റിലയന്‍സ് നിക്ഷേപകര്‍ക്ക് ദീപാവലി സമ്മാനം, ബോണസ് ഇഷ്യുവിന് അനുമതി; ആര്‍ക്കൊക്കെ കിട്ടും?
റെക്കോഡ് തീയതിയും മറ്റു വിശദാംശങ്ങളും അറിയാം
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ബോണസ് ഇഷ്യുവിന് ഓഹരിയുടമകളുടെ അനുമതി ലഭിച്ചു. 1:1 എന്ന അനുപാതത്തിലുള്ള ബോണസ് ഓഹരികള്‍ക്ക് യോഗ്യരായ ഓഹരി ഉടമകളെ നിശ്ചയിക്കുന്നതിനുള്ള റെക്കോഡ് തീയതി ഒക്ടോബര്‍ 28 ആയിരിക്കും.
ഒക്ടോബര്‍ 28ന് മുമ്പ് ഓഹരികള്‍ കൈവശമുള്ളവര്‍ക്കായിരിക്കും ബോണസ് ഓഹരികള്‍ ലഭിക്കുന്നത്. 100 ഓഹരികള്‍ കൈവശമുള്ളവ ഒരാള്‍ക്ക് ബോണസ് ഇഷ്യു പ്രകാരം 100 ഓഹരികള്‍ കൂടി ലഭിക്കും, അതേസമയം, ബോണസ് ഇഷ്യുവിന് ശേഷം വില പകുതിയായി കുറയുന്നതിനാല്‍ ഓഹരികളുടെ മൂല്യത്തില്‍ മാറ്റമുണ്ടാകില്ല. അതിനാല്‍ നേരിട്ട് റിലയന്‍സിന്റെ വിപണി മൂല്യത്തെ ബാധിക്കില്ല. ഒരു ഓഹരിക്ക് ഒന്ന് എന്ന അനുപാതത്തില്‍ ഓഹരികള്‍ അനുവദിക്കുമ്പോള്‍ വില പകുതിയായി കുറയും. റിലയന്‍സിന്റെ ഓഹരികളുടെ വിപണിയിലെ ലഭ്യത ഇരട്ടിയാകുകയും ചെയ്യും. വിപണിയിലെ ലഭ്യത കൂടുകയും വില കുറയുകയും ചെയ്യുമ്പോള്‍ ഓഹരികള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇത് ഓഹരിയുടെ വില വര്‍ധനയിലേക്കും നയിച്ചേക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 37 ലക്ഷത്തോളം വരുന്ന നിക്ഷേപകര്‍ക്ക് ബോണസ് ഇഷ്യുവിന്റെ ഗുണം ലഭിക്കും.
ടെലികോം, റീറ്റെയ്ല്‍ ബിസിനസുകൾക്കും ഗുണം
റിലയന്‍സ് ജിയോയും റീറ്റെയ്‌ലും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലിസ്റ്റ് ചെയ്യുമെന്ന് 2019ലെ എ.ജി.എമ്മില്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷത്തോടെ ഇവ ലിസ്റ്റ് ചെയ്‌തേക്കുമെന്നാണ് കരുതുന്നത്. ടെലികോം, റീറ്റെയ്ല്‍ ബിസിനസുകള്‍ വിഭജിക്കുമ്പോള്‍ അത് വില വര്‍ധനയ്ക്ക് വഴിയൊരുക്കുകയും അത് ചെറുകിട ഓഹരിയുടമകള്‍ക്ക് ഗുണകരമാകാനും സാധ്യതയുണ്ട്
ഇതിനു മുമ്പ് 2017ലും 2019ലുമാണ് റിലയന്‍സ് ബോണസ് ഓഹരികള്‍ അനുവദിച്ചിട്ടുള്ളത്. രണ്ട് തവണയും 1:1 എന്ന അനുപാതത്തിലായിരുന്നു ബോണസ് ഇഷ്യു. കഴിഞ്ഞ ദിവസമാണ് റിലയന്‍സ് ഇന്‍ഡട്രീസിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ പ്രവര്‍ത്തന ഫലം പുറത്തു വിട്ടത്. കമ്പനിയുടെ ലാഭം 5 ശതമാനം ഇടിഞ്ഞ് 16,563 കോടിയായി.