52 രൂപയില്‍നിന്ന് 143 രൂപയിലേക്ക്, ചാഞ്ചാട്ടത്തിലും ഒരു മാസത്തിനിടെ ഈ കമ്പനിയുടെ ഓഹരി വില ഉയര്‍ന്നത് 176 ശതമാനം

ഒരു വര്‍ഷത്തിനിടെ മാത്രം ഓഹരി വിലയില്‍ 868 ശതമാനത്തിന്റെ നേട്ടമാണ് നിക്ഷേപകര്‍ക്ക് ലഭിച്ചത്

Update: 2022-02-15 10:00 GMT

ഒരു മാസം മുമ്പ് ഓഹരി വിപണിയില്‍ നിങ്ങള്‍ നിക്ഷേപിച്ച തുക 14 ലക്ഷമായി തിരികെ ലഭിച്ചാലോ... അത്ഭുതമായിരിക്കുമല്ലേ, അതും ഓഹരി വിപണി ചാഞ്ചാടിക്കളിക്കുന്ന ഇക്കാലത്ത്. എങ്കില്‍ അത്തരത്തില്‍ അത്ഭുതകരമായ ലാഭം നേടിക്കൊടുത്തൊരു കമ്പനിയുണ്ട്, വരിമാന്‍ ഗ്ലോബല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്.

ഒരു മാസത്തിനിടെ 176 ശതമാനത്തിലധികം വളര്‍ച്ചയാണ് ഈ കമ്പനിയുടെ ഓഹരി വിലയിലുണ്ടായിരിക്കുന്നത്. അതായത്, ജനുവരി 17 ന് 51.90 രൂപയായിരുന്നു ഈ കമ്പനിയുടെ ഓഹരി വിലയെങ്കില്‍ ഇന്ന് അത് 143 രൂപയിലാണ് എത്തിനില്‍ക്കുന്നത്. ആറുമാസത്തിനിടെ മാത്രം 250 ശതമാനത്തിന്റെ നേട്ടമാണ് ഈ കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഒരുവര്‍ഷത്തിനിടെ ഓഹരി വില ഉയര്‍ന്നത് 868 ശതമാനത്തോളം. 2017 ജൂണില്‍ 9.72 രൂപയില്‍ ലിസ്റ്റ് ചെയ്ത ഈ കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന ഓഹരി വിലയും ഇതാണ്.
ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ സൊലൂഷന്‍സ്, എഫ്എംസിജി ആന്റ് ഐടി ഡിസ്ട്രിബൂഷന്‍, ഐടി സോഫ്‌റ്റ്വെയര്‍ ഡെവലപ്‌മെന്റ് എന്നീ മേഖലകളിലാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പ്രവര്‍ത്തിക്കുന്നത്. 28 വര്‍ഷത്തോളമായി ഈ രംഗത്ത് തുടരുന്ന കമ്പനിക്ക് അടുത്തിടെ മികച്ച ഓര്‍ഡറുകള്‍ നേടാനായതാണ് ഓഹരി വിപണിയിലെ മികച്ച പ്രകടനത്തിന് സഹായകമായത്. ലാപ്‌ടോപ്പ് നോട്ട്ബുക്കുകളും യുപിഎസും വിതരണം ചെയ്യുന്നതിനായി 1.29 കോടിരൂപയുടെ ഓര്‍ഡര്‍ അടുത്തിനിടെ വരിമാന്‍ ഗ്ലോബല്‍ എന്റര്‍പ്രൈസസിന് ലഭിച്ചിരുന്നു. കൂടാതെ, മൂന്നാം പാദത്തില്‍ മികച്ച നേട്ടവും കമ്പനി നേടി. മുന്‍പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനത്തില്‍ 469 ശതമാനത്തിന്റെ വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്.
കമ്പനിയുടെ 32.92 ശതമാനം ഓഹരികള്‍ പ്രൊമോട്ടര്‍മാരുടെ കൈവശവും 1.49 ശതമാനം ഓഹരികള്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെയും ബാക്കി 65.59 ശതമാനം ഓഹരികള്‍ നോണ്‍- ഇന്‍സ്റ്റിറ്റിയഷണല്‍ നിക്ഷേപകരുടെയും കൈവശവുമാണുള്ളത്.


Tags:    

Similar News