ഐപിഒയില്‍ നിക്ഷേപിക്കും മുമ്പ് തീര്‍ച്ചയായും ഓര്‍ത്തിരിക്കേണ്ട 7 കാര്യങ്ങള്‍

ആവേശത്തില്‍ എടുത്തുചാടി നിക്ഷേപിക്കാന്‍ ഒരുങ്ങേണ്ട ഇടമല്ല ഐപിഒ. അറിയാം

Update:2022-08-12 16:01 IST

Photo : Canva

പ്രാരംഭ ഓഹരി വില്‍പ്പന അഥവാ ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ് (IPO) എന്നാല്‍ ഒരു കമ്പനിയുടെ ഓഹരി പങ്കാളിത്തം പൊതുജനങ്ങള്‍ക്കായി തുറക്കുന്ന പ്രക്രിയയാണ്. ചരിത്രത്തിലെ ഏറ്റവുമധികം ഐപിഓകള്‍ കണ്ട വര്‍ഷമായിരുന്നു കഴിഞ്ഞ് പോയത്. ഈ വര്‍ഷവും താരതമ്യേന ഐപിഒകളുടെ എണ്ണം കൂടുതലാണ്. എന്നിരുന്നാലും ഐപിഒ വഴി നിക്ഷേപം നടത്തുമ്പോള്‍ നാം ഏറേ കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം.

1. കമ്പനിയെക്കുറിച്ച് പരിശോധിക്കുക
ഐപിഒയില്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പ് പണം നിക്ഷേപിക്കാന്‍ ഉദ്ധേശിക്കുന്ന കമ്പനിയെപ്പറ്റി കൃത്യമായി അറിഞ്ഞിരിക്കണം. കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ നിര്‍ണ്ണായക വിവരങ്ങളും സെബിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇത് കൃത്യമായി പരിശോധിച്ച് ഉയര്‍ന്ന വളര്‍ച്ച സാധ്യതയുള്ള കമ്പനിയില്‍ നിക്ഷേപിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ മുന്‍കാല പ്രകടനവും പരിശോധിക്കുന്നത് ശരിയായ കമ്പനികളില്‍ നിക്ഷേപിക്കാന്‍ നിങ്ങളെ സഹായിക്കും.
2. ഐപിഒ വഴി ശേഖരിക്കുന്ന പണം കമ്പനിക്ക് എന്തിന്
ഐപിഒ വഴി ശേഖരിക്കുന്ന പണം കമ്പനിഎന്തിന് ഉപയോഗിക്കുന്നു എന്നത് നിര്‍ണ്ണായകമാണ്. ഐപിഒയില്‍ നിന്ന് ലഭിക്കുന്ന പണം വികസനങ്ങള്‍ക്കും കടങ്ങള്‍ തീര്‍ക്കുന്നതിനുമായി ഒക്കെ ആണ് ഉപയോഗിക്കുന്നത് .
3. താരതമ്യപഠനം വേണം
ഒരു കമ്പനിയെ അതിന്റ്റെ പിയര്‍ ഗ്രൂപ്പുമായി താരതമ്യം ചെയ്യുന്നത് ഒരു മികച്ച ഐപിഒ വിശകലന രീതിയാണ്. ഇത് നിങ്ങളുടെ നിക്ഷേപ സാധ്യത വര്‍ദ്ധിപ്പിക്കുകയും ശരിയായ രീതിയില്‍ നിക്ഷേപം നടത്താന്‍ സഹായിക്കുകയും ചെയ്യും. അതായത് ഒരു കമ്പനിയുടെ ഐപിഒ ഓഫര്‍ അതിന്റ്റെ പിയര്‍ ഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചിലവേറിയതാണെങ്കില്‍ ആ കമ്പനിയില്‍ പണം നിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ നഷ്ട സാധ്യത കുറയ്ക്കുമെന്ന് മാത്രമല്ല ശരിയായ കമ്പനിയില്‍ നിക്ഷേപിക്കാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.
4. നഷ്ട സാധ്യതകള്‍ വിലയിരുത്തുക
ഐപിഒ വഴി പണം നിക്ഷേപിക്കുമ്പോള്‍ നിക്ഷേപിക്കുന്ന കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും നഷ്ട സാധ്യതകളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കേണ്ടതാണ്. ഇത്തരം നഷ്ട സാധ്യതകളെ കൃത്യമായി വിലയിരുത്താന്‍ കമ്പനിയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്‌പെക്ടസ് സഹായകമാണ്. ഒരു കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍, നിയമ നടപടികള്‍, ബാധ്യതകള്‍, നഷ്ട സാധ്യതകള്‍ എന്നിവ ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്‌പെക്ടസില്‍ വിവരിച്ചിട്ടുണ്ടാകും.
5. കമ്പനിയുടെ ഭാവി സാധ്യതകള്‍ പരിശോധിക്കുക
നിങ്ങള്‍ നിക്ഷേപിക്കാന്‍ ഉദ്ധേശിക്കുന്ന കമ്പനിയുടെ മേഖലയുടെ ഭാവി സാധ്യതകള്‍ പരിശോധിക്കേണ്ടത് ആവശ്യമാണ്. കാരണം സാധ്യത കുറഞ്ഞ മേഖലയില്‍ നിക്ഷേപിക്കുന്നത് നഷ്ട സാധ്യത വര്‍ദ്ധിപ്പിക്കും. വിദ്യാഭ്യാസ മേഖല, വിവര സാങ്കേതികവിദ്യ തുടങ്ങിയവ മികച്ച ഭാവി പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതുക്കൊണ്ട് തന്നെ ഇത്തരം മേഖലകളില്‍ നിക്ഷേപിക്കുന്നത് കൂടുതല്‍ ലാഭമുണ്ടാക്കാന്‍ നിക്ഷേപകരെ സഹായിക്കും.
6. റിസ്‌കുകള്‍ അറിയുക
ഐപിഒ ഒരു വലിയ റിസ്‌ക് കൂടിയാണെന്ന് മനസ്സിലാക്കുക. പലരും തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടി ആയിരിക്കും ഐപിഓയിലൂടെ ഓഹരി വിപണിയിലേക്കിറങ്ങുക. എന്നാല്‍ എപ്പോഴും വിപണിയിലെ ലാഭനഷ്ട സാധ്യതകള്‍ നേരിടാന്‍ തയ്യാറായിരിക്കുകയും വേണം.
7. കടം വാങ്ങി നിക്ഷേപിക്കരുത്
കടം വാങ്ങി ഫണ്ടുകളില്‍ നിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഐപിഒയില്‍ നിക്ഷേപിക്കുമ്പോള്‍ ഐപിഒ ഓഫര്‍ തുറന്ന് രണ്ടോ മൂന്നോ ദിവസത്തിന് ശേഷം പൊതു പ്രതികരണം വിലയിരുത്തിയ ശേഷം നിക്ഷേപിക്കാന്‍ ശ്രദ്ധിക്കുക. ഇത് റിസ്‌ക്ക് കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.


Tags:    

Similar News