മുത്തൂറ്റ് ഫിനാന്‍സിന് ₹1,009 കോടി ലാഭം; സ്വര്‍ണ വായ്പാ വിതരണത്തില്‍ റെക്കോഡ്

ഓഹരിയൊന്നിന് 22 രൂപ ലാഭവിഹിതം; രണ്ട് പുതിയ വായ്പാപദ്ധതികള്‍ അവതരിപ്പിച്ചു

Update:2023-05-20 00:56 IST

കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (എന്‍.ബി.എഫ്.സി) രാജ്യത്തെ സ്വര്‍ണപ്പണയ വായ്പാ രംഗത്തെ മുന്‍നിരക്കാരുമായ മുത്തൂറ്റ് ഫിനാന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) നാലാംപാദമായ ജനുവരി-മാര്‍ച്ചില്‍ 1,009.3 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ (2021-22) സമാനപാദത്തിലെ 1,006 കോടി രൂപയേക്കാള്‍ 0.3 ശതമാനമാണ് വര്‍ദ്ധന.

സാമ്പത്തിക രംഗത്തെ വെല്ലുവിളികള്‍ക്കിടയിലും കഴിഞ്ഞപാദത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ മുത്തൂറ്റ് ഫിനാന്‍സിന് കഴിഞ്ഞുവെന്ന് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. 51,850 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പകളാണ് കമ്പനി കഴിഞ്ഞപാദത്തില്‍ വിതരണം ചെയ്തത്. കൈകാര്യം ചെയ്യുന്ന മൊത്തം സ്വര്‍ണപ്പണയ വായ്പകള്‍ ഡിസംബര്‍ പാദത്തിലെ 56,824 കോടി രൂപയില്‍ നിന്ന് 5,051 കോടി രൂപയുടെ റെക്കോഡ് വളര്‍ച്ചയുമായി 61,875 കോടി രൂപയിലെത്തി. പലിശയിനത്തില്‍ മാത്രം കമ്പനി നേടിയ വരുമാനം 2,677 കോടി രൂപയാണ്; ഇതും റെക്കോഡാണ്. മൊത്തം 180 ടണ്‍ സ്വര്‍ണമാണ് കമ്പനി കൈകാര്യം ചെയ്യുന്നത്.
കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം വായ്പാ ആസ്തി 64,494 കോടി രൂപയില്‍ നിന്ന് 11 ശതമാനം ഉയര്‍ന്ന് 71,497 കോടി രൂപയായി. മുത്തൂറ്റ് ഫിനാന്‍സ്, ഉപകമ്പനികളായ മുത്തൂറ്റ് ഹോംഫിന്‍, ബെല്‍സ്റ്റാല്‍ മൈക്രോഫിനാന്‍സ്, മുത്തൂറ്റ് മണി, ഏഷ്യ അസറ്റ് ഫിനാന്‍സ് തുടങ്ങിയവയുടെ സംയുക്ത വായ്പാ ആസ്തിയാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) കമ്പനി രേഖപ്പെടുത്തിയ മൊത്ത ലാഭം 3,669.8 കോടി രൂപയാണ്. തൊട്ടു മുമ്പത്തെ വര്‍ഷം 4,031 കോടി രൂപയായിരുന്നു.
ലാഭവിഹിതവും സാമൂഹിക പ്രതിബദ്ധതയും
10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 20 രൂപ ലാഭവിഹിതം പ്രഖ്യാപിക്കുകയെന്ന പതിവ് നടപടികളില്‍ നിന്നുമാറി ഇക്കുറി മുത്തൂറ്റ് ഫിനാന്‍സ് 22 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. കഴിഞ്ഞവര്‍ഷം (2022-23) 94 കോടി രൂപ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ക്കായി (സി.എസ്.ആര്‍) ചെലവിടുകയായിരുന്നു ലക്ഷ്യമെങ്കിലും 95 കോടി രൂപ ചെലവിട്ടുവെന്ന് ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. നടപ്പുവര്‍ഷം 99 കോടി രൂപയാണ് ലക്ഷ്യമെങ്കിലും 100 കോടി രൂപ ചെലവിടുമെന്ന് പ്രതീക്ഷിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യനിര്‍മാര്‍ജ്ജനം, പാവങ്ങള്‍ക്ക് വീട് തുടങ്ങിയ പദ്ധതികളിലാണ് ഊന്നല്‍.
പുതിയ വായ്പാപദ്ധതികള്‍
കഴിഞ്ഞ പാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് നിലവിലെ ഉപഭോക്താക്കള്‍ക്കായി രണ്ട് സ്വര്‍ണപ്പണയേതര വായ്പാ പദ്ധതികള്‍ അവതരിപ്പിച്ചു. എം.എസ്.എം.ഇകള്‍ക്ക് ഈടുരഹിതമായി 10 ലക്ഷം രൂപവരെ വായ്പ നല്‍കുന്നതാണ് ഒരുപദ്ധതി. ഈ 'സ്‌മോള്‍ ബിസിനസ് ലോണിന്' രണ്ടുവര്‍ഷമാണ് കാലാവധി. മാസത്തവണകളായി തിരിച്ചടയ്ക്കണം. ആദ്യഘട്ടത്തില്‍ രാജ്യത്തെ മെട്രോ നഗരങ്ങളിലാണ് പദ്ധതി അവതരിപ്പിച്ചത്.
വ്യക്തികള്‍ക്ക് ഒരുലക്ഷം രൂപവരെ നേടാവുന്ന പേഴ്‌സണല്‍ ലോണാണ് മറ്റൊന്ന്. 9-12 മാസക്കാലാവധിയാണുള്ളത്. മാസത്തവണകളായി തിരിച്ചടയ്ക്കണം. ഈടുരഹിതമാണ് വായ്പ.
Tags:    

Similar News