രാജ്യത്തെ ഏറ്റവും വമ്പന്‍ കമ്പനികളില്‍ മിക്കവയും ഗുജറാത്തില്‍; പുതുചരിത്രം കുറിച്ച് റിലയന്‍സും
രാജ്യത്ത് ഈ നേട്ടത്തിലെത്തുന്ന ആദ്യ കമ്പനി
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം ആദ്യമായി 20 ലക്ഷം കോടി രൂപ കടന്നു. രാജ്യത്ത് ഈ നേട്ടത്തിലെത്തുന്ന ആദ്യ കമ്പനിയാണ് റിലയന്‍സ്. ഇന്നലെ എന്‍.എസ്.ഇയില്‍ റിലയന്‍സ് ഓഹരി എക്കാലത്തെയും ഉയര്‍ന്ന വിലയായ 2,958 രൂപ രേഖപ്പെടുത്തി.
ഈ വര്‍ഷം ഇതു വരെ റിലയന്‍സിന്റെ ഓഹരി വില 14 ശതമാനമാണ് ഉയര്‍ന്നത്. ജനുവരിയില്‍ 10.4 ശതമാനവും ഫെബ്രുവരിയില്‍ നാല് ശതമാനവുമാണ് റിലയന്‍സ് ഓഹരികളുടെ ഉയര്‍ച്ച. ഇന്നലെ ഒറ്റദിവസം 1.8 ശതമാനം വരെ ഉയര്‍ന്നതാണ് പുതിയ നേട്ടത്തിലെത്തിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റിലയന്‍സിന്റെ വിപണി മൂല്യം ഒരു ലക്ഷം കോടിയോളം ഉയര്‍ന്നു.
അതിവേഗം ബഹുദൂരം
2005ലാണ് റിലയന്‍സ് ആദ്യമായി ഒരു ലക്ഷം കോടി രൂപ വിപണിമൂല്യം കൈവരിക്കുന്നത്. അതിനുശേഷം 19 വര്‍ഷത്തിനുള്ളില്‍ വിപണി മൂല്യം 20 ഇരട്ടിയായി. 2019 നവംബറില്‍ 10 ലക്ഷം കോടി രൂപ വിപണിമൂല്യം കൈവരിച്ച റിലയന്‍സ് ഇത് ഇരട്ടിയാക്കാനെടുത്തത് വെറും അഞ്ച് വര്‍ഷം.
2023 ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 9 ശതമാനം ലാഭം രേഖപ്പെടുത്തിയിരുന്നു. ടി.സി.എസ് (15 ലക്ഷം കോടി രൂപ), എച്ച്.ഡി.എഫ്.സി ബാങ്ക് (10.5 ലക്ഷം കോടി രൂപ), ഐ.സി.ഐ.സി.ഐ ബാങ്ക് (7 ലക്ഷം കോടി രൂപ), ഇന്‍ഫോസിസ് (7ലക്ഷം കോടി രൂപ) എന്നിവയാണ് വിപണി മൂല്യത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിനു പിന്നിലുള്ളത്.
ഇന്ന് നേരിയ താഴ്ചയോടെ 2,928.95 രൂപയിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.
മുന്നോട്ടും മികച്ച ഭാവി
2024 റിലയന്‍സിനെ സംബന്ധിച്ച് സംഭവ ബഹുലമായ വര്‍ഷമായിരിക്കുമെന്നാണ് വിപണി വിദഗ്ധരുടെ പ്രവചനങ്ങള്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി കമ്പനി നടത്തി വരുന്ന പല നിക്ഷേപങ്ങളും പണമായി തിരിച്ച് കീശയിലെത്താന്‍ തുടങ്ങും.
2024 രണ്ടാം പകുതിയോടെ ജംനഗറിലെ ഗ്രീന്‍ എനര്‍ജി കോംപ്ലക്‌സ് കമ്മീഷന്‍ ചെയ്‌തേക്കും. കൂടാതെ സോളാര്‍ ജിഗാ ഫാക്ടറിയും ബാറ്ററി ജിഗാ ഫാക്ടറിയും 2025, 2026 വര്‍ഷങ്ങളില്‍ കമ്മീഷന്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
താരിഫ് നിരക്ക് വര്‍ധന ഈ വര്‍ഷം പകുതിയോടെ ഉണ്ടാകുമെന്നത് ജിയോയ്ക്ക് ഗുണമാകുമെന്നാണ് കണക്കാക്കുന്നത്.
