ചാഞ്ചാട്ടം, വില്‍പനസമ്മര്‍ദ്ദം; ഒടുവില്‍ നേട്ടവുമായി ഇന്ത്യന്‍ ഓഹരി സൂചികകള്‍
തുണച്ചത് വാഹന, ബാങ്കിംഗ് ഓഹരികള്‍; നിഫ്റ്റി 18,500 കടന്നു, 6% മുന്നേറി കിറ്റെക്‌സ്
ഇന്ന് തുടക്കം മുതല്‍ നിറഞ്ഞുനിന്ന കനത്ത വില്‍പനസമ്മര്‍ദ്ദത്തെയും ചാഞ്ചാട്ടത്തെയും അതിജീവിച്ച് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഓഹരി സൂചികകള്‍. വാഹന, ബാങ്കിംഗ് ഓഹരികളിലെ മികച്ച വാങ്ങല്‍ ട്രെന്‍ഡാണ് സൂചികകളെ നേട്ടത്തിലെത്തിച്ചത്. അമേരിക്കയില്‍ ഡെറ്റ് സീലിംഗ് ചര്‍ച്ചകള്‍ സമവായത്തോടെ അവസാനിച്ചതിനെ തുടര്‍ന്ന് ആഗോള ഓഹരി സൂചികകളിലുണ്ടായ ഉണര്‍വും നേട്ടമായി.
സെന്‍സെക്‌സ് 118.57 പോയിന്റുയര്‍ന്ന് (0.19 ശതമാനം) 62,547.11ലും നിഫ്റ്റി 46.35 പോയിന്റ് നേട്ടവുമായി (0.25 ശതമാനം) 18,534.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രൂപയും ഇന്ന് നേട്ടത്തിലാണുള്ളത്. വ്യാപാരാന്ത്യം 82.30 എന്ന നിലയിലാണ് ഡോളറിനെതിരെ മൂല്യം. വ്യാഴാഴ്ച മൂല്യം 82.40 ആയിരുന്നു.
നേട്ടത്തിലേറിയവര്‍
മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി., സണ്‍ഫാര്‍മ, ടാറ്റാ സ്റ്റീല്‍, ഹീറോ മോട്ടോകോര്‍പ്പ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് ഇന്ന് ഓഹരി സൂചികകളെ നേട്ടത്തിന്റെ പാതയില്‍ നിലനിറുത്തിയ മുന്‍നിര ഓഹരികള്‍. മെയിലെ ഭേദപ്പെട്ട വാഹനവില്‍പന കണക്കുകളാണ്, വാഹന ഓഹരികള്‍ക്ക് നേട്ടമായത്.
നിഫ്റ്റിയില്‍ വാഹന സൂചിക 0.92 ശതമാനം ഉയര്‍ന്നു. മെറ്റല്‍, റിയാല്‍റ്റി സൂചികകള്‍ എന്നിവ ഒരു ശതമാനത്തിന് മുകളിലും നേട്ടമുണ്ടാക്കി. എഫ്.എസ്.എന്‍ ഇ-കൊമേഴ്‌സ് , സൊമാറ്റോ, പവര്‍ ഫിനാന്‍സ് എന്നിവയും ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളാണ്. (നൈക)എട്ട് മാസത്തെ മികച്ച നിലയിലേക്കാണ് ഹീറോ മോട്ടോകോര്‍പ്പ് ഓഹരികള്‍ കുതിച്ച് കയറിയത്. കൂടുതല്‍ നിക്ഷേപം സമാഹരിക്കുന്നുവെന്ന വാര്‍ത്തകളാണ് സൊമാറ്റോയ്ക്ക് കരുത്തായത്.
നഷ്ടത്തിലേക്ക് വീണവര്‍
അദാനി എന്റര്‍പ്രൈസസ്, ഇന്‍ഫോസിസ്, ബി.പി.സി.എല്‍., എച്ച്.ഡി.എഫ്.സി ലൈഫ്, ടി.സി.എസ്., വിപ്രോ, എച്ച്.സി.എല്‍ ടെക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ ഇന്ന് നഷ്ടത്തിലേക്ക് വീണ പ്രമുഖ ഓഹരികളാണ്.
അദാനി ടോട്ടല്‍ ഗ്യാസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ഗുജറാത്ത് ഗ്യാസ്, സി.ജി പവര്‍ എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയത്.
കിതച്ചും കുതിച്ചും കേരള ഓഹരികള്‍
കേരള ഓഹരികള്‍ ഇന്ന് പൊതുവേ സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. കിറ്റെക്‌സ് 6.90 ശതമാനവും എ.വി.ടി 5.27 ശതമാനവും കല്യാണ്‍ ജുവലേഴ്‌സ് 4.05 ശതമാനവും നേട്ടമുണ്ടാക്കി.
വെര്‍ട്ടെക്‌സ് 3.38 ശതമാനം ഇടിഞ്ഞു. സ്‌കൂബിഡേയുടെ നഷ്ടം 2.9 ശതമാനം. കേരള ആയുര്‍വേദ 2.83 ശതമാനവും ഈസ്റ്റേണ്‍ ട്രെഡ്‍സ് 2.37 ശതമാനവും നഷ്ടം നേരിട്ടു.