പ്രിയങ്ക ഗാന്ധിയുടെ രണ്ടേകാല്‍ കോടി ഈ മ്യൂച്വല്‍ ഫണ്ടില്‍; റോബര്‍ട്ട് വാദ്രയ്ക്ക് 18 ഓഹരികളില്‍ നിക്ഷേപം

88 കോടി രൂപയാണ് പ്രിയങ്ക ഗാന്ധിയുടെ മൊത്തം ആസ്തി

Update:2024-10-24 15:31 IST

കോണ്‍ഗ്രസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട് ലോക്‌സഭാ സീറ്റിലേക്ക് മത്സരിക്കാനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതോടെ ശ്രദ്ധ നേടുകയാണ് ഒരു മ്യൂച്വല്‍ഫണ്ട്. ഫ്രാങ്ക്‌ലിന്‍ ഇന്ത്യ ഫ്‌ളെക്‌സി ക്യാപ് ഫണ്ട്-ഗ്രോത്ത് എന്ന ഒറ്റ ഫണ്ടില്‍ 2.24 കോടി രൂപയാണ് പ്രിയങ്ക ഗാന്ധി നിക്ഷേപിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് ഈ ഫണ്ടിന്റെ 13,200 യൂണിറ്റുകളാണ് പ്രിയങ്കയുടെ കൈവശമുള്ളത്. ആറ് മാസക്കാലയളവില്‍ 13.73 ശതമാനവും ഒരു വര്‍ഷക്കാലയളവില്‍ 39.74 ശതമാനവും മൂന്ന് വര്‍ഷക്കാലയളവില്‍ 17.73 ശതമാനവുമാണ് ഫണ്ടിന്റെ നേട്ടം. കാറ്റഗറി ശരാശരിക്കൊപ്പമോ അതിനു മുകളിലോ ആണ് വിവിധ കാലാവധികളില്‍ ഫണ്ടിന്റെ നേട്ടം.
നിക്ഷേപത്തിന്റെ 95.93 ശതമാനവും ഇക്വിറ്റിയില്‍ നിക്ഷേപിക്കുന്ന ഫണ്ടാണിത്. 0.14 ശതമാനം ഡെറ്റിലും 3.93 ശതമാനം മറ്റ് ആസ്തികളിലും നിക്ഷേപിക്കുന്നു. ഫിനാന്‍ഷ്യല്‍, ടെക്‌നോളജി, എനര്‍ജി, സര്‍വീസസ്, കമ്മ്യൂണിക്കേഷന്‍സ് മേഖലകളാണ് ഫണ്ട് നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നത്. മൊത്തം നിക്ഷേപത്തിന്റെ 53 ശതമാനവും ഭീമന്‍ കമ്പനികളുടെ ഓഹരികളിലും 21.33 ശതമാനം ലാര്‍ജ് ക്യാപ് കമ്പനികളിലും 21.67 ശതമാനം സ്‌മോള്‍ ക്യാപ് കമ്പനികളിലും 0.01 ശതമാനം തീരെ ചെറിയ കമ്പനികളിലും നിക്ഷേപിക്കുന്നു.
ഫണ്ടിലെ മിനിമം നിക്ഷേപം 5,000 രൂപയാണ്. തുടര്‍ന്ന് 1,000ന്റെ ഗുണിതങ്ങളായി
 നിക്ഷേപിക്കാം. എസ്.ഐ.പി വഴി നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 500 രൂപയാണ്. 18,251.58 കോടി രൂപയാണ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി.

പ്രിയങ്കയുടെയും റോബര്‍ട്ട് വാദ്രയുടെയും ആസ്തിയും നിക്ഷേപങ്ങളും 

പ്രിയങ്ക ഗാന്ധിക്കും ബിസിനസുകാരനായ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്കും ചേർന്ന് മൊത്തം 88 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. ഇതില്‍ 4.24 കോടിയുടെ സ്ഥാവര ആസ്തികളാണ്.
പ്രിയങ്കയ്ക്ക് സ്വന്തമായി 12 കോടി രൂപയുടെ ആസ്തിയുണ്ട്. ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ 5.63 കോടി രൂപ വില വരുന്ന 12,000 ചതുരശ്ര അടി വലിപ്പമുള്ള വീടും സ്വന്തമായുണ്ട്. 
കൂടാതെ സഹോദരന്‍ രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സംയുക്തമായി 5 കോടി വരുന്ന കാര്‍ഷിക ഭൂമിയും ഡല്‍ഹിയിലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തിലുണ്ട്.  
റോബര്‍ട്ട് വദ്ര സമ്മാനിച്ച എട്ട് ലക്ഷം രൂപ വിലയുള്ള ഹോണ്ട സി.ആര്‍.വി കാറാണ് പ്രിയങ്കയ്ക്ക് ആകെയുള്ളത്. അതേസമയം, മിനി കൂപ്പര്‍ ഉള്‍പ്പെടെ മൂന്ന് കാറുകളാണ് വാദ്രയുടെ ഗ്യാരേജിലുള്ളത്‌.
മ്യൂച്വല്‍ഫണ്ട് കൂടാതെ 17.38 ലക്ഷം രൂപ പ്രിയങ്കയുടെ  പി.പി.എഫ് അക്കൗണ്ടിലുണ്ട്. ഒപ്പം 16 കോടി മൂല്യമുള്ള സ്വര്‍ണവും 29 ലക്ഷം രൂപ മൂല്യം വരുന്ന വെള്ളിയും കൈവശമുണ്ട്. 
ബാങ്ക് അക്കൗണ്ടുകളില്‍ ആകെ  3.6 ലക്ഷം രൂപയുമുണ്ട്. പ്രിയങ്കയ്ക്ക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ മാത്രമാണ് നിക്ഷേപം. അതേസമയം, റോബര്‍ട്ട് വാദ്രയ്ക്ക് സേവിംഗ്‌സ്, കറന്റ് , ഫിക്‌സഡ് ഡെപ്പോസിറ്റ് എന്നിവയിലായി 37.61 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്.

