പ്രത്യേക വ്യാപാരത്തിലും നേട്ടം; സെന്‍സെക്‌സ് 74,000ന് മേലെ, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഇന്നും കുതിച്ചു

22,500 കടന്ന് നിഫ്റ്റി, ഈ പ്രതിരോധ ഓഹരികള്‍ അപ്പര്‍-സര്‍ക്യൂട്ടില്‍, ഓഹരി വിപണിക്ക് തിങ്കളാഴ്ച അവധി

Update:2024-05-18 16:44 IST
ഇന്ന് ശനിയാഴ്ച നടന്ന പ്രത്യേക വ്യാപാരത്തിലും നേട്ടം കുറിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 74,000 കടന്നപ്പോള്‍ നിഫ്റ്റി 22,500 പോയിന്റും ഭേദിച്ചു. തുടര്‍ച്ചയായ മൂന്നാംനാളിലാണ് ഓഹരി വിപണികളുടെ നേട്ടം.
സെന്‍സെക്‌സ് 88.91 പോയിന്റുയര്‍ന്ന് (+0.12%) 74,005.94ലും നിഫ്റ്റി 35.90 പോയിന്റ് (+0.16%) വര്‍ധിച്ച് 22,502ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇന്നൊരുവേള നിഫ്റ്റി 22,520 വരെയും സെന്‍സെക്‌സ് 74,162 വരെയും ഉയര്‍ന്നിരുന്നു.
ഓഹരി വ്യാപാരം നടക്കുന്ന പ്രൈമറി സൈറ്റ് അഥവാ പി.ആര്‍ സൈറ്റില്‍ നിന്ന് കൂടുതല്‍ സുരക്ഷിതമായ ഡി.ആര്‍ സൈറ്റ് എന്ന ഡിസാസ്റ്റര്‍ റിക്കവറി സൈറ്റിലേക്ക് പ്രവര്‍ത്തനം മാറ്റുന്നതിന്റെ ഭാഗമായാണ് എന്‍.എസ്.ഇയും ബി.എസ്.ഇയും
ഇന്ന് പ്രത്യേക വ്യാപാരം സംഘടിപ്പിച്ചത് (click here)
.
പച്ചപുതച്ച് വിശാല വിപണി
ആഗോള, ആഭ്യന്തരതലങ്ങളില്‍ നിന്നുള്ള അനുകൂല കാറ്റിന്റെ ചുവടുപിടിച്ചാണ് ഇന്ന് പ്രത്യേക വ്യാപാരത്തിലും ഇന്ത്യന്‍ ഓഹരി സൂചികകള്‍ നേട്ടം നിലനിറുത്തിയത്. അമേരിക്കയില്‍ ഡൗ ജോണ്‍സ് 40,000 എന്ന റെക്കോഡ് പോയിന്റ് ഭേദിച്ചത് ഉണര്‍വായി. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ (FIIs) വീണ്ടും ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിത്തുടങ്ങിയിട്ടുണ്ട്. ചില കമ്പനികള്‍ മികച്ച മാര്‍ച്ചുപാദ പ്രവര്‍ത്തനഫലം പുറത്തുവിട്ടതും ഈ വര്‍ഷം മികച്ച ഫലം പ്രതീക്ഷിക്കുന്നുവെന്ന വിലയിരുത്തലുകളും ഓഹരികളില്‍ വാങ്ങല്‍ താത്പര്യം സൃഷ്ടിച്ചിട്ടുണ്ട്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം 

 

വിശാല വിപണിയില്‍ ഇന്ന് എല്ലാ വിഭാഗങ്ങളും പച്ചപ്പിലായിരുന്നു. സീ എന്റര്‍ടെയ്ന്‍മെന്റ് കാഴ്ചവച്ച നേട്ടത്തിന്റെ കരുത്തില്‍ നിഫ്റ്റി മീഡിയയാണ് 1.24 ശതമാനം ഉയര്‍ന്ന് കൂടുതല്‍ തിളങ്ങിയത്. നിഫ്റ്റി മെറ്റല്‍ 0.53 ശതമാനവും ഫാര്‍മ 0.67 ശതമാനവും പി.എസ്.യു ബാങ്ക് 0.67 ശതമാനവും റിയല്‍റ്റി 0.78 ശതമാനവും നേട്ടത്തിലാണ്. ബാങ്ക് നിഫ്റ്റി 0.17 ശതമാനം ഉയര്‍ന്നു. നിഫ്റ്റി മിഡ്ക്യാപ്പ് 0.51 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.82 ശതമാനവും നേട്ടമുണ്ടാക്കി.

റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വ് പകരാന്‍ ചൈന പ്രഖ്യാപിച്ച രക്ഷാപ്പാക്കേജ് ഇന്ന് മെറ്റല്‍ ഓഹരികളെ നേട്ടത്തിലേക്ക് ഉയര്‍ത്താന്‍ വഴിയൊരുക്കി (Click here).

കാളകളുടെ ആഘോഷം
നിഫ്റ്റി50ല്‍ 38 ഓഹരികള്‍ നേട്ടത്തിലും 11 എണ്ണം നഷ്ടത്തിലുമായിരുന്നു. ഒരു ഓഹരിയുടെ വില മാറിയില്ല. നെസ്‌ലെ ഇന്ത്യ ഓഹരി 2.23 ശതമാനം ഉയര്‍ന്ന് നേട്ടത്തില്‍ മുന്നിലെത്തി. മാതൃകമ്പനിയായ നെസ്‌ലെയ്ക്ക് റോയല്‍റ്റി കൊടുക്കണമെന്ന നിര്‍ദേശത്തെ ഓഹരി ഉടമകളുടെ യോഗം വോട്ടിനിട്ട് തള്ളിയത് നെസ്‌ലെ ഇന്ത്യയുടെ ഓഹരികള്‍ക്ക് കരുത്തായി.
ജെ.എസ്.ഡബ്ല്യു സ്റ്റീലാണ് 1.79 ശതമാനം താഴ്ന്ന് നഷ്ടത്തില്‍ മുന്നിലുള്ളത്. മാര്‍ച്ചുപാദ ലാഭം 65 ശതമാനം ഇടിഞ്ഞതും പ്രവര്‍ത്തനഫലം പൊതുവേ നിരാശപ്പെടുത്തിയതും കമ്പനിയുടെ ഓഹരികളെ തളര്‍ത്തി.
ബി.എസ്.ഇയിലും ഇന്ന് കാളകള്‍ക്കായിരുന്നു മുന്‍തൂക്കം. 3,613 ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ 2,440 എണ്ണവും നേട്ടമെഴുതി. 1,037 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 136 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
200 ഓഹരികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരവും 26 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍ക്യൂട്ടില്‍ 350 ഓഹരികളുണ്ടായിരുന്നു. ലോവര്‍-സര്‍കീട്ടിലെത്തിയത് 103 ഓഹരികള്‍. ബി.എസ്.ഇയിലെ മൊത്തം ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്നും കുതിച്ചുയര്‍ന്നു. ഇന്ന് 2.11 ലക്ഷം കോടി രൂപ വര്‍ധിച്ച് മൂല്യം സര്‍വകാല ഉയരമായ 412.35 ലക്ഷം കോടി രൂപയിലെത്തി.
മുന്നേറിയവര്‍ ഇവര്‍
നെസ്‌ലെ, പവര്‍ഗ്രിഡ്, ടാറ്റാ മോട്ടോഴ്‌സ്, എല്‍ ആന്‍ഡ് ടി., എച്ച്.സി.എല്‍ ടെക്, എച്ച്.യു.എല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടി.സി.എസ്., എസ്.ബി.ഐ എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ 

 

ഭാരത് ഡൈനാമിക്‌സ്, ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്, സൈഡസ് ലൈഫ്‌സയന്‍സസ്, ഭാരത് ഇലക്ട്രോണിക്‌സ്, സീ എന്റര്‍ടെയ്ന്‍മെന്റ് എന്നിവ 4.4 മുതല്‍ 5 ശതമാനം വരെ ഉയര്‍ന്ന് നിഫ്റ്റി 200ലും നേട്ടത്തില്‍ മുന്നിലെത്തി.
മാര്‍ച്ചുപാദ ലാഭം 87.4 ശതമാനം വര്‍ധിച്ചത് ടയര്‍ നിര്‍മ്മാതാക്കളായ ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസിനെ ഇന്ന് 5 ശതമാനം ഉയര്‍ത്തി അപ്പര്‍-സര്‍ക്യൂട്ടിലെത്തിച്ചു. പ്രതിരോധ കമ്പനിയായ ഭാരത് ഡൈനാമിക്‌സിന് കരുത്തായത് മാര്‍ച്ചുപാദത്തില്‍ നേട്ടക്കണക്കുകളുടെ പ്രവര്‍ത്തനഫലം ഉണ്ടായേക്കും എന്ന വിലയിരുത്തലുകളാണ്.
മേയ് 30ന് കമ്പനി പ്രവര്‍ത്തനഫലം പുറത്തുവിടും. മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ ആത്മനിര്‍ഭര്‍ ഭാരത് കാമ്പയിനിലൂന്നി പ്രതിരോധ രംഗത്ത് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന വിലയിരുത്തലുകളും പ്രതിരോധ കമ്പനികളുടെ ഓഹരികളില്‍ വലിയ വാങ്ങല്‍ താത്പര്യം സൃഷ്ടിക്കുകയാണ്.
മികച്ച മാര്‍ച്ചുപാദ ഫലം പുറത്തുവരുമെന്ന വിലയിരുത്തലുകളുടെ കരുത്തില്‍ ഭാരത് ഇലക്ട്രോണിക്‌സും ഇന്ന് 5 ശതമാനം കുതിച്ച് അപ്പര്‍-സര്‍ക്യൂട്ടിലേറി. മാര്‍ച്ചുപാദത്തില്‍ ലാഭം 297 കോടി രൂപയില്‍ നിന്ന് 1,182 കോടി രൂപയിലേക്ക് ഉയരുകയും എബിറ്റ്ഡ 30 ശതമാനം കുതിക്കുകയും ചെയ്തത് സൈഡസ് ഓഹരികളെയും ഇന്ന് 5 ശതമാനം ഉയര്‍ത്തി.
നിരാശപ്പെടുത്തിയവര്‍
ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, അള്‍ട്രടെക് സിമന്റ്, മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ ഇന്ന് സെന്‍സെക്‌സില്‍ നഷ്ടം രേഖപ്പെടുത്തിയ പ്രമുഖരാണ്.
ഇന്ന് കൂടുതൽ നിരാശപ്പെടുത്തിയവർ 

