ചെറു കമ്പനികളുടെ ഓഹരി വിപണി പ്രവേശം; ചട്ടം കടുപ്പിച്ച് സെബി
ഈ വര്‍ഷം ഇതുവരെ 144 കമ്പനികളാണ് എസ്.എം.ഇ വിഭാഗത്തിലെത്തിയത്
ഓഹരി വിപണിയില്‍ എസ്.എം.ഇ വിഭാഗത്തില്‍ അടുത്ത കാലത്തായി ഐ.പി.ഒയുടെ പെരുമഴക്കാലമാണ്. കേരളത്തില്‍ നിന്നടക്കം പ്രാരംഭ ഓഹരി വില്‍പ്പനയുമായി (IPO) എത്തിയ ചെറുകിട ഇടത്തരം കമ്പനികളെല്ലാം (എസ്.എം.ഇ) മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നിരവധി കമ്പനികള്‍ ഐ.പി.ഒയുമായി വിപണിയില്‍ പ്രവേശിക്കാനിരിക്കെ അവരുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ നിഴല്‍ പടര്‍ത്തികൊണ്ട് പുതിയ ഉത്തരവുമായി എത്തിയിരിക്കുകയാണ് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്(എന്‍.എസ്.ഇ).
ഐ.പി.ഒ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പുള്ള മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ പോസിറ്റീവ് ഫ്രീ ക്യാഷ് ഫ്‌ളോ (FCF) ഉള്ളവര്‍ക്ക് മാത്രമാണ് എസ്.എം.ഇ വിഭാഗത്തില്‍ ലിസ്റ്റ് ചെയ്യാന്‍ അനുമതിയുണ്ടാകുക എന്നാണ് എന്‍.എസ്.ഇ വ്യക്തമാക്കിയിരിക്കുന്നത്. ബിസിനസ് വഴി ഉണ്ടാക്കിയ വരുമാനത്തില്‍ നിന്ന് ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യാന്‍ സാധിക്കുന്ന തുകയാണ് എഫ്.സി.എഫ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 2024 സെപ്റ്റംബര്‍ ഒന്നുമുതല്‍ സമര്‍പ്പിക്കുന്ന എല്ലാ അപേക്ഷകള്‍ക്കും (DRHsP) ഇത് ബാധകമായിരിക്കും. മറ്റു നിബന്ധനകളില്‍ മാറ്റം വരുത്തിയിട്ടില്ല.
നിക്ഷേപകരുടെ സുരക്ഷിതത്വം ഉയര്‍ത്താനും വിപണിയില്‍ ലിസ്റ്റ് ചെയ്യാനുദ്ദേശിക്കുന്ന എസ്.എം.ഇ കമ്പനികളുടെ സാമ്പത്തികാരോഗ്യം ഉറപ്പു വരുത്താനും ഈ നീക്കം സഹായിക്കുമെന്നാണ് വിപണിയിലുള്ളവര്‍ പറയുന്നത്. കമ്പനികളെ സംബന്ധിച്ചും അവരുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്താനും സുസ്ഥിരമായി തുടരാനും ഇത് പ്രേരിപ്പിക്കും.
90% പരിധിക്ക് പിന്നാലെ
എസ്.എം.ഇ ഐ.പി.ഒകളുടെ ലിസ്റ്റിംഗ് ദിവസത്തെ വിലയില്‍ 90 ശതമാനം പരിധി ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ നീക്കം. അടുത്തിടെ ലിസ്റ്റ് ചെയ്ത പല ഓഹരികളും ഐ.പി.ഒ വിലയേക്കാള്‍ 100 ശതമാനത്തിലധികം ലിസ്റ്റ് ചെയ്ത സാഹചര്യത്തിലായിരുന്നു പരിധി ഏര്‍പ്പെടുത്തിയത്.
ഉയര്‍ന്ന ലിസ്റ്റിംഗ് നേട്ടത്തിലാകൃഷ്ടരായി നിരവധി നിക്ഷേപകര്‍ എസ്.എം.ഇ ഐ.പി.ഒകളില്‍ നിക്ഷേപിക്കുന്നുണ്ട്. അടുത്ത കാലത്ത് നടന്ന ഒന്ന് രണ്ട് എസ്.എം.ഇ ഐ.പി.ഒകള്‍ ആയിരം മടങ്ങ് വരെയൊക്കെയാണ് സബ്‌സ്‌ക്രിപ്ഷന്‍ നേടിയത്. നിരവധി എസ്.എം.ഇ ഐ.പി.ഒകള്‍ 300 ഉം 400ഉം മടങ്ങ് സബ്‌സ്‌ക്രിപ്ഷനും നേടുന്നുണ്ട്.
ഈ വിഭാഗത്തില്‍ കൃത്രിമത്തിനും വിലപെരുപ്പിക്കലിനും ഇത് സാഹചര്യം സൃഷ്ടിക്കുന്നുണ്ടോ എന്ന ആശങ്ക ഉയരുന്നുണ്ട്. സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചും ഇതേകുറിച്ച് ആശങ്ക പ്രകടപ്പിച്ചിരുന്നു. ഇതാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ പ്രേരിപ്പിക്കുന്നത്.
ചെറുകിട ഇടത്തരം വിഭാഗത്തില്‍ വരുന്ന കമ്പനികള്‍ക്ക് പക്ഷെ ഈ തീരുമാനം തിരിച്ചിടിയാണ്. 2023 കലണ്ടര്‍ വര്‍ഷത്തില്‍ 182 കമ്പനികള്‍ ചേര്‍ന്ന് 4,686.11 കോടി രൂപയാണ് പ്രാരംഭ ഓഹരി വില്‍പ്പന വഴി സമാഹരിച്ചത്. ഈ വര്‍ഷം എട്ടു മാസം പിന്നിടുമ്പോള്‍ 144 എസ്.എം.ഇ ഐ.പി.ഒകള്‍ വഴി 4,800 കോടി രൂപ സമാഹരിച്ചു. ഇനിയും നിരവധി കമ്പനികളാണ് ഐ.പി.ഒയുമായി ഈ വര്‍ഷം എത്താന്‍ അനുമതി തേടി കാത്തിരിക്കുന്നത്.