ഓഹരികളില്‍ ആവേശം, വിപണിക്ക് പുതിയ റെക്കോഡ്; മുന്നേറി ജിയോജിത്, നഷ്ടക്കഥ തുടര്‍ന്ന് കൊച്ചിന്‍ ഷിപ്‌യാര്‍ഡ്

ലിസ്റ്റിംഗില്‍ മിന്നിത്തിളങ്ങി ബജാജ് ഹൗസിംഗ് ഫിനാന്‍സ്, അപ്പര്‍സര്‍ക്യൂട്ടില്‍ ടോളിന്‍സ്, നിറം മങ്ങി ക്രോസ്

Update:2024-09-16 18:32 IST

പുതിയ വാരത്തിന് റെക്കോഡ് നേട്ടത്തോടെ തുടക്കമിട്ട് ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 83,184.34 എന്ന സര്‍വകാല റെക്കോഡില്‍ മുത്തമിട്ടപ്പോള്‍ നിഫ്റ്റി 25,445.70 എന്ന പുതിയ ഉയരം തൊട്ടു. ദിവസം മുഴുവന്‍ റേഞ്ച് ബൗണ്ടായി നീങ്ങിയ സൂചികകള്‍ക്ക് പക്ഷെ, വ്യാപാരാന്ത്യത്തില്‍ നേട്ടം കുറച്ച് കൈവിടേണ്ടി വന്നു. സെന്‍സെക്‌സ് 98 പോയിന്റ് (0.12 ശതമാനം) ഉയര്‍ന്ന് 82,989ലും നിഫ്റ്റി 27 പോയിന്റിലുമാണ് (0.11 ശതമാനം) വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഈ ആഴ്ച തന്നെ അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷ നിക്ഷേപകരെ കൂടുതല്‍ ജാഗരൂകരാക്കി. 2020ന് ശേഷം ആദ്യമായാണ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറവ് വരുത്താനൊരുങ്ങുന്നത്.

വിശാല വിപണിയിൽ നിഫ്റ്റി മിഡ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.38 ശതമാനം, 0.16 ശതമാനം എന്നിങ്ങനെ മുന്നേറി. നിഫ്റ്റിയിലെ 16 സെക്ടറല്‍ സൂചികകളില്‍ 11 എണ്ണവും ഇന്ന് പച്ച തൊട്ടു. നിഫ്റ്റി മീഡിയയാണ് ഒരു ശതമാനം നേട്ടവുമായി മുന്നില്‍. നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് 0.61 ശതമാനം ഉയര്‍ന്നു.

നിഫ്റ്റി 50യുടെ ഇന്നത്തെ പ്രകടനം

നിഫ്റ്റി എഫ്.എം.സി.ജിയാണ് കൂടുതല്‍ വീഴ്ചയുണ്ടാക്കിയത്. 0.72 ശതമാനമാണ് സൂചികയിലെ ഇടിവ്. ഐ.ടി, ഫാര്‍മ, പി.എസ്.യു ബാങ്ക് സൂചികകളും നഷ്ടത്തിന് വഴി മാറി.

നിഫ്റ്റി 50യിലെ 26 ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 2.6 ശതമാനം നേട്ടവുമായി എന്‍.ടി.പി.സിയാണ് മുന്നില്‍. ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ശ്രീറാം ഫിനാന്‍സ്, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ (എല്‍ ആന്‍ഡ് ടി), ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയവ ഒരു ശതമാനത്തിനു മേല്‍ നേട്ടം കൊയ്തു.

