അപ്പര്‍-സര്‍ക്യൂട്ടില്‍ കയറി ഈ കേരള 'സ്‌മോള്‍ക്യാപ്പ്' ഓഹരി; വഴിയൊരുക്കിയത് മാര്‍ച്ചിലെ ബമ്പര്‍ പ്രവര്‍ത്തനഫലം

മാര്‍ച്ചുപാദ ലാഭം മൂന്നുവര്‍ഷത്തെ ഏറ്റവും ഉയരത്തില്‍

Update:2024-05-18 11:43 IST

Image : Canva

കേരളം ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ കാലിത്തീറ്റ നിര്‍മ്മാണക്കമ്പനിയായ കെ.എസ്.ഇ ലിമിറ്റഡിന്റെ (KSE Limited/Kerala Solvent Extractions Ltd) ഓഹരിവില ഓഹരി വിപണിയില്‍ പ്രത്യേക വ്യാപാരം നടക്കുന്ന ഇന്ന് 5 ശതമാനം കുതിച്ച് അപ്പര്‍-സര്‍ക്യൂട്ടിലെത്തി. 2,013.70 രൂപയിലാണ് നിലവില്‍ ഓഹരിയുള്ളത്.
ഇന്നലെ പ്രഖ്യാപിച്ച ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചുപാദ പ്രവര്‍ത്തനഫല കണക്കുകളുടെ പിന്‍ബലത്തിലാണ് ഈ സ്‌മോള്‍ക്യാപ്പ് കമ്പനിയുടെ ഓഹരികളുടെ മുന്നേറ്റം. 644 കോടി രൂപ വിപണിമൂല്യമുള്ള കെ.എസ്.ഇ ലിമിറ്റഡിന്റെ ഓഹരികള്‍ വില്‍ക്കാന്‍ ഇന്ന് ഇടപാടുകാരാരുമില്ലാതെയാണ് ഓഹരി അപ്പര്‍-സര്‍ക്യൂട്ടിലേറി കുതിച്ചത്.
ലാഭം മൂന്ന് വര്‍ഷത്തെ ഉയരത്തില്‍
കെ.എസ്.ഇ ലിമിറ്റഡിന്റെ ലാഭം ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ 18.92 കോടി രൂപയിലെത്തി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ലാഭമാണിത്. മുന്‍വര്‍ഷത്തെ (2022-23) സമാനപാദത്തില്‍ കുറിച്ചതാകട്ടെ 3.59 കോടി രൂപയുടെ നഷ്ടവുമായിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനി 1.15 കോടി രൂപയുടെ ലാഭമാണ് നേടിയിരുന്നത്.
കെ.എസ്.ഇ ലിമിറ്റഡ് ഉത്പന്നങ്ങൾ

 

മൊത്ത വരുമാനം 397.45 കോടി രൂപയില്‍ നിന്ന് 5.1 ശതമാനം മെച്ചപ്പെട്ട് 417.91 കോടി രൂപയായി. മൊത്തം പ്രവര്‍ത്തന വരുമാനമായ 416.57 കോടി രൂപയില്‍ 360.06 കോടി രൂപയും ലഭിച്ചത് കാലിത്തീറ്റ വില്‍പനയില്‍ നിന്നാണ്. ഓയില്‍കേക്ക്, പാല്‍-പാലുത്പന്ന വിഭാഗങ്ങളും കമ്പനിക്കുണ്ട്. 96.97 കോടി രൂപ ഓയില്‍കേക്ക് വിഭാഗത്തില്‍ നിന്നും വെസ്റ്റ ഐസ്‌ക്രീം ഉള്‍പ്പെടെയുള്ള പാല്‍-പാലുത്പന്ന വിഭാഗത്തില്‍ നിന്ന് 14.12 കോടി രൂപയും ലഭിച്ചു. 
ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ മൊത്ത വരുമാനം 406.38 കോടി രൂപയായിരുന്നു.

കഴിഞ്ഞവര്‍ഷത്തെ (2023-24) മൊത്തം ലാഭം 17.60 കോടി രൂപയാണ്. തൊട്ടുമുന്‍വര്‍ഷം കുറിച്ചത് 2.38 കോടി രൂപയുടെ നഷ്ടമായിരുന്നു. മൊത്ത വരുമാനം 1,615.40 കോടി രൂപയില്‍ നിന്ന് 1,687.46 കോടി രൂപയിലേക്കും മെച്ചപ്പെട്ടു. 
മ്യൂച്വല്‍ഫണ്ടും കാഷും
പ്രവര്‍ത്തനഫലത്തിലെ കണക്കുകള്‍ പ്രകാരം കെ.എസ്.ഇ ലിമിറ്റഡിന്റെ കൈവശം 13 കോടി രൂപയുടെ കാഷും കാഷ് തത്തുല്യവുമുണ്ട്. 32 കോടി രൂപയുടെ മ്യൂച്വല്‍ഫണ്ട് നിക്ഷേപവുമുണ്ട്. 21 കോടി രൂപയാണ് കടബാധ്യത.
ഓഹരികളുടെ പ്രകടനം
കഴിഞ്ഞ 5 വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 53 ശതമാനവും ഒരുവര്‍ഷത്തിനിടെ 17 ശതമാനവും നേട്ടം സമ്മാനിച്ച ഓഹരിയാണ് കെ.എസ്.ഇ ലിമിറ്റഡ്.
1963ല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് തൃശൂര്‍ ഇരിങ്ങാലക്കുട ആസ്ഥാനമായുള്ള ഈ കമ്പനി. കെ.എസ് കാലിത്തീറ്റയ്ക്ക് പുറമേ കെ.എസ് പാല്‍, കെ.എസ് നെയ്യ്, വെസ്റ്റ ഐസ്‌ക്രീം തുടങ്ങിയവയും കമ്പനി വിപണിയിലെത്തിക്കുന്നു.


(This is not a stock recommendation. Equity investing is subject to market risk. Please do your own research or consult a financial advisor before investing)

Tags:    

Similar News