സമ്മര്‍ദ്ദ പരീക്ഷ: സ്‌മോള്‍, മിഡ്ക്യാപ് വിഭാഗത്തില്‍ പുതിയ ഫണ്ടുകളുടെ ഇടിവ്

ജനുവരിക്ക് ശേഷം സെബിയുടെ അനുമതി തേടിയതില്‍ സ്‌മോള്‍ക്യാപ് വിഭാത്തില്‍ ഒരു മ്യൂച്വല്‍ ഫണ്ട് മാത്രം

Update: 2024-03-21 04:53 GMT

Image by Canva

ജനുവരി മുതല്‍ മാര്‍ച്ച് ഇതുവരെ സെബിയുടെ അംഗീകാരം തേടിയ മ്യൂച്വല്‍ ഫണ്ടുകളില്‍ സ്‌മോള്‍ക്യാപ്, മിഡ്ക്യാപ് ഗണത്തില്‍ പെടുന്നത് ഒരു ഫണ്ട് മാത്രം. ബന്ധന്‍ നിഫ്റ്റി മൈക്രോക്യാപ് 250 ഇന്‍ഡക്‌സ് ഫണ്ട് മാത്രമാണ് ഈ ഗണിത്തില്‍പെടുന്നത്. അനുമതി തേടിയ 32 പുതിയ മ്യൂച്വല്‍ ഫണ്ടുകളുടെ വിവരമാണ് സെബി പുറത്തുവിട്ടത്. 

കാലതാമസം കൂടുതല്‍

സെബിയുടെ നിര്‍ദേശ പ്രകാരം 2024 മാര്‍ച്ച് 15 മുതല്‍ സ്‌മോള്‍ക്യാപ്, മിഡ്ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകള്‍ ആദ്യത്തെ സമ്മര്‍ദ പരിശോധന ഫലങ്ങള്‍ പുറത്തുവിട്ടു. സ്‌മോള്‍ക്യാപ് ഫണ്ടുകളിലെ നിക്ഷേപങ്ങളില്‍ കൂടുതല്‍ പിന്‍വലിക്കല്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഫണ്ടുകള്‍ക്ക് ഓഹരികള്‍ വിറ്റ് പണമാക്കാനുള്ള കാലതാമസം 60 ദിവസം വരെ നീളുന്നതായി സമ്മര്‍ദ പരിശോധനയില്‍ കണ്ടെത്തി. മൊത്തം പോര്‍ട്ട്‌ഫോളിയോയുടെ 50 ശതമാനം വിറ്റഴിക്കാനാണ് ഇത്രയും താമസം നേരിടുന്നത്. 25 ശതമാനം പോര്‍ട്ട്ഫോളിയോ വിറ്റ് പണമാക്കാന്‍ 30 ദിവസം വരെ വേണ്ടി വരുന്നുണ്ട്.

മിഡ്ക്യാപ് ഓഹരികള്‍ വ്യാപാര സമ്മര്‍ദ്ദം നേരിടുന്ന കാലയളവില്‍ 50 ശതമാനം പോര്‍ട്ടഫോളിയോ വിറ്റഴിക്കാന്‍ 34 ദിവസം വരെ എടുക്കുന്നതായി കണ്ടെത്തി. 25 ശതമാനം ഓഹരികള്‍ 0.22 മുതല്‍ 12 ദിവസം വരെ വേണ്ടി വന്നു.

ഊഹക്കച്ചവടം തടയാന്‍

സ്‌മോള്‍ള്‍ക്യാപ്, മിഡ്ക്യാപ് ഓഹരികളുടെ മൂല്യം അമിതമായ ഉയര്‍ത്തി ഊഹക്കച്ചവടം തടയാന്‍ ലക്ഷ്യമിട്ടാണ് സെബി ഇത്തരം ഓഹരികളിലേക്ക് നിക്ഷേപത്തിന്റെ ഒഴുക്ക് തടയാന്‍ കുറച്ചു മാസങ്ങളായി ശ്രമിക്കുന്നത്.

സ്മാള്‍ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കണമെന്ന് ഫണ്ടുകള്‍ക്ക് നിര്‍ദേശം ലഭിച്ചതോടെ പുതിയ സ്‌മോള്‍ക്യാപ്, മിഡ്ക്യാപ് മ്യൂച്വല്‍ ഫണ്ടുകള്‍ പുറത്തിറക്കാനുള്ള സാധ്യത കുറയുകയുമാണ്. നിലവില്‍ വൈവിധ്യമാര്‍ന്ന നിക്ഷേപങ്ങള്‍ നടത്തുന്നതോ ഏതെങ്കിലും മേഖല കേന്ദ്രികരിച്ച് ഓഹരികളില്‍ നിക്ഷേപം നടത്തുന്നതോ ആയ ഫണ്ടുകളാണ് പുതുതായി സെബിയുടെ അനുമതി തേടിയിരിക്കുന്നത്.

സമ്മര്‍ദ്ദ പരിശോധനാ ഫലം വിവിധ മ്യൂച്വല്‍ ഫണ്ട് പദ്ധതികളുടെ വ്യത്യസ്തമായ റിസ്‌കുകളെ കുറിച്ച് സൂചന തരുന്നതല്ലാതെ നിക്ഷേപകര്‍ക്ക് പ്രായോഗികമായ തീരുമാനം അതില്‍ നിന്ന് എടുക്കാന്‍ സാധിക്കില്ലെന്ന് വിപണി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News