ഇന്ത്യൻ വിപണി വീണ്ടും ഉത്സാഹത്തിൽ; ഏഷ്യൻ വിപണികൾ ഉയരുന്നു; ഫെഡ് തീരുമാനം കാത്തു പാശ്ചാത്യ വിപണി; ക്രൂഡ് ഓയിൽ തിരിച്ചു കയറി
വിപണിയിൽ ബുള്ളുകൾ ഇനി സജീവരാകുമെന്നാണു പ്രതീക്ഷ
ആഗോള വിപണി സൂചനകളും ആഭ്യന്തര സൂചനകളും ഇന്ത്യൻ വിപണിക്കു കയറ്റത്തിനു സഹായകമാണ്. മൂന്നു ദിവസം തുടർച്ചയായി ഇടിഞ്ഞ വിപണി ഇന്നലെ വലിയ തിരിച്ചു കയറ്റം നടത്തിയത് ബുള്ളുകളിൽ പ്രതീക്ഷ വളർത്തി.
ഉയർന്ന യുഎസ് ജിഡിപി വളർച്ചയും വിലക്കയറ്റം താഴാനുള്ള സാധ്യതയും യുഎസ് വിപണിയെ ഉയർത്താൻ പര്യാപ്തമായില്ല. ടെക് മേഖല കൊണ്ടുവന്ന തരംഗം അവസാനിപ്പിക്കാനും ടെക് കമ്പനികൾ മുന്നിൽ നിൽക്കുന്നതാണ് ഈ ദിവസങ്ങളിൽ കാണുന്നത്. യൂറോപ്പിലും യുഎസിലും ഏഷ്യയിലും മോശപ്പെട്ട ഒരാഴ്ച ഇന്ന് അവസാനിക്കുമ്പോൾ വിപണിക്കു മുന്നിൽ വ്യക്തമായ ചിത്രം ഇല്ല. ബുധനാഴ്ച യുഎസ് ഫെഡ് നയം പ്രഖ്യാപിക്കുമ്പോൾ സെപ്റ്റംബറിൽ പലിശ കുറച്ചു തുടങ്ങുമെന്ന ഉറപ്പാണു വിപണി ആഗ്രഹിക്കുന്നത്. അതുണ്ടായാൽ വിപണി കയറും; ഡോളർ താഴും, സ്വർണം ഉയരും. അതുവരെ ചാഞ്ചാട്ടം തുടരാം.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,452 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,480 ലാണ്. ഇന്ത്യൻ വിപണി ഇന്നു കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ വ്യാഴാഴ്ചയും താഴ്ന്നു. യൂറോപ്യൻ കമ്പനി റിസൽട്ടുകളും യുഎസ് ടെക് തകർച്ചയും വിപണിയെ താഴ്ത്തി. യൂണിലീവർ നല്ല റിസൽട്ടിനു ശേഷം ആറു ശതമാനം കയറി.
യുഎസ് വിപണിയിൽ ടെക് ഓഹരികൾ തിരിച്ചു കയറാനുള്ള ശ്രമത്തിൽ വിജയിച്ചില്ല. ഡൗ സൂചിക ചെറിയ തോതിൽ ഉയർന്നു. പ്രതീക്ഷയിലും മോശമായ റിസൽട്ടിനെ തുടർന്ന് ഫോഡ് മാേട്ടാേഴ്സ് ഓഹരി ഇന്നലെ 18.27 ശതമാനം ഇടിഞ്ഞു. ജനറൽ മോട്ടോഴ്സ് 5.5% താഴ്ന്നു.
ജൂണിൽ അവസാനിച്ച മൂന്നു മാസം യുഎസ് ജിഡിപി വിദഗ്ധ നിഗമനങ്ങളേക്കാൾ ഉയർന്ന തോതിൽ വളർന്നു. 2.1% വളർച്ച കണക്കാക്കിയ സ്ഥാനത്തു 2.8 ശതമാനം വളർച്ച ഉണ്ടായി. ഒന്നാം പാദത്തിൽ 1.4 ശതമാനമായിരുന്നു വളർച്ച. ജനങ്ങൾ ഉപഭോഗം വർധിപ്പിച്ചതാണു കുതിപ്പിനു കാരണം. ഇന്നു പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ കണക്കു വരും. 2.5 ശതമാനം വാർഷിക വളർച്ചയാണു പ്രതീക്ഷിക്കുന്നത്.
