ഓഹരി വിപണിയില്‍ വന്‍ ഇടിവ്! നിക്ഷേപകര്‍ കാത്തിരിക്കുക

Update: 2020-05-04 09:30 GMT

കഴിഞ്ഞയാഴ്ചയിലെ മികച്ച നേട്ടത്തിനു ശേഷം ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 969.48 പോയ്ന്റ് നഷ്ടത്തില്‍ 32748.14 ലും നിഫ്റ്റി 326 പോയ്ന്റ് നഷ്ടത്തില്‍ 9533ലു മാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇ ഹെല്‍ത്ത് കെയര്‍ ഒഴികെയുള്ള സൂചികകളെല്ലാം നഷ്ടത്തിലാണ്.
ഉച്ചയ്ക്ക് 12 മണിക്ക് സെന്‍സെക്‌സ് 1681.37 പോയ്ന്റ് ഇടിഞ്ഞ് 32025.46 ലും നിഫ്റ്റി 470.05 പോയ്ന്റ് ഇടിഞ്ഞ് 9389.85 ലുമാണ് വ്യാപാരം നടത്തുന്നത്.  കേരള കമ്പനികളില്‍ കൊച്ചിന്‍ മിനറല്‍സ്, കെഎസ്ഇ, പാറ്റ്‌സ്പിന്‍, വെര്‍ട്ടെക്‌സ് തുടങ്ങിയ ഓഹരികളിലൊഴികെ മറ്റെല്ലാ ഓഹരികളുടേയും വില താഴേക്കു പോയി.

അമേരിക്ക- ചൈന തര്‍ക്കം മുതല്‍ പാദഫലങ്ങള്‍ വരെ

യുഎസ് ചൈന തര്‍ക്കവും രാജ്യത്ത് അടച്ചിടല്‍ നീട്ടിയതും നിക്ഷേപകരുടെ ആത്മവിശ്വാസം ചോര്‍ത്തിയതാണ് വിപണിയെ ബാധിച്ചത്.  അമേരിക്കയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായതിന്റെ പ്രത്യാഘാതം മൂലം ആഗോള വിപണികളില്‍ വെള്ളിയാഴ്ച ദൃശ്യമായിരുന്നു. എന്നാല്‍ മെയ് ദിനം പ്രമാണിച്ച് വെള്ളിയാഴ്ച ഇന്ത്യന്‍ വിപണി അവധിയായതിരുന്നതിനാല്‍ അതിന്റെ പ്രതിഫലനം ഇന്നാണ് ഇവിടെയുണ്ടായത്. 18 മാസമായി തുടരുന്ന വ്യാപാര യുദ്ധം ഇപ്പോള്‍ കോവിഡ് 19 ന്റെ ഉറവിടവുമായി ബന്ധപ്പെട്ട പുതിയ പ്രശ്‌നങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്.

ആഗോള തലത്തില്‍ ഡോളര്‍ ഉയരത്തില്‍ നില്‍ക്കുകയും ഓഹരി വിപണികള്‍ നഷ്ടത്തിലാകുകയും ചെയ്തിരിക്കുന്നു. മാത്രമല്ല എണ്ണ വില കുറഞ്ഞു നില്‍ക്കുന്നതും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കി.

ഇതുവരെയുള്ള നാലാം പാദഫലങ്ങള്‍ നിക്ഷേപകരെ നിരാശയിലാക്കിയിട്ടുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥആന്‍ യൂണിലിവര്‍, ടെക് മഹീന്ദ്ര തുടങ്ങിയവയുടെ ഫലങ്ങള്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് പുറത്തു വന്നത്. അതും ഇന്ന് വിപണിയില്‍ പ്രതിഫലിച്ചു.

ഈ കമ്പനികളുടെ ഓഹരികള്‍ ഏഴു ശതമാനത്തോളം ഇടിവ് രാവിലെ രേഖപ്പെടുത്തിയിരുന്നു. മാര്‍ച്ച് മാസത്തില്‍ ഒരാഴ്ച മാത്രമാണ് ലോക്ക് ഡൗണ്‍ ഉണ്ടായിരുന്നതെന്ന്. അതായത് ജൂണ്‍ പാദത്തിലായിരിക്കും ലോക്ക് ഡൗണിന്റെ യഥാര്‍ത്ഥ ചിത്രം ലഭിക്കുക.

