പുതിയ ഉയരങ്ങള്‍ തൊട്ട് റിലയന്‍സ്, ഇനിയും മുന്നേറുമോ?

അഞ്ച് ദിവസത്തിനിടെ ഏഴ് ശതമാനത്തിന്റെ വര്‍ധനവാണ് റിലയന്‍സിന്റെ ഓഹരി വിലയിലുണ്ടായത്

Update:2022-04-21 11:30 IST

ഓഹരി വിപണിയില്‍ പുതിയ ഉയരങ്ങള്‍ തൊട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. 2,766 രൂപ എന്ന നിലയിലാണ് മുംബൈ ആസ്ഥാനമായുള്ള

മള്‍ട്ടിനാഷണല്‍ കോംഗ്ലോമറേറ്റ് കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (ആര്‍ഐഎല്‍) ഓഹരികള്‍ ഇന്ന് (21-04-2022, 10.20 മാ) വ്യാപാരം നടത്തുന്നത്. 2777 വരെ കയറിയ ഓഹരി വലിയ വില്‍പ്പനസമ്മര്‍ദം വന്നതിനെ തുടര്‍ന്ന് 2766 ലേക്കു താഴുകയായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിടെ മാത്രം ഏഴ് ശതമാനത്തിന്റെ വര്‍ധനവാണ് റിലയന്‍സിന്റെ ഓഹരി വിലയിലുണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി വില ഉയര്‍ന്നത് 45 ശതമാനവും. നേരത്തെ, 2021 ഒക്ടോബര്‍ 19 നാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിഫൈനറീസ് & മാര്‍ക്കറ്റിംഗ് കമ്പനിയുടെ സ്റ്റോക്ക് 2,750 രൂപ എന്ന ഉയര്‍ന്ന നിലയിലെത്തിയത്.
മികച്ച പ്രവര്‍ത്തന ഫലമായിരിക്കുമെന്ന പ്രതീക്ഷകളാണ് റിലയന്‍സിനെ മുന്നോട്ടുനയിക്കുന്നത്. റിലയന്‍സിന്റെ ജനുവരി-മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനലാഭം 66 ശതമാനത്തിലധികം വര്‍ധിക്കുമെന്നാണ് ബ്രോക്കറേജുകള്‍ വിലയിരുത്തുന്നത്. ഓരോ വീപ്പ ക്രൂഡ് ഓയില്‍ സംസ്‌കരിക്കുമ്പോഴും 12.1 ഡോളര്‍ ലാഭം കമ്പനിക്കു കിട്ടിയെന്നാണു നിഗമനം. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഏഴു ഡോളറായിരുന്നു ലാഭം. ഓയില്‍ ടു കെമിക്കല്‍സ് ബിസിനസില്‍ 64 ശതമാനം ലാഭ വര്‍ധനവും കമ്പനി പ്രതീക്ഷിക്കുന്നു. എണ്ണ-വാതക പര്യവേക്ഷണവും ഖനനവും മേഖല ലാഭം മൂന്നിരട്ടിയാക്കി എന്നു കണക്കാക്കുന്നു.
റിലയന്‍സ് ജിയോയുടെ വരിക്കാരില്‍ നിന്നുള്ള ശരാശരി വരുമാനം (എആര്‍പിയു) ആറു ശതമാനം വര്‍ധിച്ചു. ഇതു ലാഭം 22 ശതമാനം കൂട്ടും. റീട്ടെയില്‍ മേഖലയുടെ ലാഭം 23 ശതമാനം വര്‍ധിച്ചെന്നാണു നിഗമനം.
റിലയന്‍സ് ജിയോയുടെ വരിക്കാര്‍ കൂടുന്നതും ക്രൂഡ് ഓയിലിന്റെ റിഫൈനിംഗ് മാര്‍ജിന്‍ കുതിച്ചു കയറിയതും റീട്ടെയ്‌ലില്‍ കൂടുതല്‍ ബ്രാന്‍ഡുകള്‍ സ്വന്തമാക്കിയതും കമ്പനിക്കു കരുത്തായി. ഫ്യൂച്ചര്‍ റീട്ടെയിലിനു വായ്പ നല്‍കിയ ബാങ്കുകളും റിലയന്‍സും തമ്മില്‍ ധാരണയില്‍ എത്തുമെന്നു സൂചനയുണ്ട്. അതു സാധിച്ചാല്‍ ആമസോണുമായുള്ള പോരില്‍ നിര്‍ണായക നേട്ടമാകും. അതും ഓഹരിയെ സഹായിക്കും. റ റ റിലയന്‍സിനു റീട്ടെയില്‍ വിഭാഗം വില്‍ക്കാനുള്ള നിര്‍ദേശത്തില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് ഓഹരി ഉടമകള്‍ ഇന്നലെ വോട്ട് ചെയ്തു. വോട്ടിംഗ് ഇന്നു സമാപിക്കും.


Tags:    

Similar News