ലിസ്റ്റിംഗ്, ഇൻസൈഡർ ട്രേഡിങ്ങ് എന്നിവ സംബന്ധിച്ച സെബിയുടെ നയമാറ്റങ്ങൾ ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും. ഇതോടൊപ്പം മൗറീഷ്യസ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളുമായുള്ള ഡബിൾ ടാക്സേഷൻ അവോയിഡൻസ് എഗ്രിമെന്റും (DTAAs) നിലവിൽ വരും.
ഇതനുസരിച്ച് സിംഗപ്പൂർ, മൗറീഷ്യസ് എന്നിവിടങ്ങളിലെ സ്ഥിരതാമസക്കാർ വിൽക്കുന്ന ഇന്ത്യൻ ഇക്വിറ്റി ഷെയറുകളിന്മേലുള്ള ക്യാപിറ്റൽ ഗെയ്ൻസിന് നികുതി ചുമത്താൻ ഇന്ത്യയ്ക്ക് അധികാരം ഉണ്ടാകും.
രാജ്യത്തെ ലിസ്റ്റഡ് കമ്പനികളുടെ കോർപറേറ്റ് ഗവേണൻസ് മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായകരമാകുമെന്നാണ് സെബി ചൂണ്ടിക്കാട്ടുന്നത്.
ഈയിടെ സൺ ഫാർമ, ഡിഎച്ച്എഫ്എൽ, ഐഎൽ & എഫ്എസ് തുടങ്ങിയവ ഓഹരിവിപണിയിൽ നേരിട്ട കയറ്റിറക്കങ്ങൾ റീറ്റെയ്ൽ നിക്ഷേപകരെ മുൾമുനയിലാക്കിയിരുന്നു. പലപ്പോഴും കമ്പനി ബോർഡിനെതിരെ ചോദ്യമുയർന്നു.
ബോർഡിൻറെ ഘടനയിൽ ചില മാറ്റങ്ങൾ
അതുകൊണ്ടുതന്നെ സെബി കമ്പനിയുടെ ബോർഡിൻറെ ഘടനയിലും ചില മാറ്റങ്ങൾ നിർദേശിക്കുന്നുണ്ട്. ഇവ ഏപ്രിൽ ഒന്നുമുതൽ തന്നെ നിലവിൽ വരും.
ആദ്യത്തെ 1000 ലിസ്റ്റഡ് കമ്പനികൾ തങ്ങളുടെ ബോർഡിൽ കുറഞ്ഞത് ആറ് ഡയറക്ടർമാരെയെങ്കിലും നിയമിക്കണം. ഇപ്പോൾ ഏറ്റവും കുറഞ്ഞ സംഖ്യ മൂന്നാണ്. കൂടാതെ ലിസ്റ്റഡ് കമ്പനികളിൽ ആദ്യ 500 പേരും ഒരു വനിതാ സ്വതന്ത്ര ഡയറക്ടറെയെങ്കിലും നിയമിക്കണം.
ഒരു ഡയറക്ടർക്ക് ആ സ്ഥാനം മറ്റ് ലിസ്റ്റഡ് സ്ഥാപങ്ങളിലും വഹിക്കാം. എന്നാൽ ഇത് എട്ടിൽ കവിയരുത്. അതേസമയം, ഒരു വ്യക്തിക്ക് ഏഴ് കമ്പനികളിലധികം സ്വതന്ത്ര ഡയറക്ടർ പദവിയിലിരിക്കാൻ പറ്റില്ല.
മാത്രമല്ല, കാലാവധി പൂർത്തിയാകുന്നതിന് മുൻപേ ഒരു സ്വതന്ത്ര ഡയറക്ടർ സ്ഥാനം ഒഴിയുകയാണെങ്കിൽ അതിന് വ്യക്തമായ വിശദീകരവും സമർപ്പിക്കണം.
ഇൻസൈഡർ ട്രേഡിങ്ങ്
ഇതിനൊക്കെ പുറമെ, ഇൻസൈഡർ ട്രേഡിങ്ങ് സംബന്ധിച്ച ചട്ടങ്ങളിലും സെബി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഭേദഗതിയിൽ യുപിഎസ്ഐ അഥവാ അൺപബ്ലിഷ്ഡ് പ്രൈസ് സെൻസിറ്റീവ് ഇൻഫോർമേഷൻ എന്നതിന്റെ നിർവചനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ബോർഡിന്റെ അനുമതിയോടെ ഇനി യുപിഎസ്ഐ ഷെയർ ചെയ്യാനാവും. എന്നാലിത് കമ്പനിയുടെ താൽപര്യത്തിന് വിരുദ്ധമായിട്ടാകരുത്.
ചട്ടങ്ങൾ പാലിക്കാനായി നടത്തുന്ന ഇടപാടുകൾ തുടങ്ങിയ ചില കാര്യങ്ങളെ ഇൻസൈഡർ ട്രേഡിങ്ങിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
ഓഡിറ്റർമാർ, അക്കൗണ്ടൻസി സ്ഥാപനങ്ങൾ, ലോ കമ്പനികൾ, അനലിസ്റ്റുകൾ, കൺസൾട്ടന്റുകൾ എന്നിവർക്കെല്ലാം പുതുക്കിയ ചട്ടങ്ങൾ ബാധകമായിരിക്കും.
ഡബിൾ ടാക്സേഷൻ അവോയിഡൻസ് എഗ്രീമെൻറ്
അതുപോലെ ഏപ്രിൽ മുതൽ മറ്റൊരു മാറ്റം വരാനിരിക്കുന്നത് വിദേശ നിക്ഷേപകരെ സംബന്ധിച്ചാണ്. സിംഗപ്പൂർ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്ഥിര താമസക്കാർ ഇന്ത്യയിൽ നിക്ഷേപിക്കുമ്പോൾ ലഭിച്ചിരുന്ന നികുതി ഇളവ് ഇനി ലഭിക്കില്ല.
ഈ രാജ്യങ്ങളുമായുള്ള ഡബിൾ ടാക്സേഷൻ അവോയിഡൻസ് എഗ്രീമെൻറ് (DTAAs) ഭേദഗതി വരുത്തിയതിനെത്തുടർന്ന് ഇവിടങ്ങളിലെ സ്ഥിരതാമസക്കാർ വിൽക്കുന്ന ഇന്ത്യൻ ഇക്വിറ്റി ഷെയറുകളിന്മേലുള്ള ക്യാപിറ്റൽ ഗെയ്ൻസിന് നികുതി ചുമത്താൻ ഇന്ത്യയ്ക്ക് അധികാരമുണ്ടാകും.
ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here . നമ്പർ സേവ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.