മോദിപ്രഭാവം! ഓഹരി വിപണിയിൽ ഇന്ന് അദാനി ദിനം, നിക്ഷേപകര്‍ക്ക് നേട്ടം ₹13 ലക്ഷം കോടി
അദാനി പവര്‍ 16% ഉയരത്തില്‍; ചാഞ്ചാട്ട സൂചിക കൂപ്പുകുത്തി, രൂപയും തിളങ്ങുന്നു, പൊതുമേഖലാ ഓഹരികളും മുന്നേറ്റത്തില്‍
നരേന്ദ്ര മോദി നയിക്കുന്ന എന്‍.ഡി.എയ്ക്ക് എക്‌സിറ്റ് പോളുകള്‍ ഭരണത്തുടര്‍ച്ച പ്രവചിച്ചതോടെ കോളടിച്ചത് ഓഹരി വിപണിക്ക്. സെന്‍സെക്‌സും നിഫ്റ്റിയും പ്രതീക്ഷിച്ചതുപോലെ തന്നെ ഇന്ന് തുടക്കംമുതല്‍ വന്‍ കയറ്റത്തിലാണ്. 2,600 പോയിന്റ് കുതിപ്പോടെയായിരുന്നു ഇന്ന് സെന്‍സെക്‌സ് വ്യാപാരം ആരംഭിച്ചത്.
നിലവില്‍ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോള്‍ സെന്‍സെക്‌സുള്ളത് 2,232.19 പോയിന്റ് (+3.01%) നേട്ടവുമായി 76,196.12ല്‍. ഇന്ന് ഒരുവേള സെന്‍സെക്‌സ് എക്കാലത്തെയും ഉയരമായ 76,738 വരെ എത്തിയിരുന്നു.
23,338 എന്ന റെക്കോഡ് ഉയരത്തില്‍ മുത്തമിട്ട നിഫ്റ്റിയുള്ളത് ഇപ്പോള്‍ 682.95 പോയിന്റ് (+3.03%) ഉയര്‍ന്ന് 23,213.65ലാണ്.
കേന്ദ്രസര്‍ക്കാരിനോട്, പ്രത്യേകിച്ച് നരേന്ദ്ര മോദിയോട് ഏറെ അടുപ്പമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്ന് 16 ശതമാനം വരെ കത്തിക്കയറിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളിലും വന്‍ മുന്നേറ്റം ദൃശ്യമാണ്.
കുതിപ്പില്‍ ഇവര്‍
നിഫ്റ്റി50ല്‍ അദാനി പോര്‍ട്‌സ് 10.62 ശതനമാനവും പവര്‍ഗ്രിഡ് 10.23 ശതമാനവും ഉയര്‍ന്ന് നേട്ടത്തില്‍ മുന്നിലെത്തി. എസ്.ബി.ഐ 10 ശതമാനത്തോളം കയറി. എന്‍.ടി.പി.സി., ബി.പി.സി.എല്‍ എന്നിവ 7-8.5 ശതമാനം ഉയര്‍ന്ന് തൊട്ടുപിന്നാലെയുണ്ട്.
ഐഷര്‍ മോട്ടോഴ്‌സാണ് 1.2 ശതമാനം താഴ്ന്ന നഷ്ടത്തില്‍ മുന്നില്‍. നിഫ്റ്റി50ല്‍ ഇന്ന് വെറും മൂന്ന് കമ്പനികളെ ചുവപ്പണിഞ്ഞിട്ടുള്ളൂ; 47 കമ്പനികളും 'മോദി 3.0' പ്രതീക്ഷയില്‍ മുന്നേറ്റത്തിലാണ്.
