ആദ്യമായി 40,000-ന് മുകളിൽ ക്ലോസ് ചെയ്ത് സെൻസെക്സ്, നിഫ്റ്റി പുതിയ റെക്കോർഡിട്ടു

Update: 2019-06-03 11:55 GMT

രാജ്യത്തെ ഓഹരി സൂചികകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിൽ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 553 പോയന്റ് നേട്ടത്തില്‍ 40,267 പോയ്ന്റിലും 1.4 ശതമാനം നേട്ടം വരിച്ച് നിഫ്റ്റി 12088 ലുമെത്തി.

കഴിഞ്ഞ ആഴ്ചകളിൽ സെൻസെക്സ് 40,000 കടന്നിരുന്നെങ്കിലും ആ നിലയിൽ വ്യാപാരം അവസാനിപ്പിച്ചിരുന്നില്ല. ആഗോള വിപണികളില്‍ സമ്മർദ്ദം നിലനിൽക്കുമ്പോഴാണ് രാജ്യത്തെ വിപണി മികച്ച നേട്ടം സ്വന്തമാക്കിയതെന്നത് ശ്രദ്ധേയമാണ്.

നാളെ ആരംഭിക്കുന്ന യോഗത്തിൽ ആര്‍ബിഐ കാല്‍ശതമാനം പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണിയെ പ്രധാനമായും സ്വാധീനിച്ചത്. ഇറാനുമായി ആണവ പദ്ധതികളെക്കുറിച്ച് ചര്‍ച്ച നടത്താമെന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാടും ഡോളറിനെതിരെ രൂപയുടെ മൂല്യമുയര്‍ന്നതും അനുകൂല ഘടകങ്ങളായി.

ജൂലൈ അഞ്ചിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ രാജ്യത്തെ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ നടപടികളുണ്ടാകുമെന്ന പ്രതീക്ഷയും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ജൂലൈ 17 ന് ബജറ്റ് സെഷൻ ആരംഭിക്കും.

Similar News