വിപണി ചാഞ്ചാട്ടത്തില്‍; അദാനി ഗ്രൂപ്പ് കമ്പനികള്‍ താഴ്ചയില്‍; അംബുജയും നഷ്ടത്തില്‍

ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണി ഉയർന്ന ശേഷം ചാഞ്ചാട്ടം നടത്തി

Update:2024-10-22 10:57 IST

Image : Canva

നിഫ്റ്റി ആദ്യം 24,854 വരെയും സെൻസെക്സ് 81,390 വരെയും കയറിയിട്ട് താഴ്ന്നു. പിന്നീടു നിഫ്റ്റി 24,850 നും സെൻസെക്സ് 81,420 നും മുകളിലെത്തി.
ബാങ്ക് നിഫ്റ്റി ഉയർന്നു. മിഡ് ക്യാപ് സൂചിക നഷ്ടത്തിലാണ്.
മെഗാ ഐപിഒ നടത്തിയ ഹ്യുണ്ടായ് മോട്ടോഴ്സ് ഒരു ശതമാനം നഷ്ടത്തിൽ ലിസ്റ്റ് ചെയ്തു. പിന്നീടു നഷ്ടം നാലു ശതമാനമായി.
അദാനി ഗ്രൂപ്പിലെ അംബുജ സിമൻ്റ് ഓറിയൻ്റ് സിമൻ്റിനെ ഏറ്റെടുക്കുന്ന കാര്യം തീരുമാനമായി. പ്രൊമോട്ടർമാരിൽ നിന്നും സ്ഥാനങ്ങളിൽ നിന്നുമായി 46 ശതമാനം ഓഹരി വാങ്ങും. ഓഹരി ഒന്നിന് 395.40 രൂപ പ്രകാരം ആണ് ഇടപാട്. 26 ശതമാനം ഓഹരിക്കായി ഓപ്പൺ ഓഫർ പ്രഖ്യാപിക്കും. അംബുജ സിമൻ്റ് ഓഹരി രണ്ടു ശതമാനം ഉയർന്നിട്ടു താഴ്ന്നു, ഓറിയൻ്റ് സിമൻ്റ് ഒന്നര ശതമാനം കയറിയിട്ടു നഷ്ടത്തിലായി.
അദാനി ഗ്രൂപ്പിലെ മിക്ക കമ്പനികളും രാവിലെ താഴ്ചയിലായി.
രണ്ടാം പാദത്തിൽ വരുമാനം 24 ശതമാനവും അറ്റാദായം 16 ശതമാനവും വർധിപ്പിച്ചു പ്രതീക്ഷകളെ മറികടന്ന സിറ്റി യൂണിയൻ ബാങ്ക് ഓഹരി 12 ശതമാനം കുതിച്ചു. ബാങ്ക് പലിശ മാർജിൻ വർധിപ്പിച്ചു. എൻപിഎ കുറച്ചു.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കരിമ്പട്ടികയിൽ പെടുത്തിയതിനെ തുടർന്ന് ഇന്നലെ 20 ശതമാനം ഇടിഞ്ഞ പിഎൻസി ഇൻഫ്ലാടെക് ഇന്നു രാവിലെ 10 ശതമാനം താഴ്ന്നാണു വ്യാപാരം തുടങ്ങിയത്.
കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി ഇന്നു രാവിലെ മൂന്നു ശതമാനം താഴ്ന്നു. ഒരാഴ്ച കൊണ്ട് 10 ശതമാനം ഇടിഞ്ഞ ഓഹരി ജൂലൈ രണ്ടാം വാരത്തിലെ വിലയുടെ പകുതിയോടടുത്തു.
രൂപ ഇന്നു മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളർ 84.07 രൂപയിലാണ് ഓപ്പൺ ചെയ്തത്.
സ്വർണം ലോകവിപണിയിൽ ഔൺസിന് 2731 ഡോളറിലാണ്. കേരളത്തിൽ ആഭരണസ്വർണം വിലമാറ്റം ഇല്ലാതെ പവന് 58,400 രൂപയിൽ തുടരുന്നു.
ക്രൂഡ് ഓയിൽ വില അൽപം കുറഞ്ഞു. ബ്രെൻ്റ് ഇനം 74.10 ഡോളറിലാണ്.
Tags:    

Similar News