രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപം വെട്ടിക്കുറച്ച ഫിനാന്‍ഷ്യല്‍ സ്റ്റോക്ക് ഇതാണ്
ഇടിവ് തുടരുന്ന ഓഹരിയില്‍ ഏകദേശം 5 ലക്ഷം ഓഹരികള്‍ വിറ്റു
ഇന്ത്യന്‍ ഓഹരി നിക്ഷേപകരുടെ ബിഗ് ബുള്‍ ( Big Bull ) ആണ് രാകേഷ് ജുന്‍ജുന്‍വാല(Rakesh Jhunjhunwala). വിപണിയെ നന്നായി പഠിച്ച് വിലയിരുത്തല്‍ നടത്തി ഇചയ്ക്ക് ജുന്‍ജുന്‍വാല തന്റെ പോര്‍ട്ട്‌ഫോളിയോ(Portfolio) മിനുക്കാറുണ്ട്. ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയില്‍ തിരുത്തലിന്റെ ദിനങ്ങളായിരുന്നു കഴിഞ്ഞ പാദത്തില്‍ കണ്ടത്. ഇപ്പോളിതാ പ്രശസ്ത ഹൗസിംഗ് ഫിനാന്‍സ് കമ്പനിയില്‍ നിക്ഷേപം വെട്ടിച്ചുരുക്കിയിരിക്കുകയാണ് ജുന്‍ജുന്‍വാല.
ജുന്‍ജുന്‍വാല 2022 ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ തന്റെ പോര്‍ട്ട്ഫോളിയോ സ്റ്റോക്ക് ആയ ഇന്ത്യബുള്‍സ് ഹൗസിംഗ് ഫിനാന്‍സില്‍ നിന്ന് നേരിയ തോതില്‍ ഓഹരികള്‍ വിറ്റഴിച്ചതായി സമീപകാല ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ കാണിക്കുന്നു. 2022 ജൂണ്‍ വരെയുള്ള ഇന്ത്യബുള്‍സ് ഹൗസിംഗ് ഫിനാന്‍സിന്റെ സമീപകാല ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച്, ഹൗസിംഗ് ഫിനാന്‍സ് കമ്പനിയിലെ ജുന്‍ജുന്‍വാലയുടെ ഓഹരി 1.17% അല്ലെങ്കില്‍ 55,00,000 ആണ്.
മാര്‍ച്ച് 20 വരെയുള്ള മുന്‍ പാദത്തിലെ 1.28% ഇക്വിറ്റി അല്ലെങ്കില്‍ 60,00,000 ഓഹരികളുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 ഏപ്രില്‍-ജൂണ്‍ കാലയളവില്‍, ബിഗ് ബുള്‍ ഇന്ത്യ ബുള്‍സിലെ ഏകദേശം 5 ലക്ഷം ഓഹരികള്‍ ആണ് വിറ്റഴിച്ചത്.
ഇന്ത്യാബുള്‍സ് ഗ്രൂപ്പിന്റെ ഭാഗമായ, ഇന്ത്യയിലെ മുന്‍നിര ഹൗസിംഗ് ഫിനാന്‍സ് കമ്പനികളിലൊന്നായ (HFC) ഇന്ത്യാബുള്‍സ് ഹൗസിംഗ്, താങ്ങാനാവുന്ന ഭവന വിഭാഗത്തില്‍ ഭവന വായ്പകള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ്. ഒരു വര്‍ഷ കാലയളവില്‍ സ്റ്റോക്ക് 63% ത്തില്‍ കൂടുതല്‍ ഇടിഞ്ഞതായി കാണാം, 2022-ല്‍ (YTD) ഇതുവരെ 53% ആണ് ഈ ഓഹരിയുടെ ഇടിവ്.
2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ (Q4FY22), അറ്റാദായത്തില്‍ 11% വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. കമ്പനി 307 കോടി രൂപയാണ് നി്കുതിക്ക് ശേഷമുള്ള അറ്റാദായം രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 276 കോടി രൂപ നികുതിക്ക് ശേഷമുള്ള ലാഭമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.