പലിശ കുറയും മുന്‍പ് നിക്ഷേപിക്കാം ചെറുകിട സമ്പാദ്യ പദ്ധതികളില്‍

Update: 2020-03-24 11:22 GMT

എന്നും നിക്ഷേപകരുടെ പ്രിയപ്പെട്ട നിക്ഷേപമാര്‍ഗമാണ് ചെറുകിട സമ്പാദ്യ പദ്ധതികള്‍. താരതമ്യേന റിസ്‌ക് കുറവാണെന്നതും സ്ഥിരമായ നേട്ടം വാഗ്ദാനം ചെയ്യുന്നുവെന്നതുമാണ് ഇവയെ നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ട സമ്പാദ്യ മാര്‍ഗമാക്കി മാറ്റുന്നത്. നിലവിലെ അനിശ്ചിതത്വം നിറഞ്ഞ സാഹര്യത്തില്‍ ചെറുകിട സമ്പാദ്യ പദ്ധതികളുടെ ആകര്‍ഷണം ഉയര്‍ന്നിട്ടുമുണ്ട്.
 എന്നാല്‍ ഏപ്രില്‍-ജൂണ്‍ പാദം മുതല്‍ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ കുറയ്ക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. കോവിഡ് 19 ബാധമൂലമുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍  നിരക്കു കുറയ്ക്കല്‍ ഒഴിവാക്കാനുള്ള സാഹചര്യം വളരെ കുറവാണ്.
റിസര്‍വ് ബാങ്ക് വായ്പാ പലിശ നിരക്ക് കുറയ്ക്കുന്നതിന്റെ ഗുണം വിപണിയില്‍ കാണണമെങ്കില്‍ നിക്ഷേപ പലിശയും കുറയണമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.
നിലവില്‍ 30 ഓളം കേന്ദ്ര ബാങ്കുകളുടെ അവരുടെ നിരക്കുകള്‍ കുറച്ചിട്ടുണ്ട്. അതില്‍ തന്നെ 11 ഓളം കമ്പനികള്‍ രണ്ടു തവണയാണ് നിരക്ക് കുറച്ചത്.
അതേ സമയം ബാങ്കുകള്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് നിരക്ക് കുറച്ചെങ്കിലും ചെറു നിക്ഷേപങ്ങളുടെ നിരക്ക് പരിഷ്‌കരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അസ്വാഭാവികമായൊരു വ്യത്യാസം ഇവയില്‍ ദൃശ്യമായിരുന്നു.

ബാങ്ക് നിക്ഷേപത്തേക്കാള്‍ നേട്ടം
ബാങ്ക് നിക്ഷേപത്തേക്കാള്‍ ഒരു ശതമാനമെങ്കിലും പലിശ കൂടുതലാണിവയ്ക്ക്. പിപിഎഫ്, എന്‍എസ് സി എന്നിവയ്ക്ക് 7.9 ശതമാനം, കിസാന്‍ വികാസ് പത്രയ്ക്ക് 7.6 ശതമാനം, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന് 8.6 ശതമാനം, സുകന്യ സമൃദ്ധി യോജനയ്ക്ക് 8.40 ശതമാനം എന്നിങ്ങനെയാണ് ഇപ്പോഴത്തെ പലിശ നിരക്ക്. ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് മൂന്നു മാസം കൂടുമ്പോള്‍ സര്‍ക്കാര്‍ പതുക്കും.

 നിലവിലെ നിരക്കില്‍ നിക്ഷേപം നടത്താന്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ നിരവധി മാര്‍ഗങ്ങളുണ്ട്. പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന തുടങ്ങിയ മാര്‍ഗങ്ങളില്‍ നിരക്ക് കുറച്ചാല്‍ അത് നിലവിലുള്ള നിക്ഷേപകര്‍ക്കും ബാധകമായിരിക്കും. മറ്റ് നിക്ഷേപ മാര്‍ഗങ്ങളില്‍ കാലാവധി തീരുന്നതു വരെ ഒരേ നിരക്കായിരിക്കം. ഈ അവസരം പ്രയോജനപ്പെടുത്തുന്ന നിക്ഷേപകര്‍ക്ക് മികച്ച നേട്ടം ഉറപ്പാക്കാം.

നിരക്ക് കുറയ്ക്കലിനു ശേഷവും മിക്ക ചെറുകിട സമ്പാദ്യ പദ്ധതികളും ആകര്‍ഷകമായി തന്നെ തുടരുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കുന്ന സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, 10 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ഉദ്ദേശിച്ചുള്ള സുകന്യ സമൃദ്ധി സ്‌കീം, ദീര്‍ഘകാല നിക്ഷേപകരെ ലക്ഷ്യമിട്ടുള്ള പബ്ലിക് പ്രോവിഡന്റ് ഫണ്ട് എന്നിവയാണ് ആകര്‍ഷകമായ പദ്ധതികള്‍.
നിരക്ക് കുറയ്ക്കലിനു ശേഷം മറ്റു സ്ഥിര നിക്ഷേപങ്ങളുടെ റിട്ടേണുമായി താരതമ്യം നടത്തിയ ശേഷം ഒരു മാര്‍ഗം തെരഞ്ഞെടുക്കുന്നതാണ് ഉചിതം. നിക്ഷേപത്തിനു മുന്‍പ് ലിക്വിഡിറ്റിക്ക് കൂടി പ്രാധാന്യം നല്‍കണം. ഉയര്‍ന്ന നേട്ടവും നികുതി ആനുകൂല്യങ്ങളും നല്‍കുന്ന മിക്ക നിക്ഷേപമാര്‍ഗങ്ങള്‍ക്കും ലോക്ക്-ഇന്‍ പിരീയഡ് ഉണ്ടാകാറുണ്ട്.
സാധാരണ പലിശ നിരക്കുകള്‍ കുറയുമ്പോള്‍ ഉയര്‍ന്ന നികുതി ബ്രാക്കറ്റില്‍ വരുന്നവരോട് ഡെറ്റ് മ്യൂ്വല്‍ഫണ്ടുകളിലേക്ക് മാറാന്‍ നിര്‍ദേശിക്കാറുണ്ട്. ഇപ്പോഴും അത് പറയുന്നുണ്ടെങ്കിലും ജാഗ്രതയോടെ മാത്രം മതിയെന്നാണ് പലരും ഉപദേശിക്കുന്നത്. കാരണം കോറോണ ഭീതിയെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ തുടരുകയാണെങ്കില്‍ മിക്ക കമ്പനികളുടേയും കടപത്രങ്ങള്‍ ഡൗണ്‍ഗ്രേഡ് ചെയ്യപ്പെടാനിടയുണ്ട്. അത്തരം മോശം സാഹര്യങ്ങളില്‍ ഡിഫോള്‍ട്ടിന് സാധ്യത കൂടുതലാണ്. ഇതും ചെറുകിട സമ്പാദ്യ പദ്ധതികളുടെ ആകര്‍ഷകത്വം വര്‍ധിപ്പിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News