നിക്ഷേപകരുടെ കീശയില്‍ 13 ലക്ഷം കോടി
നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേറുമെന്ന പ്രതീക്ഷകളുടെ ആവേശത്തിലാണ് ഓഹരി വിപണി. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്ന് ഒറ്റയടിക്ക് 13.13 ലക്ഷം കോടി രൂപ വര്‍ധിച്ച് എക്കാലത്തെയും ഉയരമായ 425.03 ലക്ഷം കോടി രൂപയായിട്ടുണ്ട്. അതായത് 5.10 ട്രില്യണ്‍ ഡോളര്‍ മൂല്യം.
ബി.എസ്.ഇയില്‍ 4,019 ഓഹരികള്‍ വ്യാപാരം ചെയ്യുന്നതില്‍ ഇന്ന് 2,503 എണ്ണവും നേട്ടത്തിലേറി. 1,361 ഓഹരികള്‍ നഷ്ടത്തിലായി. 159 ഓഹരികളുടെ വില മാറിയിട്ടില്ല.
266 ഓഹരികളാണ് ഇന്ന് 52-ആഴ്ചയിലെ ഉയരത്തിലുള്ളത്. 317 ഓഹരികള്‍ അപ്പര്‍-സര്‍ക്യൂട്ടിലുമാണ്. ലോവര്‍-സര്‍ക്യൂട്ടില്‍ 267 കമ്പനികളുണ്ട്. 50 ഓഹരികള്‍ 52-ആഴ്ചത്തെ താഴ്ചയിലെത്തി.
അദാനിയുടെ ദിനം
എക്‌സിറ്റ് പോളുകള്‍ മോദിക്ക് ഭരണത്തുടര്‍ച്ച പ്രവചിച്ചപ്പോള്‍ തന്നെ പലരും ഉറപ്പിച്ചതാണ് ഇന്ന് അദാനി ഓഹരികള്‍ പറപറക്കുമെന്നത്. പ്രതീക്ഷകള്‍ ശരിവച്ച് അദാനിക്കമ്പനികള്‍ കസറുന്ന കാഴ്ചയാണിന്ന്.
ഓഹരികള്‍ തിളങ്ങിയതോടെ ഇന്ന് രാവിലെത്തെ സെഷനില്‍ മാത്രം അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയോജിത വിപണിമൂല്യം 1.4 ലക്ഷം കോടി രൂപ വര്‍ധിച്ച് 19.24 ലക്ഷം കോടി രൂപയായി.
15.81 ശതമാനം ഉയര്‍ന്ന് അദാനി പവറാണ് നേട്ടത്തില്‍ മുന്നില്‍. അദാനി പോര്‍ട്‌സ് 10.83 ശതമാനം കയറി. അദാനി എനര്‍ജി സൊല്യൂഷന്‍സ് 8.79 ശതമാനം, അദാനി എന്റര്‍പ്രൈസസ് 7 ശതമാനം, അദാനി ടോട്ടല്‍ ഗ്യാസ് 7.50 ശതമാനം എന്നിങ്ങനെയും നേട്ടത്തിലാണ്. അദാനി വില്‍മറാണ് 3.98 ശതമാനം ഉയര്‍ന്ന് നേട്ടത്തില്‍ ഏറ്റവും പിന്നിലുള്ളത്.
തിളങ്ങി പൊതുമേഖലയും
പി.എസ്.യു ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മെറ്റല്‍, റിയല്‍റ്റി, ഓട്ടോ ഓഹരികള്‍ ഇന്ന് 3-5 ശതമാനം നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
അമേരിക്കയില്‍ പലിശഭാരം കുറഞ്ഞേക്കുമെന്ന പ്രതീക്ഷകളും ഏഷ്യന്‍ ഓഹരി സൂചികകള്‍ കൈവരിച്ച നേട്ടവും ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയുടെ കുതിപ്പിന് ആക്കംകൂട്ടിയിട്ടുണ്ട്. പുറമേ ഇന്ത്യയുടെ മികച്ച ജി.ഡി.പി വളര്‍ച്ചാക്കണക്കും ആവേശമായി.