ബി.എസ്.ഇയില്‍ ഇന്ന് 4,201 ഓഹരികള്‍ വ്യാപാരം നടത്തിയപ്പോള്‍ 2,151 ഓഹരികളുടെ വില ഉയര്‍ന്നു. 1,957 ഓഹരികളുടെ വില താഴ്ന്നു. 93 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ജെ.എസ്.ഡബ്യു സ്റ്റീല്‍, എല്‍.ടി.ഐ മൈന്‍ഡ് ട്രൂ, എച്ച്.സി.എല്‍ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര എന്നിവ ഉള്‍പ്പെടെ 387 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയിലെത്തി. 35 ഓഹരികള്‍ താഴ്ന്ന വില കണ്ടു. നാല് വീതം ഓഹരികളാണ് ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലും ലോവര്‍ സര്‍ക്യൂട്ടിലും ഉണ്ടായിരുന്നത്.

ലിസ്റ്റിംഗില്‍ കുതിച്ചും കിതച്ചും ഇവര്‍

ബജാജ് ഹൗസിംഗ് ഫിനാന്‍സ് ഓഹരികളാണ് ഇന്ന് വെള്ളിവെളിച്ചത്തിലായത്. ഓഹരിയുടെ കന്നിയങ്കം ഉഷാറാക്കി. ഐ.പി.ഒ വിലയേക്കാള്‍ 114 ശതമാനം പ്രീമിയത്തിലാണ് ഓഹരിയുടെ ലിസ്റ്റിംഗ്. 70 രൂപയായിരുന്ന വില ലിസ്റ്റിംഗില്‍ 150 രൂപയായി. പിന്നീട് വ്യാപാരം പുരോഗമിച്ചപ്പോള്‍ 10 ശതമാനം ഉയര്‍ന്ന് വില 165 രൂപയിലെത്തി. ഈ വര്‍ഷം ഇതു വരെ നടന്നതില്‍ ഏറ്റവും വലിയ ഐ.പി.ഒ ആയിരുന്നു ബജാജ് ഹൗസിംഗ് ഫിനാന്‍സിന്റേത്.

കേരള കമ്പനിയായ ടോളിന്‍സിന് പക്ഷെ ലിസ്റ്റിംഗില്‍ തിളക്കം നിലനിര്‍ത്താനായില്ല. ഗ്രേ മാര്‍ക്കറ്റില്‍ (ഓഹരി വിപണിക്കു പുറത്തുള്ള അനൗദ്യോഗിക വിപണി) ഉണ്ടായിരുന്നതിനേക്കാള്‍ താഴ്ന്ന പ്രീമിയത്തിലാണ് (ഒരു ശതമാനത്തില്‍ താഴെ) ഓഹരികള്‍ വ്യാപാരം തുടങ്ങിയത്. പിന്നീട് ഓഹരി 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടടിച്ചു.

ഇന്ന് ലിസ്റ്റിംഗ് നടത്തിയ ക്രോസ് ലിമിറ്റഡും ലിസ്റ്റിംഗില്‍ നിരാശപ്പെടുത്തി. പൂജ്യം ശതമാനമാണ് ലിസ്റ്റിംഗ് നേട്ടം. ടോളിന്‍സിന് 10 ശതമാനവും ക്രോസിന് 13 ശതമാനവും പ്രീമീയം ഗ്രേ മാര്‍ക്കറ്റിലുണ്ടായിരുന്നതാണ്.

