നിക്ഷേപകര്‍ക്ക് ആശ്വാസം! ഡീമാറ്റ്, മ്യൂച്വല്‍ ഫണ്ട് നോമിനേഷനുള്ള തിയതി നീട്ടി

2023 ഡിസംബര്‍ 31ന് കാലാവധി അവസാനിക്കാനിരിക്കെയാണ് സെബി ഇത് നീട്ടിയത്

Update: 2023-12-28 13:15 GMT

മ്യൂച്വല്‍ ഫണ്ട്, ഡീമാറ്റ് അക്കൗണ്ട് ഉള്ളവര്‍ക്ക്  ആശ്വാസമായി നോമിനേഷന്‍ വിവരങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2024 ജൂണ്‍ 30 വരെ നീട്ടി. ഡിസംബര്‍ 31 വരെയായിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. മരണ ശേഷം നിക്ഷേപകരുടെ അക്കൗണ്ടിലുള്ള പണം ആര്‍ക്ക് കൈമാറണമെന്ന് നിര്‍ദേശം നല്‍കുന്നതാണ് നോമിനേഷന്‍. നിക്ഷേപകരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് സെബി തീയതി നീട്ടി നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ 27ന് സെബി ഉത്തരവ് ഇറക്കിയ ശേഷം മൂന്നാമത്തെ പ്രാവശ്യമാണ് അവസാന തിയതി നീട്ടുന്നത്.

ഡീമാറ്റ് അക്കൗണ്ട്
ഡീമാറ്റ് അക്കൗണ്ടിൽ നോമിനേഷന്‍ വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കാന്‍ സാധിക്കും. എന്‍.എസ്.ഡി.എല്‍ പോര്‍ട്ടലില്‍ (https://nsdl.co.in) ഹോം പേജില്‍ തന്നെ നോമിനേറ്റ് ഓണ്‍ലൈന്‍ ഓപ്ഷന്‍ ഉണ്ട്. അതില്‍ ക്ലിക്ക് ചെയ്ത് ഉള്ളില്‍ കടന്ന്  ഡി.പി ഐ.ഡിയും ക്ലയന്റ് ഐ.ഡിയും പാനും നല്‍കുമ്പോള്‍ ഒ.ടി.പി ലഭിക്കും. 'ഞാന്‍ നാമനിര്‍ദേശം ചെയ്യാന്‍ ആഗ്രഹിക്കുന്നു', 'ഞാന്‍ നാമനിര്‍ദേശം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല' എന്നിവയില്‍ നിന്ന് ആദ്യത്തേത് തിരഞ്ഞെടുക്കുന്നവര്‍ നോമിനിയുടെ വിശദാംശങ്ങള്‍ നല്‍കണം. തുടര്‍ന്ന് ഒ.ടി.പി ലഭിക്കുന്നതോടെ പ്രക്രിയ പൂര്‍ത്തിയാകും.
മ്യുച്വല്‍ ഫണ്ട്
മ്യൂച്വല്‍ ഫണ്ട് അക്കൗണ്ട് ഉള്ളവര്‍ക്ക് ഫണ്ട് വെബ്‌സൈറ്റുകളിലോ, രജിസ്ട്രാര്‍, ട്രാന്‍സ്ഫര്‍ ഏജന്റുകളുടെ വെബ് സൈറ്റുകളിലോ (ഉദാഹരണത്തിന് കമ്പ്യൂട്ടര്‍ ഏജ് മാനേജ്‌മെന്റ് സര്‍വീസസ്/CAMS) നോമിനേഷന്‍ നല്‍കാവുന്നതാണ്. പുതിയ നോമിനിയുടെ പേര് ചേര്‍ക്കാനും നിലവില്‍ ഉള്ളതില്‍ മാറ്റം വരുത്താനും സാധിക്കും. നോമിനേഷന്‍ നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ വേണ്ടെന്ന് രേഖപ്പെടുത്താനും സാധിക്കും.
Tags:    

Similar News