പ്രിയങ്കയ്ക്ക് ഓഹരികളില്‍ നിക്ഷേപമില്ല. എന്നാൽ റോബര്‍ട്ട് വാദ്ര 18 ഓഹരികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഉഷ മാര്‍ട്ടിന്‍, ഇന്‍ഫോസിസ്, നിധി ലിമിറ്റഡ്, ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍, നാഷണല്‍ അലൂമിനിയം, എന്‍.എം.ഡി.സി, സ്‌റ്റെര്‍ലിംഗ് ആന്‍ഡ് വില്‍സണ്‍, ടാറ്റ പവര്‍, എം.ഇ.പി ഇന്‍ഫ്രാസ്ട്രക്ചര്‍, സ്‌പൈസ്‌ജെറ്റ്, ലെമണ്‍ ട്രീ, ഫോര്‍ട്ടീസ് ഹെല്‍ത്ത്‌കെയര്‍, റെയില്‍ വികാസ് നിഗം, പി.സി ജുവലര്‍, റൈറ്റ്‌സ്, ഫിനോലക്‌സ്, റെയില്‍ടെല്‍ കോര്‍പ്പറേഷന്‍, ടി 18 ബ്രോഡ് കാസ്റ്റ് എന്നീ ഓഹരികളിലായി 1.03 കോടി രൂപയുടെ നിക്ഷേപമാണുള്ളത്.

ഇതുകൂടാതെ ആക്‌സിസ് ഗ്രോത്ത് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്, ആക്‌സിസ് ബ്ലൂചിപ് ഫണ്ട്, എച്ച്.ഡി.എഫ്.സി സ്‌മോള്‍ ക്യാപ് ഫണ്ട്, ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍ ഇന്ത്യ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് എന്നിവയില്‍ 32.79 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2023-24) 46.39 ലക്ഷം, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 47.21 ലക്ഷം, 2021-22ല്‍ 19.89 ലക്ഷം, 201-20ല്‍ 69.31 ലക്ഷം എന്നിങ്ങനെയാണ് പ്രിയങ്കയുടെ വരുമാനം. അതേസമയം, ഭര്‍ത്താവ് റൊബര്‍ട്ട് വാദ്ര 2023-24ല്‍ 15.09 ലക്ഷം, 2022-23ല്‍ 9.35 ലക്ഷം, 2020-21ല്‍ 11.38 ലക്ഷം, 2019-20ല്‍ 55.58ലക്ഷം എന്നിങ്ങനെ വരുമാനം നേടിയതായാണ് ടാക്‌സ് റിട്ടേണ്‍ കണക്കുകള്‍ കാണിക്കുന്നത്.

രാഹുല്‍ ഗാന്ധിക്ക് നിക്ഷേപം ഏഴ് മ്യൂച്വല്‍ഫണ്ടുകളില്‍ 

പ്രിയങ്കയുടെ സഹോദരന്‍ രാഹുല്‍ ഗാന്ധി ഏഴ് മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. എച്ച്.ഡി.എഫ്.സി സ്‌മോള്‍ക്യാപ് റെഗുലര്‍ (ഗ്രോത്ത്) ഫണ്ടില്‍ 1.23 കോടി രൂപയുടെ നിക്ഷേപമുണ്ട്. ആ ഫണ്ടിന്റെ എന്‍.എ.വി (നെറ്റ് അസറ്റ് വാല്യു) ഒരു വര്‍ഷം കൊണ്ട് 51.85 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഇതുകൂടാതെ ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല് റെഗുലര്‍ സേവിംഗ്‌സ് ഫണ്ടില്‍ 1.02 കോടിയും എച്ച്.ഡി.എഫ്.സി ഹൈബ്രിഡ് ഡെറ്റ് ഫണ്ടില്‍ (ഗ്രോത്ത്) 79 ലക്ഷവുമുണ്ട്.
Tags:    

Similar News