പൊറിഞ്ചു വെളിയത്തിന് ഓഹരിയുള്ള ഈ കമ്പനി വ്യോമയാന, പ്രതിരോധ ബിസിനസിലേക്കും
ന്യൂകോ എന്ന പുതിയ ഉപകമ്പനി രൂപീകരിക്കും
പ്രമുഖ ടെക്‌സ്റ്റൈല്‍ ഗ്രൂപ്പായ റെയ്മണ്ട് വാഹന, വ്യോമയാന കമ്പനിയായ മെയിനി പ്രിസിഷന്‍ പ്രോഡ്ക്ട്‌സ് ലിമിറ്റഡിന്റെ (MPPL) 59.25 ഓഹരികള്‍ 682 കോടി രൂപയ്ക്ക് ഏറ്റെടുത്തു. നിലവിലെ എന്‍ജിനീയറിംഗ് ബിസിനസ് ശക്തമാക്കുന്നതിനൊപ്പം വ്യോമയാനം, പ്രതിരോധം, വൈദ്യുത വാഹനം എന്നീ മേഖലകളിലേക്കും കടക്കാന്‍ കമ്പനിക്ക് ഈ ഏറ്റെടുക്കല്‍ വഴിയൊരുക്കും.
പുതിയ കമ്പനിക്ക് കീഴില്‍
റെയ്മണ്ടിനു കീഴിലുള്ള ജെ.കെ ഫയല്‍സ് ആന്‍ഡ് എന്‍ജിനീയറിംഗിന്റെ ഉപകമ്പനിയായ റിംഗ് പ്ലസ് അക്വ ലിമിറ്റഡ് (RPAL) വഴിയാണ് ഏറ്റെടുക്കല്‍. ഏറ്റെടുക്കലിനു ശേഷം ജെ.കെ.ഫയല്‍സ്, ആര്‍.പി.എ.എല്‍, എം.പി.പി.എല്‍ എന്നിവയെ സംയോജിപ്പിച്ച് ന്യൂകോ (newco) എന്ന പുതിയ ഉപകമ്പനി രൂപീകരിക്കും. പുതിയ കമ്പനിയില്‍ 66.3 ശതമാനം ഓഹരി റെയ്മണ്ടിനുണ്ടാകും. പ്രിസിഷന്‍ എന്‍ജീനിയറിംഗ് ഉത്പന്നങ്ങളിലായിരിക്കും കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുക. ഈ കമ്പനികളുടെ ഏകീകൃത വരുമാനം 2022-23 സാമ്പത്തിക വര്‍ഷത്തിില്‍ 1,600 കോടി രൂപയാണ്. നികുതിക്കും പലിശയ്ക്കും മുന്‍പുള്ള ലാഭം (EBITDA) 200 കോടി രൂപയുമാണ്.
പൊറിഞ്ചു വെളിയത്തിന്റെ ഓഹരി
പ്രമുഖ പോര്‍ട്ട്‌ഫോളിയോ മാനേജരായ പൊറിഞ്ചു വെളിയത്തിന് നിക്ഷേപമുള്ള ഓഹരിയാണ് റെയ്മണ്ട്. 2021 മുതല്‍ പൊറിഞ്ചു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഇക്വിറ്റി ഇന്റലിജന്റ്‌സ് ഇടപാടുകാര്‍ക്കു വേണ്ടി റെയ്മണ്ടിന്റെ ഓഹരികള്‍ വാങ്ങുന്നുണ്ട്.
ഏറ്റെടുക്കല്‍ വാര്‍ത്തകളെ തുടര്‍ന്ന് ഇന്നലെ ഓഹരി വിപണിയില്‍ ഉച്ചയ്ക്കു ശേഷമുള്ള സെഷനില്‍ റെയ്മണ്ട് ലിമിറ്റഡ് ഓഹരി വില മൂന്ന് ശതമാനം ഉയര്‍ന്നിരുന്നു. 2.74 ശതമാനം ഉയര്‍ന്ന് 1,863 രൂപയിലാണ് വ്യാപാരാന്ത്യം ഓഹരി വിലയുള്ളത്. ഇതനുസരിച്ച് 12,355 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
സ്യൂട്ടുകളുടെ വിപണനത്തില്‍ ശ്രദ്ധനേടിയിട്ടുള്ള റെയ്മണ്ട് വസ്ത്ര മേഖലയുമായി ബന്ധപ്പെട്ട എല്ലാത്തരം സേവനങ്ങളും നല്‍കുന്നു. കൂടാതെ എന്‍ജിനീയറിംഗ്, റിയല്‍ എസ്റ്റേറ്റ് വിഭാഗങ്ങളും ഗ്രൂപ്പിനു കീഴിലുണ്ട്.