നിറ്റ ജെലാറ്റിന് ₹28.15 കോടി ജൂണ്‍പാദ ലാഭം; ഓഹരികളില്‍ കുതിപ്പ്

₹106.83 കോടിയുടെ പ്ലാന്റ് വിപുലീകരണ പദ്ധതി പുനഃപരിശോധിക്കും

Update:2023-08-05 16:00 IST

കൊച്ചി ആസ്ഥാനമായ പ്രമപഖ വ്യാവസായിക കെമിക്കല്‍ അസംസ്‌കൃത വസ്തു നിര്‍മ്മാതാക്കളായ നിറ്റ ജെലാറ്റിന്‍ (NITTAGELA | 506532) നടപ്പുവര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 28.15 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 12.96 കോടി രൂപയും ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ 16.77 കോടി രൂപയുമായിരുന്നു ലാഭം.

അതേസമയം, മൊത്ത വരുമാനം (total income) പാദാടിസ്ഥാനത്തില്‍ 145.96 കോടി രൂപയില്‍ നിന്നും വാര്‍ഷികാടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം ജൂണ്‍പാദത്തിലെ 135.56 കോടി രൂപയില്‍ നിന്നും 131.28 കോടി രൂപയായി കുറഞ്ഞു.
അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്ന വിലയിലുണ്ടായ കുറവാണ് മൊത്ത വരുമാനം കുറഞ്ഞിട്ടും ലാഭത്തില്‍ മികച്ച വളര്‍ച്ച നേടാന്‍ കമ്പനിക്ക് സഹായകമായത്. കഴിഞ്ഞ വര്‍ഷം ജൂണ്‍പാദത്തില്‍ 51.3 ശതമാനവും ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ 50 ശതമാനവുമായിരുന്ന അസംസ്‌കൃത വസ്തു വാങ്ങല്‍ച്ചെലവ് കഴിഞ്ഞപാദത്തില്‍ 35.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
പ്ലാന്റ് വിപുലീകരണം പുനഃപരിശോധിക്കും
നിലവില്‍ നിറ്റ ജെലാറ്റിന്റെ ജെലാറ്റിന്‍ വിഭാഗത്തിലെ കൊളാഷെന്‍ പെപ്‌റ്റൈഡ് (Collagen Peptide) വാര്‍ഷിക ഉത്പാദനശേഷി 450 ടണ്‍ ആണ്. 106.83 കോടി രൂപയുടെ നിക്ഷേപത്തോടെ 1000 ടണ്‍ ഉത്പാദന ശേഷി അധികമായി ചേര്‍ക്കാന്‍ കഴിഞ്ഞ നവംബറില്‍ കമ്പനി പദ്ധതിയിട്ടിരുന്നു. എന്നാല്‍, ആഗോള തലത്തിലെ സാമ്പത്തിക ഞെരുക്കമടക്കമുള്ള വെല്ലുവിളികള്‍ ഉപയോക്തൃ ഡിമാന്‍ഡിനെ ബാധിച്ച പശ്ചാത്തലത്തില്‍ ഈ പ്ലാന്റ് വിപുലീകരണ പദ്ധതി പുനഃപരിശോധിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
സമാന്തരമായി, ഒറ്റയടിക്ക് ഉയര്‍ന്ന മൂലധനം ചെലവഴിക്കുന്നത് നിയന്ത്രിക്കാനായി രണ്ട് ഘട്ടങ്ങളിലായി നിലവിലെ പ്ലാന്റിന്റെ ശേഷി കൂടുതല്‍ ഊര്‍ജിതപ്പെടുത്താനുള്ള പദ്ധതി നടപ്പാക്കും.
ഓഹരികള്‍ മുന്നേറി
മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ട പശ്ചാത്തലത്തില്‍ ഇന്നലെ നിറ്റ ജെലാറ്റിന്‍ ഓഹരി 8.69 ശതമാനം മുന്നേറി 848.80 രൂപയിലെത്തി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിറ്റ ജെലാറ്റിന്‍ ഓഹരി 151.01 ശതമാനം നേട്ടം (return) ഓഹരി ഉടമകള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. 330.10 രൂപയില്‍ നിന്ന് 970 രൂപവരെയാണ് ഇക്കാലയളവില്‍ ഓഹരി വില കുതിച്ചത്.
നിറ്റ ജെലാറ്റിന്‍
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയുടെയും ജപ്പാനിലെ നിറ്റ ജെലാറ്റിന്റെയും സംയുക്ത കമ്പനിയാണ് നിറ്റ ജെലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ്. ഫാര്‍മ ഉത്പന്നങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കാലിത്തീറ്റ, കൃഷിയുത്പന്നങ്ങള്‍ എന്നിവയ്ക്കായുള്ള അസംസ്‌കൃതവസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്. 60 ശതമാനത്തിലധികം ഉത്പന്നങ്ങളും ജപ്പാന്‍, അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച
ജപ്പാനിലെ ഒസാക്ക ആസ്ഥാനമായുള്ള സ്ഥാപനമാണ് നിറ്റ ജെലാറ്റിന്‍. കമ്പനിയുടെ ആഗോള സി.ഇ.ഒ കോയിചി ഒഗാത, ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടര്‍ സജീവ് കെ. മേനോന്‍, ഡയറക്ടര്‍ ഡോ. ഷിന്യ തകാഹാഷി എന്നിവര്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹത്തിന്റെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തി.
മുഖ്യമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ കേരളത്തില്‍ നിക്ഷേപ താത്പര്യം കമ്പനി അറിയിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി ആരാഞ്ഞു. ആഗോള പ്രതിസന്ധികള്‍ മൂലം അല്‍പം കാലതാമസം നേരിട്ടെങ്കിലും നിലവില്‍ പദ്ധതി സജീവ പരിഗണനയിലാണെന്നും അംഗീകാരം നല്‍കുന്നത് സംബന്ധിച്ച തീരുമാനം ഇന്ത്യാ വിഭാഗത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഉടന്‍ കൈക്കൊള്ളുമെന്നും കോയിചി ഒഗാത മുഖ്യമന്ത്രിയോട് പറഞ്ഞു.
Tags:    

Similar News