ഈ മൂന്ന് ഓഹരികളില്‍ നിന്ന് രേഖജുന്‍ജുന്‍വാല നേടിയത് 240 കോടിയുടെ ലാഭം

ഒറ്റ ദിവസത്തില്‍ ഈ വലിയ നേട്ടം നല്‍കിയത് ജുന്‍ജുന്‍വാലയ്ക്ക് പ്രിയപ്പെട്ട ടാറ്റ സ്റ്റോക്കുകള്‍

Update:2023-03-06 09:32 IST

വെള്ളിയാഴ്ച ഓഹരി വിപണി വന്‍ തിരിച്ചുവരവു നടത്തിയപ്പോള്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ മാത്രമല്ല ടാറ്റ സ്‌റ്റോക്കുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഏറെ ദിവസത്തെ വാഴ്ചയ്ക്കുശേഷം പ്രധാന സൂചികകള്‍ മികച്ച നേട്ടം കരസ്ഥമാക്കിയത് നിക്ഷേപകര്‍ക്കും ആശ്വാസമേകുന്നു. ഇക്കൂട്ടത്തില്‍ പ്രമുഖ നിക്ഷേപക രേഖ ജുന്‍ജുന്‍വാലയുമുണ്ട്. രേഖ ജുന്‍ജുന്‍വാലയുടെ നേതൃത്വത്തിലുള്ള കമ്പനി മൂന്ന് ടാറ്റ ഗ്രൂപ്പ് ഓഹരികളില്‍ നിന്ന് വമ്പന്‍ നേട്ടം സ്വന്തമാക്കി.

ടൈറ്റന്‍ കമ്പനി, ടാറ്റ മോട്ടോര്‍സ്, ഇന്ത്യന്‍ ഹോട്ടല്‍ കമ്പനി തുടങ്ങിയ ടാറ്റ ഓഹരികള്‍ രേഖ ജുന്‍ജുന്‍വാലയ്ക്ക് ഒറ്റ ദിവസത്തില്‍ (വെള്ളിയാഴ്ച) സമ്മാനിച്ചത് 240 കോടി രൂപയാണ്. അന്തരിച്ച പ്രമുഖ നിക്ഷേപകനും രേഖ ജുന്‍ജുന്‍വാലയുടെ പങ്കാളിയുമായിരുന്ന രാകേഷ് ജുന്‍ജുന്‍വാലയുടെ ഇഷ്ട ഓഹരികളില്‍ ചിലതാണ് ആ ടാറ്റ ഓഹരികള്‍.


ടൈറ്റന്‍

ടൈറ്റന്‍ കമ്പനിയുടെ ആകെ ഓഹരി മൂലധനത്തിന്റെ 5.17 ശതമാനം വിഹിതമാണ് രേഖ കൈവശം വച്ചിട്ടുള്ളത്. അതായത്, ടൈറ്റന്‍ കമ്പനിയുടെ 4,58,95,970 ഓഹരികളാണ് രേഖയുടെ കൈവശം ഉള്ളത്. വെള്ളിയാഴ്ച ഈ ടാറ്റ ഗ്രൂപ്പ് ഓഹരിയില്‍ 41.05 രൂപയുടെ വര്‍ധന രേഖപ്പെടുത്തി. ഇതോടെ ടൈറ്റന്‍ കമ്പനിയുടെ ഓഹരികളില്‍ നിന്നും 188.50 കോടി രൂപയുടെ നേട്ടമാണ് രേഖ ജുന്‍ജുന്‍വാലയെ തേടിയെത്തിയത്.

ടാറ്റ മോട്ടോഴ്സ് 

ടാറ്റ മോട്ടോര്‍സിന്റെ 5,22,56,000 ഓഹരികളാണ് രേഖ ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയില്‍ സ്വന്തമായുള്ളത്. ഇതു ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ ആകെ ഓഹരി മൂലധനത്തിന്റെ 1.57 ശതമാനം വിഹിതമാണ്. വെള്ളിയാഴ്ച മാത്രം 7.40 രൂപയുടെ വര്‍ധനയാണ് ടാറ്റ മോട്ടോര്‍സ് ഓഹരിയില്‍ രേഖപ്പെടുത്തിയത്. അതോടെ രേഖ ജുന്‍ജുന്‍വാലയുടെ കൈവശമുള്ള ടാറ്റ മോട്ടോര്‍സ് ഓഹരികളില്‍ നിന്നും 38.66 കോടി രൂപയുടെ നേട്ടമാണ് സ്വന്തമാക്കിയത്.

ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി

ഗേറ്റ് വേ താജ് ഉള്‍പ്പെടെ ഹോസ്പിറ്റാലിറ്റി ബിസിനസിലെ പ്രമുഖ ബ്രാന്‍ഡുകള്‍ സ്വന്തമായുള്ള ഇന്ത്യന്‍ ഹോട്ടല്‍സിന്റെ ഓഹരികളും ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയില്‍ ഏറെക്കാലമായി ഇടം നേടിയിട്ടുളളതാണ്. വെള്ളിയാഴ്ച 3.85 രൂപയുടെ മുന്നേറ്റമാണ് ഈ ഓഹരികള്‍ സ്വന്തമാക്കിയത്.

ഡിസംബര്‍ പാദത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യ ഹോട്ടല്‍സിന്റെ 3,00,16,965 ഓഹരികളാണ് രേഖ ജുന്‍ജുന്‍വാല കൈവശം വെച്ചിട്ടുള്ളത്. ഇതു കമ്പനിയുടെ ആകെ അടച്ചു തീര്‍ത്ത ഓഹരി മൂലധനത്തിന്റെ 2.11 ശതമാനം വിഹിതമാണ്. ഈ കണക്കു പ്രകാരം 11.55 കോടിയുടെ നേട്ടമാണ് രേഖ ജുന്‍ജുന്‍വാല ഈ ഓഹരിയില്‍ നിന്നും നേടിയത്.

(ഓഹരി സൂചികകള്‍ പരിശോധിച്ചതില്‍ നിന്നും തയ്യാറാക്കിയ റിപ്പോര്‍ട്ട് മാത്രമാണിത്. ഇതൊരു ഓഹരി നിര്‍ദേശമല്ല)

Tags:    

Similar News