 

ഡെല്‍ഹിവെറി, ആസ്ട്രല്‍, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, എ.പി.എല്‍ അപ്പോളോ ട്യൂബ്‌സ്, എന്‍.എച്ച്.പി.സി എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നിരാശപ്പെടുത്തിയവര്‍; ഇവര്‍ ഒന്നര മുതല്‍ 5 ശതമാനം വരെ ഇടിഞ്ഞു.
ഡിസംബര്‍ പാദത്തിലെ 12 കോടി രൂപയുടെ ലാഭത്തില്‍ നിന്ന് കഴിഞ്ഞപാദത്തില്‍ 68.5 കോടി രൂപയുടെ നഷ്ടത്തിലേക്ക് പതിച്ചത് ഡെല്‍ഹിവെറിയുടെ ഓഹരികളെ ഇന്ന് 5 ശതമാനം താഴേക്ക് നയിച്ചു. മാര്‍ച്ചുപാദ ലാഭം കുറഞ്ഞതും എബിറ്റ്ഡ മോശമായതുമാണ് ആസ്ട്രലിനും തിരിച്ചടിയായത്.
കുതിക്കുന്ന കപ്പല്‍ശാല
പ്രതിരോധ ഓഹരികള്‍ പൊതുവേ കാഴ്ചവയ്ക്കുന്ന കുതിപ്പില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടും യൂറോപ്പില്‍ നിന്നുള്ള 1,000 കോടിയോളം രൂപയുടെ പുതിയ ഓര്‍ഡറിന്റെ കരുത്തിലും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി ഇന്നും മിന്നിത്തിളങ്ങി. ഓഹരി 4.87 ശതമാനം ഉയര്‍ന്ന് പുതിയ ഉയരമായ 1,483 രൂപയിലെത്തി.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം 

 

ഹാരിസണ്‍സ് മലയാളം, ഇന്‍ഡിട്രേഡ്, പാറ്റ്‌സ്പിന്‍, ടി.സി.എം., വെര്‍ട്ടെക്‌സ് എന്നിവയും ഇന്ന് രണ്ട് ശതമാനത്തിലധികം ഉയര്‍ന്നു.
ആസ്റ്റര്‍, സി.എം.ആര്‍.എല്‍., ഫെഡറല്‍ ബാങ്ക്, കല്യാണ്‍ ജുവലേഴ്‌സ്, കേരള ആയുര്‍വേദ, മണപ്പുറം ഫിനാന്‍സ്, നിറ്റ ജെലാറ്റിന്‍, സ്റ്റെല്‍, വി-ഗാര്‍ഡ് എന്നിവ ഇന്ന് നഷ്ടത്തിലാണുള്ളത്.
ഓഹരി വിപണിക്ക് തിങ്കളാഴ്ച അവധി
മുംബൈയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്ന തിങ്കളാഴ്ച (May 20) ബി.എസ്.ഇക്കും എന്‍.എസ്.ഇക്കും അവധിയാണ്. ഇക്വിറ്റി, കമ്മോഡിറ്റി, കറന്‍സി തുടങ്ങിയ വിപണികളൊന്നും അന്ന് പ്രവര്‍ത്തിക്കില്ല.
Tags:    

Similar News