ഓണത്തിന് നിക്ഷേപിക്കാന്‍ പൊറിഞ്ചു വെളിയത്ത് നിര്‍ദേശിക്കുന്ന 3 ഓഹരികള്‍ ഇതാ
ധനം വായനക്കാര്‍ക്കായി ഈ ഓണക്കാലത്തും രാജ്യത്തെ പ്രമുഖ വാല്യു ഇന്‍വെസ്റ്ററും പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സ്ഥാപനമായ ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനുമായ പൊറിഞ്ചു വെളിയത്ത് മൂന്ന് ഓഹരികളുടെ പോര്‍ട്ട്ഫോളിയോ നിര്‍ദേശിക്കുന്നു
കലുഷിതമായ ലോക സാമ്പത്തിക രംഗത്ത് ഇന്ത്യ പ്രതീക്ഷയുടെ ദീപസ്തംഭമായി തന്നെ തുടരുകയാണ്. ആഭ്യന്തര നിക്ഷേപകരുടെ ശക്തമായ പിന്തുണയില്‍ നമ്മുടെ ഓഹരി വിപണി കരുത്തോടെ മുന്നേറുന്നുണ്ട്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴി ഓഹരി വിപണിയിലേക്കുള്ള പ്രതിമാസ പണമൊഴുക്ക് ഇപ്പോള്‍ 23,000 കോടി കവിഞ്ഞിരിക്കുന്നു. നിക്ഷേപം എന്നാല്‍ ബാങ്ക് സ്ഥിര നിക്ഷേപം എന്ന പതിവ് ശൈലിയില്‍ നിന്ന് മാറി രാജ്യമെമ്പാടുമുള്ള നിക്ഷേപകര്‍ ഓഹരി നിക്ഷേപത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. ഈ പ്രവണത ബാങ്കുകള്‍ക്ക് മതിയായ നിക്ഷേപം സമാഹരിക്കുന്നതിന് വിഘാതമാകുമെന്ന് റിസര്‍വ് ബാങ്ക് ആശങ്കപ്പെടുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങളെത്തിയിട്ടുണ്ട്. ഓഗസ്റ്റ് മാസത്തില്‍ നിഫ്റ്റി 25,000 പോയിന്റ് മറികടന്നു. ലോകമെമ്പാടുമുള്ള വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ മൂലധന വിപണി മികച്ച പ്രകടനം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
ഐക്കിയോ ലൈറ്റിംഗ് (IKIO Lighting) @ ₹285
ഇക്വിനോക്സ് ഇന്ത്യ ഡെവലപ്‌മെന്റ്‌സ് (Equinox India Developments) @ ₹138
റെസ്റ്റൊറന്റ് ബ്രാന്‍ഡ്സ് ഏഷ്യ ലിമിറ്റഡ് (Restaurant Brands Asia Ltd) @ ₹109
റെസ്റ്റൊറന്റ് ബ്രാന്‍ഡ്സ് ഏഷ്യ ലിമിറ്റഡ് (മുമ്പത്തെ ബര്‍ഗര്‍ കിംഗ് ഇന്ത്യ), അമേരിക്കന്‍ ബഹുരാഷ്ട്ര ബര്‍ഗര്‍ ശൃംഖലയായ ബര്‍ഗര്‍ കിംഗിന്റെ ഇന്ത്യയിലെ ഏക ദേശീയ ഫ്രാഞ്ചൈസിയാണ്. മാത്രമല്ല രാജ്യത്ത് അതിവേഗം വളരുന്ന ക്യുഎസ്ആര്‍ (Quick Service Restaurants) ശൃംഖലയുമാണ്. ഇതിന് പുറമേ ഇന്തോനേഷ്യയിലെ ബര്‍ഗര്‍ കിംഗ്, Popeyes ബ്രാന്‍ഡുകളുടെ ഫ്രാഞ്ചൈസിയും ഇവര്‍ ക്കാണുള്ളത്. ബര്‍ഗര്‍ കിംഗുമായുള്ള മാസ്റ്റര്‍ ഫ്രാഞ്ചൈസി കരാര്‍ പ്രകാരം 2027 സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 700 സ്റ്റോറുകള്‍ ഇവര്‍ തുറന്നിരിക്കണം. നിലവില്‍ ഇന്ത്യയില്‍ 456 സ്റ്റോറുകളും ഇന്തോനേഷ്യയില്‍ രണ്ടു ബ്രാന്‍ഡുകളും ചേര്‍ത്ത് 174 സ്റ്റോറുകളുമാണ് ഉള്ളത്. പുതിയ സ്റ്റോറുകള്‍ തുറക്കുമ്പോള്‍ ഉയര്‍ന്ന ഫിക്‌സ്ഡ് കോസ്റ്റ് വരുന്നത് സ്വാഭാവികമാണ്. ജീവനക്കാര്‍, സവിശേഷമായ മെഷിനറികള്‍ എന്നിവയ്‌ക്കെല്ലാം നിക്ഷേപം വേണ്ടി വരുന്നത് കൊണ്ടാണിത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന നഷ്ടങ്ങള്‍ക്കുകാരണം ഇതാണ്. എന്നാല്‍ ആദ്യമാദ്യം തുറന്ന സ്റ്റോറുകള്‍ പ്രവര്‍ത്തനം സ്ഥിരതയാര്‍ജിച്ച് വില്‍പ്പന കൂടുന്ന മുറയ്ക്ക് കമ്പനി ലാഭത്തിലേക്ക് എത്തും. കമ്പനിയുടെ ഗ്രോസ്, ഓപ്പറേറ്റിംഗ് മാര്‍ജിന്‍സ് കണക്കിലെടുത്താല്‍ ഭാവിയില്‍ നല്ല ലാഭസാധ്യതയുള്ള ഈ കമ്പനി ഇപ്പോള്‍ ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമാണ്.
(ധനം മാഗസീന്‍ സെപ്റ്റംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്. )