വിദേശികള്‍ ഓഹരികള്‍ വിറ്റഴിക്കുന്നു, പേടിഎം എക്കാലത്തെയും താഴ്ന്ന നിലയില്‍

വ്യക്തിഗത ഓഹരി പങ്കാളിത്തം 16.98 ശതമാനമായി ഉയര്‍ന്നു

Update:2022-05-12 16:19 IST

വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ച് പിന്മാറാന്‍ തുടങ്ങിയതോടെ ഡിജിറ്റല്‍ പേയ്മെന്റ് ഭീമനായ പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരികള്‍ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇന്ന് (12-05-2022) മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരികള്‍ 512 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

ഒരു മാസത്തിനിടെ 25 ശതമാനത്തിന്റെ ഇടിവാണ് ഈ ഓഹരിയിലുണ്ടായത്. സമീപകാലത്തെ തിരുത്തലോടെ ഇഷ്യൂ വിലയായ 2,150 രൂപയില്‍ നിന്ന് 76 ശതമാനം നഷ്ടമാണ് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരിയിലുണ്ടായത്. ഇഷ്യു വിലയില്‍നിന്ന് 9 ശതമാനം നഷ്ടത്തോടെ 1929 രൂപയ്ക്കായിരുന്നു കമ്പനി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഓഹരി വില താഴ്ന്നതോടെ ഒന്നാം ദിനം നിക്ഷേപകര്‍ക്ക് 20 ശതമാനം നഷ്ടമുണ്ടായി.
കണക്കുകള്‍ പ്രകാരം, 2021 ഡിസംബര്‍ പാദത്തിന്റെ അവസാനത്തില്‍ വിദേശ നിക്ഷേപകര്‍ക്ക് പേടിഎമ്മില്‍ 9.36 ശതമാനം ഓഹരികളാണുണ്ടായിരുന്നത്. ലിസ്റ്റിംഗ് സമയത്ത് 10.37 ശതമാനമായിരുന്നു വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം. എന്നിരുന്നാലും, കമ്പനിയിലെ വ്യക്തിഗത ഓഹരി പങ്കാളിത്തം മുന്‍ പാദത്തിലെ 12.75 ശതമാനത്തില്‍ നിന്ന് മാര്‍ച്ച് പാദത്തില്‍ 4.23 ശതമാനം വര്‍ധിച്ച് 16.98 ശതമാനമായി.



Tags:    

Similar News