പൊതുമേഖലാ ബാങ്കുകളില്‍ ഇന്ന് ബാങ്ക് ഓഫ് ബറോഡ 8 ശതമാനവും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 6 ശതമാനവും മുന്നേറ്റത്തിലാണ്. എസ്.ബി.ഐ., കനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവയും 5-7 ശതമാനം കുതിപ്പിലേറിയിട്ടുണ്ട്.
രൂപയും തിളങ്ങുന്നു
ഓഹരി വിപണിയുടെ കുതിപ്പിന്റെ ചുവടുപിടിച്ച് രൂപയും ഇന്ന് മുന്നേറി. ഡോളറിനെതിരെ 42 പൈസ ഉയര്‍ന്ന് 83ലാണ് ആദ്യ സെഷനില്‍ രൂപയുടെ മൂല്യമുള്ളത്. സമീപകാലത്തെ ഏറ്റവും മികച്ച മൂല്യമാണിത്. മോദി വീണ്ടും വരുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണിയിലേക്ക് വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് വീണ്ടും കൂടിയത് രൂപയ്ക്ക് കരുത്തായിട്ടുണ്ട്.
ചാഞ്ചാട്ടം ഒഴിയുന്നു
പൊതു തിരഞ്ഞെടുപ്പിനിടെ പിടികൂടിയ ആശങ്ക ഓഹരി വിപണിയെ വിട്ട് ഒഴിഞ്ഞുപോകുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ഇന്ത്യ വിക്‌സ് സൂചികയുടെ ഇന്നത്തെ വീഴ്ച. ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന്റെ ആക്കം കണക്കാക്കുന്ന വിക്‌സ് സൂചിക ഇന്ന് 19.57 ശതമാനമാണ് ഇടിഞ്ഞത്.
ഇനി മോദി വന്നില്ലെങ്കിലോ?
എക്‌സിറ്റ് പോളുകള്‍ മൊത്തത്തോടെ പൊളിഞ്ഞാല്‍ ഓഹരി വിപണിക്ക് എന്ത് സംഭവിക്കും? നാളെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ ട്രെന്‍ഡ് മനസ്സിലാക്കാം.
ഓഹരി വിപണി രാഷ്ട്രീയമല്ല നോക്കുന്നത്. സ്ഥിരതയും മികച്ച ഭൂരിപക്ഷവുമുള്ള സര്‍ക്കാര്‍, നിലവിലെ നയങ്ങളുടെ തുടര്‍ച്ച, അതിവേഗമുള്ള തീരുമാനങ്ങള്‍ എന്നിവയാണ് വിപണിയും ബിസിനസ് ലോകവും ആഗ്രഹിക്കുന്നത്. കൂട്ടുകക്ഷി സര്‍ക്കാര്‍ വരുന്നതിനെ അതുകൊണ്ട് തന്നെ അവര്‍ ആഗ്രഹിക്കുന്നില്ല.
എക്‌സിറ്റ് പോളുകളുടെ പ്രവചനം പൊളിഞ്ഞാല്‍ ഓഹരി വിപണി വന്‍ തകര്‍ച്ച നേരിട്ടേക്കാമെന്ന് വിലയിരുത്തുന്നവരുണ്ട്. ഇന്നത്തെ കുതിപ്പ് മുതലെടുത്ത് ഇന്ന് വൈകിട്ടോ നാളെയോ വരുംദിവസങ്ങളിലോ നിക്ഷേപകര്‍ ലാഭമെടുപ്പ് തകൃതിയാക്കിയേക്കാമെന്ന വിലയിരുത്തലുകളും ഉയര്‍ന്നിട്ടുണ്ട്. എങ്കിലും പൊതുവേ പ്രതീക്ഷിക്കുന്നത് കേന്ദ്രത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും വിപണി മുന്നോട്ട് തന്നെ നീങ്ങുമെന്നുമാണ്.
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള് എടുക്കുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങള് നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക. ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന കമ്പനികളുടെ ഓഹരികള് വാങ്ങാനുള്ള നിര്‌ദേശമല്ല)