ഒന്നരലക്ഷം കോടിയല്ല, സീറോദയുടെ മൂല്യം ₹30,000 കോടിയെന്ന് നിതിന്‍ കാമത്ത്

2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 6,875 കോടി രൂപ, വരുമാനത്തിന്റെ 42 ശതമാനവും ലാഭം

Update:2023-09-29 12:51 IST

രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ സീറോദയുടെ പ്രവര്‍ത്തനഫല റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ കമ്പനിയുടെ വാല്വേഷനെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍. ഒരു ലക്ഷം കോടിയും രണ്ട് ലക്ഷം കോടി രൂപയുമൊക്കെയാണ് നെറ്റിസണ്‍സ് സീറോദയ്ക്ക് വാല്വേഷന്‍ നല്‍കിയത്.

എന്നാലിപ്പോള്‍ സീറോദയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ നിതിന്‍ കാമത്ത് തന്നെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നു. സീറോദയ്ക്ക് 30,000 കോടി രൂപയാണ് മൂല്യം കണക്കാക്കുന്നതെന്നാണ് നിതിന്‍ എക്‌സില്‍ കുറിച്ചത്. കമ്പനി നേടിയ ലാഭത്തിന്റെ 10-15 ഇരട്ടിയാണ് വാല്വേഷന്‍ കണക്കാക്കുന്നതെന്നും അതുപ്രകാരം 30,000 കോടി രൂപയാണ് പരമാവധി വാല്വേഷനെന്നും നിതിന്‍ പറയുന്നു. 

''ഓഹരി വിപണി എപ്പോഴും നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വിപണിയില്‍ കുതിപ്പുണ്ടാകുമ്പോള്‍ ഈ നേട്ടം തുടരുമെന്ന തോന്നല്‍ പലര്‍ക്കുമുണ്ടാകും. കൂടുതല്‍ നിക്ഷേപകര്‍ വിപണിയിലേക്കെത്തും. പക്ഷേ, വിപണിയില്‍ പെട്ടെന്നൊരു ഇടിവുണ്ടായാല്‍ വരുമാനത്തിലും ഇടപാടുകളിലും 50 ശതമാനം വരെ ഇടിവുണ്ടാകും. ഇതില്‍ നമുക്കൊന്നും ചെയ്യാനാകില്ല. എന്തിന് സെബിയുടെ ഒരു സര്‍ക്കുലര്‍ പോലും വരുമാനം 50 ശതമാനം താഴേക്ക് കൊണ്ടു പോകും''.- എന്നാണ് സെറോദയ്ക്ക് താഴ്ന്ന വാല്വേഷന്‍ നല്‍കുന്നതിന്റെ കാരണമായി നിതിന്‍ കാമത്ത് പറയുന്നത്.

നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് 10-15 ശതമാനം നിരക്കില്‍ ദീര്‍ഘകാല വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും നിതിന്‍ വ്യക്തമാക്കി.

ലാഭം 2,907 കോടി
സെപ്റ്റംബര്‍ 26ന് പുറത്തുവിട്ട സാമ്പത്തിക റിപ്പോര്‍ട്ട് അനുസരിച്ച് 2022-23ലെ കമ്പനിയുടെ വരുമാനം 6,875 കോടി രൂപയാണ്. 2021-22 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 38.5 ശതമാനമാണ് വളര്‍ച്ച. കമ്പനിയുടെ ലാഭം 39 ശതമാനം വര്‍ധിച്ച് 2,907 കോടി രൂപയുമായി.
സീറോ ബ്രോക്കറേജ് ആശയവുമായി ഓഹരി വിപണിയിലേക്കെത്തിയ സീറോദയ്ക്ക് ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 64 ലക്ഷത്തിനടുത്ത് ഇടപാടുകാരുണ്ട്.
Tags:    

Similar News