ഇന്‍ഫോസിസ് ഓഹരി ഇടിഞ്ഞേടെ ഋഷി സുനക്കിന്റെ ഭാര്യക്ക് നഷ്ടം 500 കോടി

അക്ഷതാ മൂര്‍ത്തിക്ക് കമ്പനിയില്‍ 0.94 ശതമാനം ഓഹരിയുണ്ട്

Update:2023-04-19 14:45 IST

Image:@.instagram.com/akshatamurty_official

ലോകത്തെ പ്രമുഖ ഐ.ടി കമ്പനികളിലൊന്നായ ഇന്‍ഫോസിസിന്റെ ഓഹരികളില്‍ കഴിഞ്ഞ തിങ്കളാഴ്ച 9.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. നാലം പാദ ഫലം പുറത്തു വന്നതിന് പിന്നാലെയാണ് കമ്പനിയുടെ ഓഹരികള്‍ ഇടിഞ്ഞത്. ഓഹരി ഇടിഞ്ഞേടെ ബ്രിട്ടിഷ് പ്രധാന മന്ത്രി ഋഷി സുനക്കിന്റെ ഭാര്യയും ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുമായ അക്ഷതാ മൂര്‍ത്തിക്ക് ഒറ്റ ദിവസമുണ്ടായ നഷ്ടം (17 ഏപ്രില്‍ 2023- തിങ്കള്‍) 6.1 കോടി ഡോളര്‍ (ഏകദേശം 500 കോടിയിലധികം രൂപ). അക്ഷതാ മൂര്‍ത്തിക്ക് കമ്പനിയില്‍ 0.94 ശതമാനം ഓഹരിയുണ്ട്. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

വിവാദങ്ങളില്‍ കുടുങ്ങി

അക്ഷതയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജന്‍സിയുടെ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഋഷി സുനക്കിനെതിരേ ബ്രിട്ടിഷ് പാര്‍ലമെന്റ് സമിതി ഈ മാസം 13ന് അന്വേഷണം ആരംഭിച്ചിരുന്നു. അക്ഷത വിദേശ വരുമാനത്തിന് നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തിയത് കഴിഞ്ഞ വര്‍ഷം വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബ്രിട്ടനില്‍ 15 വര്‍ഷം വരെ നികുതിയടക്കാതെ വിദേശത്ത് പണം സമ്പാദിക്കാന്‍ അനുവദിക്കുന്ന നോണ്‍ഡൊമിസൈല്‍ പദവി നല്‍കിയതും വിവാദമായിരുന്നു.

Tags:    

Similar News