മുത്തൂറ്റ് ഫിനാന്‍സിന്റെ ലാഭത്തില്‍ 21% വളര്‍ച്ച; സ്വര്‍ണ വായ്പയില്‍ റെക്കോഡ്
പലിശവരുമാനത്തിലും പുതിയ ഉയരം; ഇന്ന് ഓഹരികളുള്ളത് നഷ്ടത്തില്‍
കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (NBFC) രാജ്യത്തെ സ്വര്‍ണ വായ്പാ വിതരണ രംഗത്തെ മുന്‍നിരക്കാരുമായ മുത്തൂറ്റ് ഫിനാന്‍സ് (MUTHOOTFIN) നടപ്പുവര്‍ഷത്തെ രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ 21 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,095 കോടി രൂപ ലാഭം നേടി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 901 കോടി രൂപയായിരുന്നു.
നടപ്പുവര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍-ജൂണിലെ 1,045 കോടി രൂപയില്‍ നിന്ന് ലാഭം 5 ശതമാനവും ഉയര്‍ന്നു. കൈകാര്യം ചെയ്യുന്ന മൊത്തം വായ്പാ ആസ്തികള്‍ 64,356 കോടി രൂപയില്‍ നിന്ന് 24 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി 79,493 കോടി രൂപയിലെത്തി. ഒന്നാംപാദത്തിലെ 76,799 കോടി രൂപയേക്കാള്‍ 4 ശതമാനവും അധികമാണിത്.
സ്വര്‍ണ വായ്പയില്‍ മികച്ച തിളക്കം
കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം സ്വര്‍ണ വായ്പകളുടെ മൂല്യം വാര്‍ഷികാടിസ്ഥാനത്തില്‍ 56,501 കോടി രൂപയില്‍ നിന്ന് 20 ശതമാനം വര്‍ധിച്ച് 67,517 കോടി രൂപയായി. കഴിഞ്ഞപാദത്തില്‍ മാത്രം വര്‍ധന 5,642 കോടി രൂപയാണ്. ഇത് എക്കാലത്തെയും ഉയരമാണ്. പലിശയിനത്തില്‍ നേടിയ 5,447 കോടി രൂപയും റെക്കോഡാണ്. മൊത്തം 183 ടണ്ണാണ് കമ്പനിയുടെ പക്കലുള്ള സ്വര്‍ണപ്പണയങ്ങളുടെ അളവ്.
ഓഹരികള്‍ നഷ്ടത്തില്‍
ഇന്ന് ഓഹരി വിപണിയില്‍ വ്യാപാരം അവസാനിച്ചശേഷമാണ് കമ്പനി പ്രവര്‍ത്തനഫലം പുറത്തുവിട്ടത്. വ്യാപാരാന്ത്യത്തില്‍ ഓഹരി വിലയുള്ളത് എന്‍.എസ്.ഇയില്‍ 1.06 ശതമാനം നഷ്ടത്തോടെ 1,309 രൂപയില്‍.
നടപ്പുവര്‍ഷത്തെ ആദ്യപകുതിയില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) 331 പുതിയ ശാഖകള്‍ കമ്പനി തുറന്നു. ഇതോടെ മൊത്തം ശാഖകള്‍ 6,169 ആയെന്നും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് കമ്പനി ഇന്ന് സമര്‍പ്പിച്ച പ്രവര്‍ത്തനഫല റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നടപ്പുവര്‍ഷം ആദ്യപാതിയില്‍ കടപ്പത്രങ്ങളിറക്കി (NCD) 700 കോടി രൂപ സമാഹരിച്ചെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ്, മുത്തൂറ്റ് ഹോംഫിന്‍, മുത്തൂറ്റ് ഇന്‍ഷ്വറന്‍സ് ബ്രോക്കേഴ്‌സ്, ഏഷ്യ അസറ്റ് ഫിനാന്‍സ് (ശ്രീലങ്ക) എന്നീ ഉപസ്ഥാപനങ്ങളും മുത്തൂറ്റ് ഫിനാന്‍സിനുണ്ട്.