നേട്ടത്തിൽ ഇവർ 

പഞ്ചസാര ഓഹരികള്‍ ഇന്ന് 8.7 ശതമാനം വരെ കുതിച്ചു. കരിമ്പിന്‍ ജൂസും ശര്‍ക്കര പാനിയും ഉപയോഗിച്ച് റെക്റ്റിഫൈഡ് സ്പിരിറ്റും എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളും ഉത്പാദിപ്പിക്കാന്‍ പഞ്ചസാര മില്ലുകള്‍ക്കും ഡിസ്റ്റിലറികള്‍ക്കും ഭക്ഷ്യ പൊതുവിതരണ മന്ത്രാലം അനുമതി നല്‍കിയതാണ് ഓഹരികളെ മുന്നേറ്റത്തിലാക്കിയത്. എഥനോളും മറ്റ് മദ്യ ഉത്പന്നങ്ങളുടെയും ഉത്പാദനം കൂട്ടാനും ഇന്‍ഡസ്ട്രിയില്‍ വൈവിധ്യവത്കരണം സാധ്യമാക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റൈസ് ഓഹരികള്‍ക്കും ഇന്ന് കുതിപ്പിന്റെ ദിനമായിരുന്നു. ബസുമതി അരിക്കുള്ള മിനിമം താങ്ങുവില നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നതോടെ കെ.ആര്‍.ബി.എല്‍, എല്‍.ടി ഫുഡ്‌സ്, കൊഹിനൂര്‍ ഫുഡ് തുടങ്ങിയ ഓഹരികള്‍ 19 ശതമാനം വരെ കുറച്ചു. വെള്ളിയാഴ്ചയാണ് സവാളയുടെയും ബസുമതി അരിയുടെയും മിനിമം താങ്ങുവില ഉടനടി നീക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. കയറ്റുമതി ഉയരുന്നത് അരി നിര്‍മാതാക്കള്‍ക്ക് ഗുണമാകും.

മുന്നേറ്റം കാഴ്ചവച്ച ഓഹരികള്‍

ബി.എസ്.ഇ ഓഹരിയാണ് ഇന്ന് നിഫ്റ്റി 200ലെ വലിയ മുന്നേറ്റക്കാര്‍. ഓഹരി വില 17.82 ശതമാനം ഉയര്‍ന്നു. നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഏഴ് മുന്‍ ജീവനക്കാര്‍ക്കെതിരെയുള്ള നിയമ ലംഘന നടപടികള്‍ അവസാനിപ്പിച്ചതാണ് ഓഹരികളില്‍ കുതിപ്പുണ്ടാക്കിയത്. ചിത്ര രാമകൃഷ്ണനും രവി നരെയ്‌നും ഉള്‍പ്പെട്ട കേസില്‍ വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാണ്ടിയാണ് അവസാനിപ്പിച്ചത്. എന്‍.എസ്.ഇ ഐ.പി.ഒയുമായി എത്തിയേക്കാമെന്ന പ്രതീക്ഷകളും ഇന്ന് ഓഹരിയില്‍ പ്രതിഫലിച്ചു. എന്‍.എസ്.ഇ ലിസ്റ്റ് ചെയ്താല്‍ ബി.എസ്.ഇ ഓഹരികള്‍ പുനര്‍നിര്‍ണയത്തിന് വിധേയമാകും.

അദാനി കമ്പനികളായ  അദാനി ഗ്രീൻ  എനര്‍ജിയും അദാനി പവറും ഇന്ന് നേട്ടക്കാരിൽ മുന്നിൽ എത്തി. മഹാരാഷ്ടയില്‍ നിന്ന് 6,600 മെഗാവാട്ട് ഹൈബ്രിഡ് സോളാര്‍, തെര്‍മല്‍ പവര്‍ വിതരണത്തിന് താത്പര്യപത്രം ലഭിച്ചതാണ് ഓഹരികളെ ഉയര്‍ത്തിയത്. അദാനി ഗ്രീന്‍ എനര്‍ജി മഹാരാഷ്ട്രക്ക്  5 ജിഗാവാട്ട് സോളാര്‍ പവര്‍ നല്‍കും. അദാനി പവർ  1,496 മെഗാവാട്ട് താപവൈദ്യുതിയാണ് സപ്ലൈ ചെയ്യുക.

