളർച്ച തുടങ്ങിയവ കണക്കുകൂട്ടലുകൾക്കു വിപരീതമായി നീങ്ങിയാൽ വിപണിക്കു ക്ഷീണമാകും. ഇപ്പോഴത്തെ നിലയിൽ മുന്നോട്ടു നീങ്ങിയാൽ 16,480-16,660 മേഖലയിലേക്കു നിഫ്റ്റി കയറും എന്നാണു നിഗമനം.
നിഫ്റ്റിക്ക് ഇന്ന് 16,010 -ലും 15,765 ലുമാണു സപ്പോർട്ട്. ഉയർച്ചയിൽ 16,395 ഉം 16,530-ഉം തടസങ്ങളാകാം.
ക്രൂഡ് ഓയിൽ വിപണിയിൽ ചെറിയ ചലനങ്ങൾ. ഇന്നലെ ബ്രെൻ്റ് ഇനം 111.9 ഡോളർ വരെ താണിട്ട് ഇന്നു രാവിലെ 11 3.5 ഡോളറിലേക്കു തിരിച്ചു കയറി. അതേ സമയം ഡബ്ള്യുടിഐ ഇനം 114.4 ഡോളർ വരെ ഉയർന്നു. വർഷങ്ങൾക്കു ശേഷമാണു ഡബ്ള്യുടിഐ ഇനത്തിൻ്റെ വില ബ്രെൻ്റിനേക്കാൾ കൂടുതലായത്. ചൈന ലോക്ക് ഡൗൺ പിൻവലിക്കുന്നതാണു വിലയെ കയറ്റുന്ന പ്രധാന കാര്യം.
വ്യാവസായിക ലോഹങ്ങൾ തിരിച്ചുകയറുകയാണ്. ചെമ്പ് 1.45 ശതമാനം ഉയർന്ന് 9386 ഡോളറിലെത്തി. അലൂമിനിയം രണ്ടു ശതമാനം കുതിച്ചു. സിങ്ക്, നിക്കൽ, ലെഡ് തുടങ്ങിയവയും കയറ്റത്തിലാണ്.
സ്വർണത്തിൻ്റെ കയറ്റത്തിന് ഫെഡ് ചെയർമാൻ ജെറോം പവൽ തടയിട്ടു. വിലക്കയറ്റം ശമിക്കുന്നതു വരെ കൂടുതൽ ഉയർന്ന നിരക്കിൽ പലിശ കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞത് 1836 ഡോളറിൽ നിന്നു 1813 ഡോളറിലേക്കു സ്വർണവില താഴ്ത്തി. ഇന്നു രാവിലെ 1814-1816 ഡോളറിലാണു വ്യാപാരം. ഇന്നലെ കേരളത്തിൽ പവന് 240 രൂപ വർധിച്ചിരുന്നു. ഇന്നു ഡാേളർ നിരക്ക് താഴുകയും രാജ്യാന്തര വില ഉയരാതിരിക്കുകയും ചെയ്താൽ കേരളത്തിൽ വില കുറയാം.
എൽഐസി തുടക്കം താഴ്ചയിൽ
എൽഐസി ഓഹരി ഇന്നലെ എട്ടു ശതമാനം താഴ്ചയിൽ ലിസ്റ്റ് ചെയ്തത് അപ്രതീക്ഷിതമല്ല. അതു കൊണ്ടു തന്നെ ഓഹരിയിൽ നിന്നു വിറ്റു മാറാൻ വലിയ തിരക്ക് ഉണ്ടാകില്ലെന്നാണ് എൽഐസിയും പ്രമുഖ ബ്രോക്കറേജുകളും കരുതുന്നത്. ഓഹരിവില 1000 രൂപയിലേക്ക് എത്തുമെന്ന് വിദേശ ബ്രോക്കറേജ് സ്ഥാപനം മക്കാറീ വിലയിരുത്തി. ഇപ്പാേൾ കാണുന്ന വിലയിടിവ് കണക്കാക്കാനില്ലെന്ന് വിദഗ്ധർ കരുതുന്നു.
