പൊറിഞ്ചു വെളിയത്ത് ഈ മള്‍ട്ടി ബാഗര്‍ കേരള കമ്പനിയില്‍ വീണ്ടും ഓഹരി പങ്കാളിത്തമുയര്‍ത്തുന്നു

കഴിഞ്ഞ മൂന്ന് മാസത്തില്‍ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത് 108 ശതമാനത്തിലധികം നേട്ടം

Update: 2023-11-25 06:14 GMT

Image : equityintelligence.com/Porinju Veliyath

പ്രമുഖ നിക്ഷേപകനും പോര്‍ട്ട്‌ഫോളിയോ മാനേജറുമായ പൊറിഞ്ചു വെളിയത്ത് കേരളത്തിലെ പ്രമുഖ ആയുര്‍വേദ ഉത്പന്ന നിര്‍മാണക്കമ്പനിയായ കേരള ആയുര്‍വേദയിലെ (Kerala Ayurveda Ltd) ഓഹരി പങ്കാളിത്തം വീണ്ടുമുയര്‍ത്തുന്നു. തെരഞ്ഞെടുക്കപ്പെട്ട  നിക്ഷേപകര്‍ക്ക് ഓഹരികള്‍ നല്‍കി പണം സമാഹരിക്കുന്ന പ്രിഫറന്‍ഷ്യല്‍ ഇഷ്യു (Preferential Issue) വഴിയാണ് രണ്ട് കോടി രൂപ നിക്ഷേപിച്ച്‌ പുതുതായി 87,000 ഓഹരികള്‍ സ്വന്തമാക്കുന്നത്. ഇതോടെ കേരള ആയുര്‍വേദയിലെ പൊറിഞ്ചു വെളിയത്തിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 4.82 ശതമാനത്തില്‍ നിന്ന് 5.17 ശതമാനമായി ഉയരും. ഡിസംബര്‍ 20ന് നടക്കുന്ന ഓഹരിയുടമകളുടെ യോഗത്തിനു ശേഷമായിരിക്കും ഓഹരി ഇഷ്യു അനുവദിക്കുക.

സ്‌മോള്‍ ക്യാപ് ഓഹരികളില്‍ ശ്രദ്ധപതിപ്പിച്ചിട്ടുള്ള പൊറിഞ്ചു വെളിയത്ത് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഈ മള്‍ട്ടിബാഗര്‍ ഓഹരിയില്‍ പങ്കാളിത്തമുയര്‍ത്തുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലിന് ഓഹരി പങ്കാളിത്തം 3.18 ശതമാനത്തില്‍ നിന്ന് 4.16 ശതമാനമാക്കിയിരുന്നു. അന്ന് 151.87 രൂപ നിരക്കില്‍ 1,03,231 പുതിയ ഓഹരികളാണ് പൊറിഞ്ചു വെളിയത്ത് സ്വന്തമാക്കിയത്. നിലവില്‍ 13 കോടി രൂപയാണ് പൊറിഞ്ചു വെളിയത്തിന് കേരള ആയുര്‍വേദയിലുള്ള ഓഹരികളുടെ വിപണി മൂല്യം.

21.83 കോടി സമാഹരിക്കും

വിവിധ നിക്ഷേപകര്‍ക്കായി 9.49 ലക്ഷം ഓഹരികള്‍ അനുവദിച്ചുകൊണ്ട് 21.83 കോടി രൂപയാണ് കേരള ആയുര്‍വേദ സമാഹരിക്കുന്നത്. 10 രൂപ മുഖ വിലയുള്ള ഓഹരികള്‍ 220 രൂപ പ്രീമിയത്തില്‍ 230 രൂപയ്ക്കാണ് വില്‍പ്പന നടത്തുക. പ്രിഫറന്‍ഷ്യല്‍ അലോട്ട്‌മെന്റിനായി കണ്ടെത്തിയിട്ടുള്ള 11 നിക്ഷേപകരുടെ വിവരങ്ങള്‍ കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാ
ക്കുന്നതിനുള്ള ചെലവുകൾക്ക് വേണ്ടിയാകും പ്രിഫറന്‍ഷ്യല്‍ ഇഷ്യു വഴി സമാഹരിക്കുന്ന തുക വിനിയോഗിക്കുക.

നേട്ടം തുടര്‍ന്ന് ഓഹരി

ഇന്നലെ ഓഹരി വിപണിയില്‍ വ്യാപാരം അവസാനിച്ചതിനു ശേഷമാണ് കമ്പനി പ്രിഫറന്‍ഷ്യല്‍ അലോട്ട്‌മെന്റിനെ കുറിച്ച് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത്. ഇന്നലെ 2 ശതമാനം ഉയര്‍ന്ന് 242.40 രൂപയിലാണ് കേരള ആയുര്‍വേദ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 186 ശതമാനത്തിലധികവും മൂന്നു മാസത്തില്‍ 108 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയാണ് കേരള ആയുര്‍വേദ.
1945ല്‍ കേരള ഫാര്‍മസി എന്ന പേരില്‍ ആലുവയില്‍ സ്ഥാപിതമായ കമ്പനിയാണ് പിന്നീട് കേരള ആയുര്‍വേദയായി മാറിയത്. നിലവില്‍ ആയുര്‍വേദ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന കമ്പനിക്ക് കീഴില്‍ റിസോര്‍ട്ടുകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, അക്കാഡമികള്‍ തുടങ്ങിയവയുണ്ട്.
2022-23ല്‍ 93.70 കോടി രൂപയുടെ സംയോജിത വരുമാനവും 3.07 കോടി രൂപയുടെ സംയോജിത ലാഭവും കേരള ആയുര്‍വേദ നേടിയിരുന്നു. നിലവിലെ ഓഹരി വിലയനുസരിച്ച് 255 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
Tags:    

Similar News