ഇന്നലെ ഡൗ ജോൺസ് സൂചിക 81.20 പോയിൻ്റ് (0.20%) ഉയർന്ന് 39,935.07 ൽ അവസാനിച്ചു. എസ് ആൻഡ് പി 27.91 പോയിൻ്റ് (0.51%) താഴ്ന്ന് 5399.22 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 160.69 പോയിൻ്റ് (0.93%) ഇടിഞ്ഞ് 17,181.72 ൽ വ്യാപാരം അവസാനിപ്പിച്ചു.
യുഎസ് ഫ്യൂച്ചേഴ്സ് ആദ്യം നഷ്ടത്തിലായിട്ടു പിന്നീടു കയറ്റത്തിലായി. ഡൗ 0.26 ഉം എസ് ആൻഡ് പി 0.30 ഉം നാസ്ഡാക് 0.38 ഉം ശതമാനം കയറി നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിലും ഓസ്ട്രേലിയയിലും ദക്ഷിണ കൊറിയയിലും സൂചികകൾ ഉയർന്നു. ചെെനയിലും സൂചികകൾ കയറി.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണിയിൽ വിദേശികളുടെ വിൽപന ഇന്നലെയും ശക്തമായി തുടർന്നു. എങ്കിലും വിപണിക്കു നാമമാത്ര നഷ്ടമേ ഉണ്ടായുള്ളൂ. സെൻസെക്സ് 570 -ഉം നിഫ്റ്റി 200 ഉം പോയിൻ്റ് തിരിച്ചു കയറിയാണ് ചെറിയ നഷ്ടത്തിൽ ക്ലോസ് ചെയ്തത്. വിപണിയിലെ ബെയറിഷ് മനോഭാവം ദുർബലമായി വരുന്നുവെന്നു പലരും കരുതുന്നു. ബാങ്ക്, ധനകാര്യ സേവനം, റിയൽറ്റി, മെറ്റൽ, കൺസ്യൂമർ ഡ്യുറബിൾസ് മേഖലകളാണു വിപണിയെ താഴ്ത്തിയത്. ഓട്ടോ, ഫാർമ, ഓയിൽ - ഗ്യാസ് തുടങ്ങിയവ ഉയർന്നു.
സെൻസെക്സ് 109.08 പാേയിൻ്റ് (0.14%) നഷ്ടത്തിൽ 80,039.80 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 7.40 പോയിൻ്റ് (0.03%) താഴ്ന്ന് 24,406.10 ൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി 0.83% (428.25 പോയിൻ്റ്) ഇടിഞ്ഞ് 50,888.75 ൽ അവസാനിച്ചു.
മിഡ് ക്യാപ് സൂചിക 0.23 ശതമാനം താഴ്ന്ന് 56,741.75 ലും സ്മോൾ ക്യാപ് സൂചിക 0.27% ഇടിഞ്ഞ് 18,673.05 ലും ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ ഇന്നലെയും വലിയ വിൽപന നടത്തി. ക്യാഷ് വിപണിയിൽ അവർ 2605.49 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2431.69 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വിപണിയിൽ ബുള്ളുകൾ ഇനി സജീവരാകുമെന്നാണു പ്രതീക്ഷ. ഇന്നു നിഫ്റ്റി സൂചികയ്ക്ക് 24,265 ലും 24,135 ലും പിന്തുണ ഉണ്ട്. 24,425 ലും 24,560 ലും തടസം ഉണ്ടാകാം.
കൊച്ചിൻ ഷിപ്പ് യാർഡ്, ഗാർഡൻ റീച്ച്, മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് എന്നീ കപ്പൽ നിർമാണ കമ്പനികൾ ഇന്നലെ അഞ്ചുശതമാനം വരെ ഇടിഞ്ഞു. ഈ കമ്പനികളുടെ ഓഹരി അമിതവിലയിൽ ആണെന്ന പ്രചാരണം വിപണിയിൽ ഉണ്ട്. മൂന്നു കമ്പനികളും ഈ വർഷത്തെ ഉയർന്ന നിലയിൽ നിന്ന് 20 ശതമാനം ഇടിഞ്ഞിട്ടുണ്ട്.