നിക്ഷേപബാങ്കുകൾക്കും മറ്റും അധികം ഫീസ് നൽകാത്തതും എൽഐസിയെ ബാധിച്ചിരിക്കാം. ഐപിഒയുടെ 0.06 ശതമാനം മാത്രമാണ് (11.8 കോടി) എൽഐസി നിക്ഷേപബാങ്കുകൾക്കു നൽകിയത്. അതേ സമയം പേയ്ടിഎം 1.8 ശതമാനവും (323.9 കോടി രൂപ) സൊമാറ്റോ 2.44 ശതമാനവും (229 കോടി) പോളിസി ബസാർ 2.95 ശതമാനവും (168.4 കോടി) നൽകിയാണ് ഇഷ്യു നടത്തിയത്.
എൽഐസി വിപണിമൂല്യത്തിൽ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ കമ്പനിയായി. 5.54 ലക്ഷം കോടി രൂപയാണ് ഇന്നലെ ക്ലോസിംഗ് വിലയിൽ എൽഐസി യുടെ വിപണിമൂല്യം. റിലയൻസ് (17.12 ലക്ഷം കോടി), ടിസിഎസ് (12.63 ലക്ഷം കോടി), എച്ച്ഡിഎഫ്സി ബാങ്ക് (7.29 ലക്ഷം കോടി), ഇൻഫോസിസ് (6.39 ലക്ഷം കോടി) എന്നിവയാണു മുന്നിലുള്ളത്.
മൊത്തവിലക്കയറ്റം അതിവേഗം കുതിക്കുന്നു
മൊത്തവിലസൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം ഏപ്രിലിൽ 15.08 ശതമാനമായി. തുടർച്ചയായ പതിമ്മൂന്നാമത്തെ മാസമാണ് മൊത്തവിലക്കയറ്റം ഇരട്ടയക്കത്തിലായത്. കഴിഞ്ഞ വർഷം ഇതേ മാസം 10.74 ശതമാനമായിരുന്നു വിലക്കയറ്റം. ആ ഉയർന്ന നിരക്കിൽ നിന്നു വീണ്ടും 15 ശതമാനം കയറി എന്നത് തികച്ചും ആശങ്കാജനകമാണ്. ഭക്ഷ്യ- ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 11.1 ശതമാനമുണ്ട് എന്നതും പ്രധാനമാണ്. ഫാക്ടറി ഉൽപന്നങ്ങൾക്കും മറ്റും വില വർധിച്ചുകൊണ്ടേ ഇരിക്കുന്നു എന്നാണ് ഇതു കാണിക്കുന്നത്.
ഭക്ഷ്യവിലക്കയറ്റം 8.35 ശതമാനമാണ്. പച്ചക്കറികൾക്ക് 23.24 ശതമാനം കയറി. ഭക്ഷ്യ എണ്ണയുടെ കയറ്റം 15.05 ശതമാനം. ഇന്ധന വിലക്കയറ്റം 38.66 ശതമാനമായി.
മേയിൽ വിലക്കയറ്റം 15 ശതമാനത്തിനു തൊട്ടു താഴെയാകുമെന്ന് നിരീക്ഷകർ കരുതുന്നു. എന്നാൽ ഗോതമ്പ് വിലക്കയറ്റവും ലോഹങ്ങൾക്കും മറ്റും വില കൂടുന്നതും ചൈന ലോക്ക് ഡൗൺ അവസാനിപ്പിക്കുന്നതും വിലക്കയറ്റത്തോത് ഉയർത്തി നിർത്തുമെന്നാണു ഭീതി. മൊത്തവിലക്കയറ്റം താഴ്ന്നാലേ ചില്ലറ വിലക്കയറ്റം താഴുകയുള്ളു. അതും ഒന്നു രണ്ടു മാസം കഴിഞ്ഞ്. ചില്ലറ വിലക്കയറ്റം ഏപ്രിലിൽ 7.79 ശതമാനമായിരുന്നു.
റിസർവ് ബാങ്ക് ജൂണിൽ 40 ബേസിസ് പോയിൻ്റും ഓഗസ്റ്റിൽ 35 ബേസിസ് പോയിൻ്റും വീതം റീപോ നിരക്ക് കൂട്ടുമെന്നു റേറ്റിംഗ് ഏജൻസികൾ കരുതുന്നു.
This section is powered by Muthoot Finance