പേടിഎം ഓഹരികള്‍ റെക്കോര്‍ഡ് താഴ്ചയിലേക്ക്; വാങ്ങണോ,വില്‍ക്കണോ?
ലിസ്റ്റിംഗ് വിലയേക്കാള്‍ ആയിരം രൂപയിലേറെ താഴെയാണ് ട്രേഡിംഗ് തുടരുന്നത്.
പേടിഎം (Paytm) ഓഹരികള്‍ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 809 രൂപയിലേക്ക്. NSE യില്‍ ഷെയറൊന്നിന് 1,950 എന്ന നിരക്കില്‍ ലിസ്റ്റുചെയ്ത സ്റ്റോക്ക് 48.17% ഇടിവിലാണ് ഇപ്പോള്‍ തുടരുന്നത്. IPO ഇഷ്യൂ വില 2,150 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 9% കിഴിവിലാണ് ഓഹരികള്‍ വിപണിയിലെത്തിയത്. എന്നാല്‍ ഇപ്പോള്‍ എക്കാലത്തെയും ഇടിവായ 900 രൂപയില്‍ നിന്നും താഴേക്കെത്തിയിരിക്കുകയാണ്.
വിജയ് ശേഖര്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള കമ്പനിയുടെ ആന്തരിക ബിസിനസ് മൂല്യം ഏകദേശം 94,000 കോടി രൂപയാകുമെന്ന് ഐ സി ഐ സി ഐ സെക്യൂരിറ്റീസ് (ICICI Securities) പ്രവചിക്കുന്നു. അതായത്, പ്രതിമാസ ഇടപാട് നടത്തുന്ന ഓരോ ഉപയോക്താവില്‍ നിന്നും 2,000 രൂപയും ഒരു വ്യാപാരിയില്‍ നിന്നും 29,600 രൂപ വീതവുമാണ് സമീപ ഭാവിയില്‍ പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം അതേസമയം സാമ്പത്തിക സേവന വിഭാഗത്തിന്റെ വരുമാനം 57% ആയി വളരുമെന്നുമാണ് ഇവരുടെ അനുമാനം.
പേടിഎമ്മിന്റെ മെര്‍ക്കന്റൈസ് മൊത്ത വ്യാപാര മൂല്യം (Paytm's merchant gross merchandise value) 36%-ല്‍ കൂടുതല്‍ വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നും ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു.
കമ്പനിയുടെ ക്ലൗഡ് ബിസിനസും ഇ-കൊമേഴ്സ് ഓഫറുകളും FY26 എത്തുന്നതോടെ 30% CAGR-ല്‍ വളരും. ഇതൊക്കെ മുന്നില്‍ കണ്ടാല്‍ പേടിഎം ഓഹരികള്‍ 66 ശതമാനം ഉയര്‍ന്നേക്കാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് അനുമാനിക്കുന്നത്. അതിനാല്‍ തന്നെ 'Buy ടാഗ്' ആണ് ഈ ഓഹരിക്ക് ഇവര്‍ നല്‍കിയിട്ടുള്ളത്. നിലവില്‍ ഓഹരി കൈവശം വച്ചിട്ടുള്ളവര്‍ ദീര്‍ഘകാല നിക്ഷേപമാണെങ്കില്‍ തുടരാനാകുന്നതാണെന്നും ഇവര്‍ പറയുന്നു.
(ഇത് ധനത്തിന്റെ സ്‌റ്റോക്ക് റെക്കമെന്റേഷന്‍ അല്ല,ഐസിഐസിഐ സെക്യൂരിറ്റീസ് ഫോര്‍കാസ്റ്റ് റിപ്പോര്‍ട്ടാണ്)