സ്വന്തം ക്രിപ്‌റ്റോയുമായി പേപാല്‍ എത്തും

സ്‌റ്റേബിള്‍ കോയിനുകളാണ് പേപാല്‍ അതരിപ്പിക്കുന്നത്

Update:2022-01-11 11:57 IST

പ്രമുഖ ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനമായ പേപാല്‍ സ്വന്തം ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിക്കുന്നു. സ്‌റ്റേബിള്‍ കോയിനാവും പേപാല്‍ പുറത്തിറക്കുക. ക്രിപ്‌റ്റോയ്ക്ക് തുല്യമായി സാധാരണ കറന്‍സികളിലോ സ്വര്‍ണം, വെള്ളി പോലുള്ള ആസ്തികളിലോ റിസര്‍വ് സൂക്ഷിക്കുന്ന ക്രിപ്‌റ്റോ കറന്‍സികളാണ് സ്‌റ്റേബിള്‍ കോയിനുകള്‍. നിത്യജീവിതത്തിലെ ഇടപാടുകള്‍ക്ക് ഏറ്റവും അനുയോജ്യമെന്ന് വിലയിരുത്തപ്പെടുന്നവയാണ് സ്റ്റേബിള്‍ കോയിനുകള്‍.

ഡെവലപ്പര്‍ സ്റ്റീവ് മോസെര്‍ ആണ് ഇതു സംബന്ധിച്ച വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്. കമ്പനിയുടെ ഐഒഎസ് ആപ്ലിക്കേഷനില്‍ പേപാല്‍ കോയിന്‍ എന്ന പേര് സ്റ്റീവ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പേപാല്‍ ക്രിപ്‌റ്റോ ആന്‍ഡ് ഡിജിറ്റല്‍ കറന്‍സി വൈസ് പ്രസിഡന്റ് വാര്‍ത്ത സ്ഥിരീകരിച്ചു. ഉപഭോക്താക്കള്‍ക്ക് ക്രിപ്‌റ്റോ സേവനങ്ങള്‍ നല്‍കുന്ന മുഖ്യധാര സ്ഥാപനങ്ങളില്‍ ഒന്നാണ് പേപാല്‍. നിലവില്‍ പേപാലിലൂടെ ബിറ്റ്‌കോയിന്‍, ഈഥര്‍, ലിറ്റ്‌കോയിന്‍, ബിറ്റ്‌കോയിന്‍ ക്യാഷ് തുടങ്ങിയ ക്രിപ്‌റ്റോകള്‍ വാങ്ങാവുന്നതാണ്.
ഇന്ത്യയില്‍ യുപിഐ സേവനങ്ങള്‍ നല്‍കിയിരുന്ന പേപാല്‍ കഴിഞ്ഞ ഏപ്രിലില്‍ രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. അതേ സമയം വിനോദ സഞ്ചാരികള്‍ക്കും മറ്റ് അന്താരാഷ്ട്ര യാത്രക്കാര്‍ക്കും ഇന്ത്യയില്‍ പേപാല്‍ ഉപയോഗിക്കാം. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേപാലിന് ആഗോളതലത്തില്‍ 403 ദശലക്ഷത്തിലധികം സജീവ അക്കൗണ്ടുകളാണ് ഉള്ളത്.


Tags:    

Similar News