കോവിഡ് കാലത്തും ആഗോളനിക്ഷേപമാകര്‍ഷിച്ച് റിലയന്‍സും ബൈജൂസും

Update: 2020-09-10 07:03 GMT

ഇന്ത്യയുടെ 'ധനാകര്‍ഷണ യന്ത്രങ്ങ'ളായി മാറുന്നു റിലയന്‍സും ബൈജൂസ് ആപ്പും. ലോകം ലോക്ക് ഡൗണിലും സാമ്പത്തിക മേഖല മുരടിപ്പിലുമായിട്ടും ഈ രണ്ട് കമ്പനികളിലേക്കും ഫണ്ട് നിര്‍ബാധം ഒഴുകുകയാണ്. കഴിഞ്ഞ ദിവസം റിലയന്‍സ് റീറ്റെയ്‌ലില്‍ 100 കോടി ഡോളര്‍ നിക്ഷേപിക്കാനുള്ള യുഎസ് നിക്ഷപേക സ്ഥാപനമായ സില്‍വര്‍ ലേക്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അറബ് രാജ്യങ്ങളില്‍ നിന്നും നിക്ഷേപം വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റിയും സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമാണ് റിലയന്‍സ് റീറ്റെയ്‌ലില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതെന്നാണ് സൂചന. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റി 750 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുന്നതിനുള്ള ചര്‍ച്ച പുരോഗമിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാവട്ടെ 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കൂടാതെ അബുദാബിയിലെ നിക്ഷേപക സ്ഥാപനമായ മുബാദല കൂടി റിലയന്‍സ് റീറ്റെയ്‌ലില്‍ ഓഹരിയെടുക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

കെകെആര്‍ & കമ്പനിയും 100 കോടി ഡോളര്‍ നിക്ഷേപിക്കുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചയിലാണ്. റിലയന്‍സ് ഗ്രൂപ്പ് ഇതിനകം തന്നെ 20 ബില്യണ്‍ ഡോളറാണ് ഫേസുബുക്ക് അടക്കമുള്ള ആഗോള നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം ബൈജൂസ് ആപ്പില്‍ സില്‍വര്‍ ലേക്ക് 500 മില്യണ്‍ ഡോളറാണ് നിക്ഷേപിക്കാനൊരുങ്ങുന്നത്. ഇതോടെ ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ പ്ലാറ്റ്‌ഫോമായ ബൈജൂസ് ആപ്പിന്റെ മൂല്യം 10.8 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇതിനു പുറമേ പ്രമുഖ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ യൂരി മില്‍നറുടെ ഡിഎസ്ടി ഗ്ലോബല്‍ 400 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ടൈഗര്‍ ഗ്ലോബല്‍, ജനറല്‍ അറ്റ്‌ലാന്റിക്, ഔള്‍ വെഞ്ച്വേഴ്‌സ്, ഫേസ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ നേതൃത്വത്തിലുള്ള ചാന്‍ സുക്കര്‍ബര്‍ഗ് ഇനീഷ്യേറ്റീവ്‌സ് തുടങ്ങിയവ ബൈജൂസ് ആപ്പില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News