ലോക്ക് ഡൗണ്‍ 3.0

ലോക്ക് ഡൗണ്‍ നീട്ടുന്നത് ഒരു പരിഹാരമല്ല എന്ന തിരിച്ചറിവാണ് വിപണിയിലുള്ളതെന്ന് ഡിബിഎഫ്എസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ് പറയുന്നു. '' ഇന്ത്യന്‍ സമ്പദ് രംഗം കോവിഡിനു മുന്‍പു തന്നെ പ്രശ്‌നത്തിലായിരുന്നു. അതിനൊന്നും ഒരു പരിഹാരമിപ്പോഴുമുണ്ടായിട്ടില്ല. പലിശ നിരക്ക് കുറച്ചത്, വായ്പകള്‍ക്കുള്ള മോറട്ടോറിയം, മറ്റു ചില ചെറിയ നടപടികള്‍ ഒക്കെ ആര്‍ബിഐ കൊണ്ടു വന്നെങ്കിലും ഘടനാപരമായി ഇന്ത്യന്‍ ഇക്കോണമിയെ വീണ്ടെടുക്കാന്‍ പര്യാപ്തമായ നടപടികളൊന്നുമുണ്ടായിട്ടില്ല. മിക്ക കമ്പനികളും പ്രശനത്തിലാണ്. മാനുഫാക്‌റിംഗ് കമ്പനികള്‍ക്ക് പലതിനും ഉത്പാദനം പുനരാരംഭിക്കാന്‍ സാധിച്ചിട്ടില്ല. ഓട്ടോ മൊബൈല്‍ കമ്പനികള്‍ക്കാണെങ്കില്‍ ഏപ്രില്‍ മാസത്തില്‍ ഒരു വില്‍പ്പന പോലും നടത്താനായില്ല. കേന്ദ്രഗവണ്‍മെന്റ പാക്കേജ് അനുവദിക്കുമെന്ന് പറഞ്ഞിട്ട് ഒരു മാസമായി. പക്ഷേ ഇപ്പോഴും അതേ കുറിച്ച് തീരുമാനമായില്ല. ഈ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടിയതോടെ ഈ പ്രശ്‌നങ്ങള്‍ വീണ്ടും രൂക്ഷമാകുമെന്ന സെന്റിമെന്റ്‌സ് വിപണിയിലുണ്ട്. '' അദ്ദേഹം ചൂണ്ടിക്കാട്ടി.

വിപണിയുടെ ഗതി എങ്ങോട്ട? 

വിപണി ഇനിയും താഴേക്ക് പോകുമെന്ന് തന്നെയാണ് സാധ്യതയെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഇക്കണോമിക് പാക്കേജ്, കൊറോണ വ്യാപനത്തിന്റെ അവസ്ഥ എന്നിവയൊക്കെ അറിഞ്ഞതിനു ശേഷം മാത്രമേ കൃത്യമായൊരു  പ്രവചനം സാധ്യമാകൂ.
മെയ് 17 വരെ ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഇനി വിപണിയില്‍ പതിയെ സെല്ലിംഗ് ദൃശ്യമായേക്കും. 8500-9000 ലെവലില്‍ നിഫ്റ്റി എത്തി വിപണി സ്ഥിരത പ്രാപിച്ചേക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നതെന്നും പ്രിന്‍സ് ജോര്‍ജ് പറയുന്നു.

വാറന്‍ ബഫേയെ പോലെ ആഗോള പ്രശസ്തിയുള്ള നിക്ഷേപകര്‍ പോലും ഓഹരി വിപണിയില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. വിപണി അസ്ഥിരമായ സാഹചര്യത്തില്‍ നിക്ഷേപകര്‍ സൂക്ഷിച്ചു മാത്രം മുന്നോട്ടു പോകുക. വളരെ ചെറിയ വിലയില്‍ കിട്ടുന്ന ഓഹരികള്‍ വാങ്ങിക്കൂട്ടുന്ന ഒരു പ്രവണ ഇപ്പോള്‍ കേരളത്തിലെ നിക്ഷേപകര്‍ക്കിടയിലുണ്ട്. എന്നാല്‍ അത് അത്ര നല്ല ശീലമല്ലെന്ന മുന്നറിയിപ്പും ഈ രംഗത്തെ വിദഗ്ധര്‍ നല്‍കുന്നു.  ഈ അവസരത്തില്‍ നിക്ഷേപകര്‍ക്ക് എസ്‌ഐപി റൂട്ടിലൂടെ നിക്ഷേപിക്കാം. വിപണി താഴുമ്പോള്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാമെന്നതിനാല്‍ കോസ്റ്റ് ആവറേജിംഗിന്റെ ഗുണം നിക്ഷേപകര്‍ക്ക് നേടാനാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline 

Similar News