മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിന്റെ ലാഭം ₹10.26 കോടി

നിഷ്‌ക്രിയ ആസ്തിയില്‍ മികച്ച കുറവ്

Update:2024-01-24 12:52 IST

Image : Canva and Muthoot Capital

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് കീഴിലെ മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) മൂന്നാംപാദമായ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 10.26 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 19.66 കോടി രൂപയെ അപേക്ഷിച്ച് 48 ശതമാനം കുറവാണിത്.

നടപ്പുവര്‍ഷത്തെ ആദ്യ 9 മാസക്കാലയളവില്‍ (ഏപ്രില്‍-ഡിസംബര്‍) കമ്പനി റെക്കോഡ് 111.43 കോടി രൂപ ലാഭം നേടിയിട്ടുണ്ട്. മുന്‍വര്‍ഷത്തെ സമാനകാലത്തെ 52.27 കോടി രൂപയേക്കാള്‍ 113 ശതമാനമാണ് വര്‍ധന. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 226 കോടി രൂപയുടെ പ്രൊവിഷന്‍സ് ബാധ്യത (കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് ബാധ്യത) കമ്പനി സൃഷ്ടിച്ചിരുന്നു. നടപ്പുവര്‍ഷം രണ്ടാംപാദത്തില്‍ ഇതിന്റെ ഒരുഭാഗം കമ്പനി റിവേഴ്‌സ് ചെയ്തു (write-back). ഇതാണ് നടപ്പുവര്‍ഷം ആദ്യ 9 മാസക്കാലത്ത് ലാഭം കൂടാന്‍ ഇടയാക്കിയത്.
അതേസമയം, കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (AUM) ഡിസംബര്‍ പാദത്തില്‍ 2,141 കോടി രൂപയില്‍ നിന്ന് 9 ശതമാനം താഴ്ന്ന് 1,944 കോടി രൂപയായി.
നിഷ്‌ക്രിയ ആസ്തിയില്‍ കുറവ്
നടപ്പുവര്‍ഷം മൂന്നാംപാദത്തില്‍ മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) 21.86 ശതമാനത്തില്‍ നിന്ന് 10.69 ശതമാനത്തിലേക്ക് താഴ്ന്നു. അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 3.63 ശതമാനത്തില്‍ നിന്ന് 3.55 ശതമാനത്തിലേക്കും കുറഞ്ഞു.
കഴിഞ്ഞപാദത്തില്‍ വായ്പകള്‍ 16 ശതമാനം വര്‍ധിച്ച് 479 കോടി രൂപയായി.
ഓഹരി വിലയില്‍ ഇടിവ്
മൂന്നാംപാദ പ്രവര്‍ത്തനഫലം ഇന്നലെ ഓഹരി വിപണിയില്‍ വ്യാപാരസമയം അവസാനിച്ചശേഷമാണ് കമ്പനി പുറത്തുവിട്ടത്. ഇന്ന് 11.31 ശതമാനം താഴ്ന്ന് 334.90 രൂപയിലാണ് മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ഓഹരികളില്‍ വ്യാപാരം പുരോഗമിക്കുന്നത്.
Tags:    

Similar News