കടപ്പത്രങ്ങള്‍ വഴി 300 കോടി രൂപ സമാഹരിക്കാന്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

നേടാം 9 ശതമാനത്തിലധികം പലിശ

Update:2024-01-12 17:56 IST

കടപ്പത്രങ്ങളിലൂടെ (NCD) 300 കോടി രൂപ സമാഹരിക്കാന്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്. 75 കോടി രൂപയുടെ ഈ ഇഷ്യുവിലെ 225 കോടി രൂപയുടെ ഗ്രീന്‍ ഷൂ ഓപ്ഷന്‍ അടക്കമാണ് 300 കോടി രൂപ. 1,000 രൂപ വീതം മുഖവിലയുള്ള കടപ്പത്രങ്ങള്‍ ജനുവരി 12 മുതല്‍ ജനുവരി 25 വരെ ലഭ്യമാകും. ആവശ്യമെങ്കില്‍ നേരത്തെ തന്നെ ഇതു ക്ലോസ് ചെയ്യാനുള്ള വ്യവസ്ഥകളുമുണ്ട്.

24 മാസം, 36 മാസം, 60 മാസം, 96 മാസം എന്നിങ്ങനെയുള്ള കാലാവധികള്‍ ഉള്ളതാണ് കടപ്പത്രങ്ങള്‍. പ്രതിമാസ, വാര്‍ഷിക തവണകളായോ കാലാവധിക്കു ശേഷം ഒരുമിച്ചോ ലഭിക്കുന്ന രീതിയില്‍ 9.26 ശതമാനം മുതല്‍ 9.75 ശതമാനം വരെയാണ് യീല്‍ഡ്. ക്രിസില്‍ എഎ-/സ്റ്റേബില്‍ റേറ്റിംഗാണ് ഇതിനു നല്‍കിയിട്ടുള്ളത്. ബി.എസ്.ഇയിലെ ഡെറ്റ് വിഭാഗത്തില്‍ ഈ കടപ്പത്രം ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.

നിലവിലുള്ളതും പുതുതായി എത്തുന്നതുമായ ഉപഭോക്താക്കള്‍ക്ക് 3600ല്‍ പരം ശാഖകളില്‍ ഏതെങ്കിലും സന്ദര്‍ശിച്ചോ, മൊബൈല്‍ ആപ്പായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ ഉപയോഗിച്ചോ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാമെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സി.ഇ.ഒ ഷാജി വര്‍ഗീസ് പറഞ്ഞു. ക്രിസില്‍ എഎ-/സ്റ്റേബില്‍ റേറ്റിംഗ് ഉള്ളതിനാല്‍ ഈ ഇഷ്യുവിന് മികച്ച പ്രതികരണമാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News