ഡിക്‌സണ്‍ ടെക്‌നോളജീസിന്റെ ഉപകമ്പനിയായ പാഡ്‌ജെറ്റ് ഇലക്ട്രോണിക്‌സ് അസൂസിനായി ഇന്ത്യയില്‍ നോട്ട് ബുക്കുകള്‍ നിര്‍മിക്കാനുള്ള കാറില്‍ ഒപ്പുവച്ചതിനെ തുടർന്ന് 
ഓഹരി വില 6.89 ശതമാനം ഉയര്‍ന്നു.
 തുടര്‍ച്ചയായി ആറാം ദിവസമാണ് ഓഹരി നേട്ടം കാഴ്ചവയ്ക്കുന്നത്.
അന്താരാഷ്ട്ര ഊര്‍ജ കമ്പനിയുമായി കരാറില്‍ ഏർപ്പെടാൻ  ചര്‍ച്ചകള്‍ നടക്കുന്നുവെന്നും ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചില്ലെന്നും ഓയില്‍ ഇന്ത്യ വ്യക്തമാക്കിത് ഓഹരിയെ ഇന്ന് 3.65 ശതമാനം ഉയര്‍ത്തി.

നഷ്ടത്തില്‍ ഇവര്‍

എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സാണ് ഇന്ന് നഷ്ടത്തില്‍ മുന്നില്‍. ഓഹരി വില 5.77 ശതമാനം ഇടിഞ്ഞു. ഇന്ന് വിപണിയില്‍ അരങ്ങയറ്റം കുറിച്ച ബജാജ് ഹൗസിംഗ് ഫിനാന്‍സിലേക്ക് നിക്ഷേപകര്‍ ശ്രദ്ധ തിരിച്ചതാണ് എൽ .ഐ.സി ഹൗസിംഗ് ഫിനാന്‍സ്, പി.എന്‍.ബി ഹൗസിംഗ് തുടങ്ങിയ ഓഹരികളെ ബാധിച്ചത്.

നഷ്ടത്തിലായ ഓഹരികള്‍

ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് ( 3.99 ശതമാനം), കെ.പി.ഐ.ടി ടെക്‌നോളജീസ് (3.90 ശതമാനം) വരുണ്‍ ബിവറേജസ് ( 3.49 ശതമാനം), ബജാജ് ഫിനാന്‍സ് ( 3.38 ശതമാനം) എന്നിവയാണ് ഇന്ന് നഷ്ടത്തില്‍ മുന്നിലെത്തിയ മറ്റ് പ്രധാന ഓഹരികള്‍.

കേരള ഓഹരികളില്‍ സമ്മിശ്ര പ്രകടനം
ഓഹരി വിപണിയിലെ പുതിയ താരമായ ടോളിന്‍സ് ടയര്‍ ഓഹരിയാണ് കേരള കമ്പനികളില്‍ ഇന്ന് നേട്ടത്തില്‍ മുമ്പന്‍. ലിസ്റ്റിംഗില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ലെങ്കിലും വ്യപാരത്തിനിടെ ഓഹരി 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടടിച്ചു. ഹരി വില 226 രൂപയില്‍ നിന്ന് 239.40 രൂപയായി.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ 4.872 ശതമാനം നേട്ടവുമായി രണ്ടാം സ്ഥാനത്താണ്. ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി (3.36 ശതമാനം), കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് (2.29 ശതമാനം), കെ.എസ്.ഇ (2.29 ശതമാനം) എന്നിവയാണ് ഇന്ന് മുന്നേറ്റം കാഴ്ചവച്ച മറ്റ് കേരള ഓഹരികള്‍.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

സെല്ല സ്‌പേസാണ് 4.97 ശതമാനം വീഴ്ചയുമായി നഷ്ടത്തില്‍ മുന്നില്‍. തുടര്‍ച്ചയായി മുന്നേറ്റം കാഴ്ചവയ്ക്കുന്ന കല്യാണ്‍ ഓഹരികളില്‍ ഇന്ന് 2.38 ശതമാനം ഇടിഞ്ഞു. ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ് (2.9 ശതമാനം). പോപ്പീസ് കെയര്‍ (1.99 ശതമാനം), പാറ്റ്‌സ്പിന്‍ (1.52 ശതമാനം) എന്നിവയാണ് ഇന്നത്തെ മുഖ്യ നഷ്ടക്കാര്‍. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ഇന്നും ഒരു ശതമാനത്തിനുമേല്‍ നഷ്ടത്തിലാണ്.

Tags:    

Similar News