ഓഹരികളുടെ ഈ കുതിപ്പ് ഗുണകരം; നിക്ഷേപം നിലനിറുത്തുക

ആഗോള ഓഹരി വിപണിയുടെ അസ്ഥിരതകള്‍ക്കിടയിലും കരുത്തു കാട്ടാന്‍ ഇന്ത്യന്‍ വിപണിക്കു കഴിയും

Update:2023-07-07 14:23 IST

Image : Canva

ഓഹരി വിപണിയില്‍ ഇപ്പോള്‍ സംഭവിക്കുന്ന കുതിപ്പിന് കാരണം ആഭ്യന്തര സമ്പദ്‌വ്യവസ്ഥയുടെ നല്ല പ്രകടനവും ആഗോള മാന്ദ്യ ആശങ്ക കുറഞ്ഞു എന്നതുമാണ്. മാന്ദ്യം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ആഗോള സമ്പദ്‌വ്യവസ്ഥ ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തെ നാലാം പാദ ജി.ഡി.പി വളര്‍ച്ചയിലുണ്ടായ കുതിപ്പ് സൂചിപ്പിക്കുന്നതുപോലെ  ആഭ്യന്തര സമ്പദ്‌വ്യവസ്ഥ മുന്നേറിയിരിക്കുകയാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെയപേക്ഷിച്ച് വിദേശ സ്ഥാപന നിക്ഷേപങ്ങളില്‍ നിന്നും നേരിട്ടുള്ള സ്ഥാപന നിക്ഷേപങ്ങളില്‍ നിന്നുമുള്ള പണമൊഴുക്ക് 2023-24 സാമ്പത്തിക വര്‍ഷം അഭിവൃദ്ധിപ്പെട്ടു. ചൈനയിലെ ഡിമാന്‍ഡ് ഇടിവും നയപരമായ മാറ്റവും മൂലം ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് ഇനിയും വളരുമെന്നാണ് കണക്കാക്കുന്നത്. പലിശ വര്‍ധനയ്ക്ക് താല്‍കാലിക വിരാമമിടുന്ന റിസര്‍വ് ബാങ്ക് നയം ആഭ്യന്തര ഓഹരി വിപണിയുടെ ഭാവിക്കും ഗുണകരമായിത്തീര്‍ന്നു.
ഇന്ത്യ വേണ്ടത്ര കുതിച്ചിട്ടില്ല
ആഗോള വിപണിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം ഇതുവരെ ഇന്ത്യയുടെ പ്രകടനം വേണ്ടത്ര ഉയര്‍ന്നിട്ടില്ല. നാസ്ഡാക് 40 ശതമാനവും എസ് ആന്‍ഡ് പി500 16 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ നിഫ്റ്റി 50 ഏഴ് ശതമാനം വളര്‍ച്ച മാത്രമാണുണ്ടാക്കിയത്.
എന്നാല്‍, ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിലെ മുന്നേറ്റം ആരോഗ്യകരമായ ധനാഗമത്തിനിടയാക്കുന്നതിനാല്‍ മുന്നോട്ട് പോകുന്തോറും നാം അന്തരാഷ്ട്ര വിപണിയെ മറികടക്കുമെന്നാണ് കരുതേണ്ടത്. ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട അസംസ്‌കൃത വസ്തുക്കളുടെ വിലകള്‍ കുറഞ്ഞു.
കോര്‍പറേറ്റ് ലാഭം വര്‍ധിക്കുകയാണ്. ഇതിന്റെ ഫലമായി ആഭ്യന്തര വരുമാന പ്രതീക്ഷ കൂടുകയും ഇത് ഭാവി വളര്‍ച്ചയ്ക്ക് ശക്തമായ പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ട്. 2023 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ കാണപ്പെട്ട ഈ ഗുണകരമായ വളര്‍ച്ച 2024 സാമ്പത്തിക വര്‍ഷം ആദ്യപാദ ഫലങ്ങളിലും പ്രകടമായിരിക്കും. എന്നാല്‍ ആഗോള ഡിമാന്‍ഡിനെ കൂടുതലായി ആകര്‍ഷിക്കുന്ന മേഖലകള്‍ക്കും ഓഹരികള്‍ക്കും വരുമാനത്തില്‍ കുറവുണ്ടാകുമെന്ന് വേണം കരുതാന്‍.
കരുത്ത് കാട്ടാന്‍ ഇന്ത്യ
മഴ ശക്തമായതോടെ 96 ശതമാനം മുതല്‍ 106 ശതമാനം വരം പെയ്യുന്ന സാധാരണ മഴക്കാലമാണ് കാലാവസ്ഥാ വകുപ്പു പ്രവചിക്കുന്നത്. ഇത് ഗ്രാമീണ മേഖലയില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കും. ഇപ്പോഴത്തെ കുതിപ്പ് വിപണിയെ വന്‍ ഉയരങ്ങളിലെത്തിച്ചെങ്കിലും ശുഭ പ്രതീക്ഷയല്ലാതെ അത്യാവേശത്തിന് പ്രസക്തിയില്ല. 20 മാസം മുമ്പ് 2021 ഒക്ടോബര്‍ 19ലേതുമായി താരതമ്യപ്പെടുത്തിയാള്‍ ഇത് വ്യക്തമാകും. ആഗോള സമ്പദ്‌വ്യവസ്ഥ വെല്ലുവിളികള്‍ നേരിടുമ്പോള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മുന്നേറ്റം പ്രകടിപ്പിക്കുന്നു. നിലവിലുള്ള ഭദ്രമായ ആഭ്യന്തര സാമ്പത്തിക സ്ഥിതിയും കോര്‍പറേറ്റ് സാഹചര്യവും കണക്കിലെടുത്താല്‍ ആഗോള ഓഹരി വിപണിയുടെ അസ്ഥിരതകള്‍ക്കിടയിലും കരുത്തു കാട്ടാന്‍ ഇന്ത്യന്‍ വിപണിക്കു കഴിയുമെന്നാണ് കരുതേണ്ടത്.
ഇപ്പോള്‍ ഇന്ത്യയുടെ ഒരു വര്‍ഷം മുന്നോട്ടുള്ള പി.ഇ അനുപാതം (Price to Earnings Ratio/ PE Ratio) 18.5 x ആണ്. ദീര്‍ഘകാല ശരാശരി 17.5 x. ഹ്രസ്വകാലയളവിലും ദീര്‍ഘകാലാടിസ്ഥാനത്തിലും ഇന്ത്യന്‍ ഓഹരി വിപണി മികച്ച പ്രകടനം നടത്തുമെങ്കിലും ഇടക്കാലത്ത് നേരിയ തോതിലുള്ള വേഗക്കുറവിന് സാധ്യതയുണ്ട്. ഇന്ത്യന്‍ വിപണിയില്‍ വാല്യുവേഷന്‍ കൂടുതലെന്നോ കുറവെന്നോ പറയാന്‍ കഴിയില്ല. ഈ ഘട്ടത്തില്‍ വിജയകരമായ മുന്നേറ്റം ഉറപ്പ് വരുത്തുന്നതിന് നിക്ഷേപകര്‍ ചെയ്യേണ്ടത് നിക്ഷേപം നിലനിറുത്തുകയും യുക്തിഭദ്രമായ തീരുമാനങ്ങളിലൂടെ പോര്‍ട്ട്ഫോളിയോയില്‍ സന്തുലനം കാത്തുസൂക്ഷിക്കുകയുമാണ്.

(Equity investing is subject to market risk. Always do your own research or consult experts before investing)

Tags:    

Similar News