മൂല്യത്തില്‍ മുന്നില്‍ ഗുജറാത്ത് കമ്പനികള്‍
രാജ്യത്തെ ഏറ്റവും മൂല്യമേറിയ കമ്പനികളുടെ എണ്ണത്തില്‍ മുന്നില്‍ ഗുജറാത്തെന്ന് 2023 ബര്‍ഗണ്ടി പ്രൈവറ്റ് ഹറൂണ്‍ ഇന്ത്യ 500 റിപ്പോര്‍ട്ട്. ഏറ്റവും മൂല്യമേറിയ 500 കമ്പനികളില്‍ 31 എണ്ണവും ഗുജറാത്തിന്റെ സംഭാവനയാണ്. ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യവും ലിസ്റ്റഡ് അല്ലാത്തെ കമ്പനികളുടെ വാല്വേഷനും കണക്കിലെടുത്താണ് റാങ്കിംഗ്. 14.7 ലക്ഷം കോടി രൂപയാണ് ഗുജറാത്ത് കമ്പനികളുടെ സംയോജിത വിപണി മൂല്യം.
2.6 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള അദാനി എന്റര്‍പ്രൈസസാണ് ഗുജാറാത്ത് കമ്പനികളില്‍ മുന്നില്‍. ആദ്യ അഞ്ച് സ്ഥാനങ്ങളിലും അദാനി ഗ്രൂപ്പ് കമ്പനികള്‍ തന്നെയാണ്. അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ (1.69 ലക്ഷം കോടി രൂപ), അദാനി ഗ്രീന്‍ എനര്‍ജി (1.44 ലക്ഷം കോടിരൂപ), അദാനി പവര്‍ (1.38 ലക്ഷം കോടി രൂപ), അാദനി എനര്‍ജി സൊല്യൂഷന്‍സ് (84,684 കോടി രൂപ), ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (65,332 കോടി രൂപ), അദാനി ടോട്ടല്‍ ഗ്യാസ് (61,996 കോടി രൂപ), ഇന്‍ടാസ് ഫാര്‍മസ്യൂട്ടിക്കല്‍സ് (61,900 കോടി രൂപ) എന്നിങ്ങനെ പോകുന്നു പട്ടിക.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ തുടക്കം ഗുജറാത്തില്‍ നിന്നാണെങ്കിലും കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും മറ്റും മഹാരാഷ്ട്രയിലാണ്.
പശ്ചിമ ബംഗാള്‍ രണ്ടാമത്
പട്ടികയില്‍ രണ്ടാം സ്ഥാനത്ത് പശ്ചിമ ബംഗാളില്‍ നിന്നുള്ള കമ്പനികളാണ്. മൊത്തം 10.9 ലക്ഷം കോടി രൂപ വിപണി മൂല്യവുമായി 25 കമ്പനികളാണ് ഇതിലുള്ളത്. 5.36 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ഐ.ടി.സിയാണ് പശ്ചിമ ബംഗാളിലെ ഏറ്റവും മൂല്യമേറിയ കമ്പനി. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് (1.07 ലക്ഷം കോടി രൂപ), ശ്രീ സിമന്റ് (93,606 കോടി രൂപ) എന്നിവയാണ് തൊട്ടു പിന്നില്‍.
കര്‍ണാടക, തമിഴ്‌നാട് തൊട്ടു പിന്നില്‍
കര്‍ണാടകയില്‍ നിന്ന് 61 കമ്പനികളില്‍ പട്ടികയിലുണ്ടെങ്കിലും അതില്‍ 35 എണ്ണവും സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ്. മൊത്തം 22 ലക്ഷം കോടി രൂപയാണ് കര്‍ണാടക കമ്പനികളുടെ മൊത്തം വിപണി മൂല്യം. ഇന്‍ഫോസിസാണ് 5.7 കോടി വിപണി മൂല്യവുമായി കര്‍ണാടക കമ്പനികളില്‍ മുന്നില്‍. ടൈറ്റന്‍ കമ്പനി (2.8 ലക്ഷം കോടി രൂപ), വിപ്രോ (2 ലക്ഷം കോടി രൂപ) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സ്വിഗ്വിയാണ് 65,400 കോടി രൂപ വിപണി മൂല്യവുമായി പട്ടികയില്‍ നാലാമത്. സീറോദ (58,500 കോടി രൂപ), റേസര്‍പേ (56,800 കോടി രൂപ), ഓല ഇലക്ടിക് (45,000 കോടി രൂപ), മീഷോ (42,000 കോടി രൂപ) എന്നിവയും പിന്നിലുണ്ട്.
തമിഴ്‌നാട്ടിൽ നിന്ന് 42 കമ്പനികളും പട്ടികയിലുണ്ട്. മൊത്തം 10 ലക്ഷം കോടി രൂപയാണ് ഇവയുടെ മൂല്യം. 95,053 കോടി രൂപ വിപണി മൂല്യമുള്ള ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനിയാണ് തമിഴ്‌നാട് കമ്പനികളില്‍ മുന്നില്‍. ടി.വി.എസ് മോട്ടോര്‍ കമ്പനി (76,432 കോടി രൂപ), അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസ് (69,617 കോടി രൂപ), സോഹോ കോര്‍പ്പറേഷന്‍ (65,700 കോടി രൂപ) എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.