ഒയോയുടെ നഷ്ടം 414 കോടി, ഐപിഒ 2023 ആദ്യം

ഏപ്രില്‍- ജൂണ്‍ കാലയളവില്‍ 1,459 കോടി രൂപയുടെ വരുമാനം ആണ് കമ്പനി നേടിയത്

Update:2022-09-20 12:15 IST

ഹോട്ടല്‍ സേവനങ്ങള്‍ നല്‍കുന്ന ഓയോ (OYO) നടപ്പ് സാമ്പത്തിക വര്‍ഷം ( 2022-23) ആദ്യ പാദത്തില്‍ 414 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സെബിക്ക് സമര്‍പ്പിച്ച ഐപിഒ അപേക്ഷയുമായി (DRHP) ബന്ധപ്പെട്ട് നല്‍കിയ അനുബന്ധ രേഖയിലാണ് ഒന്നാം പാദഫലം ഉള്‍പ്പെടുത്തിയത്. 2022-23ലെ ഏപ്രില്‍- ജൂണ്‍ കാലയളവില്‍ 1,459 കോടി രൂപയുടെ വരുമാനം ആണ് കമ്പനി നേടിയത്.

കമ്പനിയുടെ ചെലവ് ഇക്കാലയളവില്‍ 1910 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി പ്രവര്‍ത്തന നഷ്ടം 4,103 കോടിയില്‍ നിന്ന് 2,140 കോടിയായി ഒയോ കുറച്ചിരുന്നു. 2021-22ല്‍ 4,781.4 കോടി രൂപയായിരുന്നു ഒയോയുടെ ആകെ വരുമാനം. കോവിഡ് ലോക്ക്ഡൗണുകള്‍ അവസാനിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനം 20 ശതമാനം ആണ് ഉയര്‍ന്നത്.

ഒയോ സ്ഥാപകനും സിഇഒയുമാ റിതേഷ് അഗര്‍വാളിന്റെ പ്രതിഫലവും കഴിഞ്ഞ വര്‍ഷം 250 ശതമാനം ഉയര്‍ത്തി. 2021-22 കാലയളവില്‍ 5.6 കോടി രൂപയായിരുന്നു റിതേഷിന്റെ പ്രതിഫലം. മുന്‍വര്‍ഷം ഇത് 1.6 കോടി ആയിരുന്നു. വിപണി സാഹചര്യങ്ങള്‍ അനുകൂലമായാല്‍ 2023 ആദ്യം കമ്പനി പ്രാരംഭ ഓഹരി വില്‍പ്പന (IPO) നടത്തും.

Tags:    

Similar News