വീണ്ടുമൊരു പൊതുമേഖല ഓഹരി കൂടി ഐ.പി.ഒയ്ക്ക്, സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് ₹10,000 കോടി

എല്‍.ഐ.സിക്ക് ശേഷം നടക്കുന്ന ഏറ്റവും വലിയ പൊതുമേഖലാ ഐ.പി.ഒ ആയിരിക്കുമിത്; അണിയറയില്‍ ഒരുങ്ങി മറ്റ് വമ്പന്‍മാരും

Update:2024-09-19 16:38 IST

ഊര്‍ജ ഉത്പാദന കമ്പനിയായ എന്‍.ടി.പി.സിയുടെ ഉപകമ്പനിയായ എന്‍.ടി.പി.സി ഗ്രീന്‍ എനര്‍ജി പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐ.പി.ഒ) ഒരുങ്ങുന്നു. 10,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന ഐ.പി.ഒയ്ക്കായി സെബിക്ക് അപേക്ഷ (DRHP) സമര്‍പ്പിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐ.പി.ഒ ആയിരിക്കുമിത്.

പുതിയ ഓഹരികള്‍ മാത്രമായിരിക്കും ഐ.പി.ഒയില്‍ ഉണ്ടാവുക. ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രമോട്ടര്‍മാര്‍ ഓഹരികള്‍ വില്‍ക്കുന്നില്ല. എന്‍.ടി.പി.സി ഗ്രീന്‍ എനര്‍ജിയുടെ കീഴിലുള്ള എന്‍.ടി.പി.സി റിന്യൂവബ്ള്‍ എനര്‍ജിയുടെ കടം വീട്ടാനായിരിക്കും ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക പ്രധാനമായും വിനിയോഗിക്കുക.
പബ്ലിക് ഇഷ്യുവിന്റെ 10 ശതമാനം നിലവിലുള്ള ഓഹരികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. സെബിക്ക് ഡി.ആര്‍.എച്ച്.പി സമര്‍പ്പിച്ച ദിവസം ഓഹരികള്‍ കൈവശമുള്ള നിക്ഷേപകര്‍ക്ക് ഈ ഓഹരികള്‍ക്കായി അപേക്ഷിക്കാം. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ഐ.പി.ഒ നടക്കുക എന്നാണ് സൂചന. 2022ല്‍ എല്‍.ഐ.സി നടത്തിയ 21,000 കോടിയുടെ ഐ.പി.ഒയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഐ.പി.ഒ ആയിരിക്കുമിത്.
ലിസ്റ്റിംഗ് വഴി സബ്‌സിഡിയറി കമ്പനികളുടെ മൂല്യം ഉയര്‍ത്തുന്നത് എന്‍.ടി.പി.സിക്ക് ഗുണമാണ്. ഉപകമ്പനി ഐ.പി.ഒയ്ക്ക് അപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെ എന്‍.ടി.പി.സി ഓഹരികളിന്ന് നാല് ശതമാനം ഉയര്‍ന്നു. മഹാരത്‌ന പദവിയുള്ള എന്‍.ടി.പി.സി ഗ്രീന്‍ എനര്‍ജിയ്ക്ക് ആറ് സംസ്ഥാനങ്ങളില്‍ വിന്‍ഡ്, സോളാര്‍ ആസ്തികളുണ്ട്.
വരാനിരിക്കുന്നു വമ്പന്‍ ഐ.പി.ഒകള്‍
വമ്പന്‍ ഐ.പി.ഒകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സോഫ്റ്റ് ബാങ്കിന്റെ പിന്തുണയുള്ള ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ കമ്പനിയായ സ്വിഗ്ഗി, എല്‍.ജി ഇലക്ട്രോണിക്‌സിന്റെ ഇന്ത്യന്‍ വിഭാഗം, ഹ്യുണ്ടായി മോട്ടോര്‍ കമ്പനി എന്നിവയാണ് 10,000 കോടിയിലധികം രൂപയിലധികം സമാഹരിക്കാന്‍ ലക്ഷ്യമിട്ട് അണിയറയില്‍ നീക്കം നടത്തുന്നത്. അടുത്ത കാലത്ത് ഇറങ്ങിയ ഐ.പി.ഒകള്‍ക്ക് ലഭിച്ച മികച്ച പ്രതികരണമാണ് കൂടുതല്‍ കമ്പനികളെ ഓഹരി വിപണിയിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിക്കുന്നത്.

ഈ വര്‍ഷം ഇതുവരെ 235 കമ്പനികളാണ് ഐ.പി.ഒയുമായി എത്തിയത്. 860 കോടി ഡോളര്‍ (ഏകദേശം 72,000 കോടി രൂപ) ആണ് ഈ കമ്പനികളെല്ലാം ചേര്‍ന്ന് പ്രാഥമിക വിപണിയില്‍ നിന്നും സമാഹരിച്ചത്. കഴിഞ്ഞ വര്‍ഷം മൊത്തം സമാഹരിച്ചതിനേക്കാള്‍ കൂടുതലാണിത്.

Tags:    

Similar News