സ്വർണത്തിന് ഇന്നും വിലക്കയറ്റം; കുതിപ്പായത് അമേരിക്കൻ കാറ്റ്, പണിക്കൂലിയടക്കം ഇന്നത്തെ വില ഇങ്ങനെ
വെള്ളിവിലയും മുന്നോട്ട്
ആഭരണപ്രേമികള്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും കടുത്ത ആശങ്ക നല്‍കി സ്വര്‍ണവില ഇന്ന് കത്തിക്കയറി. പുതിയ റെക്കോഡ് കുറിക്കാന്‍ ഏതാനും രൂപ മാത്രം അകലെയാണ് ഇന്നത്തെ വില.
കേരളത്തില്‍ ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് വില 6,785 രൂപയായി. 560 രൂപ ഉയര്‍ന്ന് 54,280 രൂപയാണ് പവന്‍വില. ഏപ്രില്‍ 19ന് കുറിച്ച ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമാണ് സംസ്ഥാനത്തെ എക്കാലത്തെയും ഉയര്‍ന്ന വില.
18 കാരറ്റും വെള്ളിയും
സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 5,650 രൂപയിലെത്തി. വെള്ളിവിലയും കൂടുകയാണ്. ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 92 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
പൊന്നിന്‍വില കത്തുന്നു
ലോകത്തെ ഏറ്റവും വലിയ സമ്പദ്ശക്തിയായ അമേരിക്കയില്‍ കഴിഞ്ഞമാസത്തെ റീറ്റെയ്ല്‍ പണപ്പെരുപ്പം (US CPI Inflation) രണ്ടുമാസത്തെ കുതിപ്പിന് വിരാമമിട്ട് കുറഞ്ഞതാണ് സ്വര്‍ണവിലയെ പുതിയ കുതിപ്പിലേക്ക് നയിച്ചത്. ഫെബ്രുവരിയിലും മാര്‍ച്ചിലും പ്രതീക്ഷകള്‍ തെറ്റിച്ച് ഉയര്‍ന്ന പണപ്പെരുപ്പം കഴിഞ്ഞമാസം 0.3 ശതമാനത്തിലേക്ക് താഴ്ന്നു. മാര്‍ച്ചില്‍ ഇത് 0.4 ശതമാനം ആയിരുന്നു.
പണപ്പെരുപ്പം കുറഞ്ഞ പശ്ചാത്തലത്തില്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് വൈകാതെ തന്നെ കുറയ്ക്കാന്‍ തയ്യാറായേക്കും. അടുത്തമാസം ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക ധനനയ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായേക്കും.
പണപ്പെരുപ്പവും പലിശനിരക്കും കുറയുന്നത് സ്വര്‍ണത്തിന് നേട്ടമാണ്. കാരണം, പലിശ കുറയുന്നതിന് അനുപാതികമായി ഡോളറിന്റെ മൂല്യവും അമേരിക്കന്‍ സര്‍ക്കാരിന്റെ ട്രഷറി ബോണ്ട് യീല്‍ഡും (കടപ്പത്രങ്ങളില്‍ നിന്നുള്ള ആദായനിരക്ക്) താഴും.
ഇതോടെ നിക്ഷേപകര്‍ ഡോളറിനെയും കടപ്പത്രങ്ങളെയും കൈവിട്ട് നിക്ഷേപം സ്വര്‍ണത്തിലേക്ക് മാറ്റും. ഡിമാന്‍ഡേറുന്നതോടെ സ്വര്‍ണവില കൂടും. കഴിഞ്ഞവാരം ഔണ്‍സിന് 2,360 ഡോളറിന് താഴെയായിരുന്ന വില, ഇന്ന് 2,400 ഡോളര്‍ ഭേദിച്ചു. ഇതാണ് ഇന്ത്യയിലും വില കൂടാനിടയാക്കിയത്.
ഒരു പവന് ഇന്നെന്ത് നല്‍കണം?
54,280 രൂപയാണ് ഇന്നൊരു പവന്റെ വില. ഒരു പവന്‍ ആഭരണത്തിന് പക്ഷേ, ഈ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപ എച്ച്.യു.ഐ.ഡി (HUID Charge) ഫീസും അതിന്റെ 18 ശതമാനം ജി.എസ്.ടിയും, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവ കൊടുക്കണം. അതായത് 58,760 രൂപയെങ്കിലും കൊടുത്താലേ ഇന്നൊരു പവന്‍ ആഭരണം കേരളത്തില്‍ വാങ്ങാന്‍ കഴിയൂ.