സൂചികകള്‍ നഷ്ടത്തില്‍; എഫ്.എം.സി.ജിക്ക് തിളക്കം, മാരികോയും ഗോദ്‌റെജും പറന്നുയര്‍ന്നു
റേറ്റിംഗ് പിന്‍ബലത്തില്‍ ടിറ്റാഗഢ് റെയില്‍ സിസ്റ്റംസ് എട്ടര ശതമാനം കുതിച്ചു
ഉയര്‍ന്നു വ്യാപാരം തുടങ്ങിയെങ്കിലും വില്‍പന സമ്മര്‍ദം ഓഹരിസൂചികകളെ നഷ്ടത്തിലാക്കി. ബാങ്ക് ഓഹരികളും മിഡ്ക്യാപ് ഓഹരികളും കൂടുതല്‍ താഴ്ചയിലായി.
ബി.പി.സി.എല്ലും എച്ച്.പി.സി.എല്ലും വ്യാഴാഴ്ച ബോണസ് ഇഷ്യു പ്രഖ്യാപിക്കും. അന്നു ഡയറക്ടര്‍ ബോര്‍ഡ് യോഗം നാലാം പാദ റിസല്‍ട്ടുകള്‍ പരിഗണിക്കും. രണ്ട് ഓഹരികളും മൂന്നു ശതമാനം വരെ ഉയര്‍ന്നു.
മാരികോയുടെയും ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന്റെയും റിസല്‍ട്ടിനേക്കാള്‍ വരുമാനവും വിപണിയും സംബന്ധിച്ച നിഗമനമാണു വിപണിയെ ആകര്‍ഷിച്ചത്. കണ്‍സ്യൂമര്‍ ഉത്പന്ന വിപണി, പ്രത്യേകിച്ച് ഗ്രാമീണ മേഖല, തിരിച്ചുവരവിന്റെ പാതയിലാണെന്ന് കമ്പനികള്‍ വിലയിരുത്തി. മാരികോ പത്തും ഗോദ്‌റെജ് എട്ടും ശതമാനം വരെ കയറി. എഫ്.എം.സി.ജി കമ്പനികളായ ഡാബര്‍ നാലും നെസ്‌ലെ രണ്ടരയും ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ മൂന്നരയും ബ്രിട്ടാനിയ രണ്ടും എമാമി മൂന്നും ശതമാനം കയറി. എഫ്.എം.സി.ജി ഓഹരികളുടെ സൂചിക രണ്ടര ശതമാനം ഉയര്‍ന്നു.
നാലാം പാദത്തില്‍ ലാഭമാര്‍ജിന്‍ ഗണ്യമായി കുറഞ്ഞ റൂട്ട് മൊബൈല്‍ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.
മോര്‍ഗന്‍ സ്റ്റാന്‍ലി റേറ്റിംഗ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് ടിറ്റാഗഢ് റെയില്‍ സിസ്റ്റംസ് എട്ടര ശതമാനം കുതിച്ചു.
രൂപ, സ്വര്‍ണം, ക്രൂഡ്
രൂപ ഇന്നു രാവിലെ ബലപ്പെട്ടു. ഡോളര്‍ രണ്ടു പൈസ താഴ്ന്ന് 83.47 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.49 രൂപയിലെത്തി.
സ്വര്‍ണം ലോകവിപണിയില്‍ 2,325 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 240 രൂപ ഉയര്‍ന്ന് 53,080 രൂപയായി.
ക്രൂഡ് ഓയില്‍ വില സാവധാനം കയറുകയാണ്. ബ്രെന്റ് ഇനം 83.65 ഡോളര്‍ ആയി.