ഇതേ ചോദ്യം തന്നെ റെയിൽവേ ഓഹരികളെപ്പറ്റിയും ഉയരുന്നുണ്ട്. ബജറ്റിൽ വിഹിതം വർധിപ്പിക്കാത്ത നിലയ്ക്ക് കമ്പനികൾക്കു കഴിഞ്ഞ വർഷേത്തേതു പോലെ കരാറുകൾ കിട്ടുമോ എന്നാണ് ഒരു ചോദ്യം. റെയിൽവേ ഓഹരികളും ഇന്നലെ താഴ്ന്നു.
പൊതുമേഖലാ പെട്രോളിയം കമ്പനികൾ ഇന്നലെ മൂന്നു മുതൽ അഞ്ചു വരെ ശതമാനം കയറി.
നൊമുറ സെക്യൂരിറ്റീസ് റേറ്റിംഗും ലക്ഷുവിലയും ഉയർത്തിയതിനെ തുടർന്ന് ടാറ്റാ മോട്ടോഴ്സ് ആറു ശതമാനത്തിലധികം കുതിച്ചു.
സ്വർണം ഇടിവിൽ
സ്വർണം താങ്ങുകൾ നഷ്ടപ്പെട്ട നിലയിലാണ്. ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദത്തിൽ സ്വർണവില ഇന്നലെയും ഒരു ശതമാനം ഇടിഞ്ഞു. ഔൺസിന് 2364.40 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഔൺസിന് 2371 ഡോളറിലേക്ക് കയറി. അടുത്ത വർഷം ഔൺസിനു ശരാശരി വില 2700 ഡോളർ എന്ന പ്രവചനം ഗോൾഡ്മാൻ സാക്സ് ആവർത്തിച്ചു.
കേരളത്തിൽ സ്വർണവില ഇന്നലെ 760 കുറഞ്ഞ് പവന് 51,200 രൂപയിൽ എത്തി.
വെള്ളിവില ഔൺസിന് 27.80 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ വെള്ളി കിലോഗ്രാമിന് 89,000 രൂപയിൽ എത്തി.
ഡോളർ സൂചിക വ്യാഴാഴ്ച താഴ്ന്ന് 104.36 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.31 ലാണ്.
രൂപ അൽപം തിരിച്ചു കയറി. ഡോളർ ഇന്നലെ രണ്ടു പെെസ കുറഞ്ഞ് 83.70 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ വില ഇന്നലെ തിരിച്ചു കയറി.ബ്രെൻ്റ് ഇനം 82.37 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 81.18 ഡോളറിലാണ്. ഡബ്ല്യുടിഐ ഇനം 78.28 ഉം യുഎഇയുടെ മർബൻ ക്രൂഡ് 81.38 ഉം ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ താഴ്ച തുടർന്നു. ചെമ്പ് 0.17 ശതമാനം താണു ടണ്ണിന് 9003.35 ഡോളറിൽ എത്തി. അലൂമിനിയം 1.27 ശതമാനം ഇടിഞ്ഞ് ടണ്ണിന് 2274.50 ഡോളറായി. ടിൻ 3.09 ഉം ലെഡ് 1.84 ഉം സിങ്ക് 2.07 ഉം നിക്കൽ 0.91ഉം ശതമാനം താണു.
ക്രിപ്റ്റാേ കറൻസികൾ താഴ്ന്നിട്ടു വീണ്ടും കയറി. ബിറ്റ്കോയിൻ 66,320 ഡോളറിലേക്ക് ഉയർന്നു. ഈഥർ 3200 ഡോളറിലേക്കു തിരിച്ചു വന്നു.
വിപണിസൂചനകൾ
(2024 ജൂലെെ 25, വ്യാഴം)
സെൻസെക്സ് 30 80,039.80 -0.14%
നിഫ്റ്റി50 24,406.10 -0.03%
ബാങ്ക് നിഫ്റ്റി 50,888.75 -0.83%
മിഡ് ക്യാപ് 100 56,741.75 -0.23%
സ്മോൾ ക്യാപ് 100 18,673.05 -0.27%
ഡൗ ജോൺസ് 30 39,935.10 +0.20%
എസ് ആൻഡ് പി 500 5399.22 -0.51%
നാസ്ഡാക് 17,181.70 -0.93%
ഡോളർ($) ₹83.70 -₹0.02
ഡോളർ സൂചിക 104.36 -0.04
സ്വർണം (ഔൺസ്) $2364.40 -$32.90
സ്വർണം (പവൻ) ₹51,200 -₹760
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $82.37 +$01.36