ചരിത്രദിനം! 80,000ത്തിന്റെ നിറവില്‍ സെന്‍സെക്‌സ്, നിഫ്റ്റിക്കും റെക്കോഡ്; കുതിപ്പ് തുടര്‍ന്ന് മസഗോണ്‍ ഡോക്ക്

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും കേരള ആയുര്‍വേദയും കത്തിക്കയറി, ഫെഡറല്‍ ബാങ്കിനും മുന്നേറ്റം

Update: 2024-07-03 13:22 GMT

ഇന്ത്യന്‍ ഓഹരി വിപണിക്ക് ഇന്ന് ചരിത്ര ദിനമായിരുന്നു. സെന്‍സെക്‌സ് ആദ്യമായി 80,000 പോയിന്റെന്ന നാഴികക്കല്ലില്‍ മുത്തമിട്ടു. നിഫ്റ്റിയും 24,307.25 എന്ന പുതിയ ഉയരം കണ്ടു. എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് ഇന്ന് സൂചികകള്‍ക്ക് പുതിയ റെക്കോഡ് താണ്ടാന്‍ കരുത്തു പകര്‍ന്നത്. സെന്‍സെക്‌സ് വ്യാപാരത്തിനിടെ ഒരുവേള 80,074 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. വ്യാപാരാന്ത്യത്തില്‍ 545 പോയിന്റ് നേട്ടത്തോടെ 79,987ലാണ് സെന്‍സെക്‌സുള്ളത്. നിഫ്റ്റിയാകട്ടെ 163 പോയിന്റ് ഉയര്‍ന്ന് 24,287 ല്‍ വ്യാപാരം അവസാനിപ്പിച്ചു.

വെറും 138 വ്യാപാര ദിനങ്ങള്‍ കൊണ്ടാണ് സെന്‍സെക്‌സ് 70,000 പോയിന്റില്‍ നിന്ന് 80,000 പോയിന്റിലേക്ക് എത്തിയത്. സെന്‍സെക്‌സ് ഇത്രയും വേഗത്തില്‍ 10,000 പോയിന്റ് കൂട്ടിച്ചേര്‍ക്കുന്നത് ആദ്യമായാണ്. 2023 ഡിസംബര്‍ 11നായിരുന്നു നിഫ്റ്റി 70,000 പോയിന്റ് തൊട്ടത്. അതേപോലെ, സെന്‍സെക്‌സ് 5,000 പോയിന്റ് താണ്ടാന്‍ എടുത്തത് വെറും 57 ദിവസമാണ്. മൂന്ന് തവണയാണ് ഇതിനു മുമ്പ് ഇത്രയും വേഗത്തില്‍ സെന്‍സെക്‌സ് 5,000 പോയിന്റ് നേടിയിട്ടുള്ളത്.
മുന്നേറ്റത്തിനു കാരണം
ആഗോള വിപണികളിലെ പോസിറ്റീവ് ചായ്‌വാണ് ഇന്ന് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. ഏഷ്യന്‍, യൂറോപ്യന്‍ വിപണികള്‍ ഒക്കെ നേട്ടത്തിലായിരുന്നു. ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസ്താവനയാണ് ആഗോള വിപണികളെ നയിച്ചത്. യു.എസില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ ഉടന്‍ കുറയ്ക്കുമെന്ന സൂചനയാണ് പവലിന്റെ വാക്കുകള്‍ വിപണികള്‍ക്ക് നല്‍കിയത്.
ആഗോള വാര്‍ത്തകള്‍ക്കൊപ്പം സൂചികകളില്‍ കൂടുതല്‍ വെയിറ്റേജുള്ള ബാങ്കിംഗ് ഓഹരികളുടെ മികച്ച പ്രകടനവും തുണയായി. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ചാഞ്ചാടി നില്‍ക്കുകയാണെങ്കിലും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ നിക്ഷേപം തുടരുന്നതും വിപണിയ്ക്ക് ശക്തി പകരുന്നുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളില്‍ വില്‍പ്പനക്കാരായി മാറിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂണില്‍ വാങ്ങലുകാരായിരുന്നു. 2,037 കോടി രൂപയാണ് അവര്‍ നിക്ഷേപിച്ചത്. ഇക്കാലയളവില്‍ ആഭ്യന്തര നിക്ഷേപകരാകട്ടെ 28,633 കോടി രൂപയുടെ നിക്ഷേപം നടത്തി.
വിവിധ സൂചികകളുടെ പ്രകടനം
നിഫ്റ്റിയിലെ വിവിധ സൂചികകളെടുത്താല്‍ മീഡിയ ഒഴികെയുള്ള എല്ലാം ഇന്ന് നേട്ടത്തിലായി. 2.02 ശതമാനം നേട്ടവുമായി പ്രൈവറ്റ് ബാങ്ക് സൂചികയാണ് ഇന്ന് കരുത്ത് കാട്ടിയത്. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നിഫ്റ്റി ബാങ്ക് എന്നിവ യഥാക്രമം 1.80 ശതമാനം, 1.77 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. പി.എസ്.യു ബാങ്ക് സൂചികയുടെ നേട്ടം 1.06 ശതമാനമാണ്.

വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം

ഇന്ന് നിഫ്റ്റി സ്‌മോള്‍ മിഡ് ക്യാപ് സൂചികകളും മികച്ച നേട്ടം കാഴ്ചവച്ചു. മിഡ് ക്യാപ് സൂചിക 0.79 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 1.03 ശതമാനവും ഉയര്‍ന്നു.
ഇന്ന് 4,021 ഓഹരികള്‍ സെന്‍സെക്‌സില്‍ വ്യാപാരം നടത്തിയതില്‍ 2,355 ഓഹരികളും നേട്ടത്തിലായിരുന്നു. 1,566 ഓഹരികളുടെ വില ഇടിഞ്ഞു. 100 ഓഹരികളുടെ വില മാറിയില്ല. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണിമൂല്യം ഇന്ന് 442.2 ലക്ഷം കോടി രൂപയില്‍ നിന്ന് 445.6 ലക്ഷം കോടി രൂപയായി. ഒറ്റ വ്യാപരദിനത്തില്‍ നിക്ഷേപകരുടെ നേട്ടം മൂന്ന് ലക്ഷം കോടി രൂപയാണ്.
എച്ച്.ഡി.എഫ്.സി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, എച്ച്.ഡി.എഫ്.സി അസറ്റ് മാനേജ്‌മെന്റ് കമ്പനി, ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ്, പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, സൊമാറ്റോ എന്നിവയടക്കം 330 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. 17 ഓഹരികള്‍ താഴ്ന്ന വിലയിലേക്കും പോയി. മൂന്ന് ഓഹരികളാണ് അപ്പര്‍സര്‍ക്യൂട്ടിലുള്ളത്. നാല് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമുണ്ട്.
നേട്ടത്തിലിവർ 
കൊട്ടക് ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, അദാനി പോര്‍ട്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്.ബി.ഐ, പവര്‍ഗ്രിഡ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, എച്ച്.യു.എല്‍, ബജാജ് ഫിനാന്‍സ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് ഒരു ശതമാനം മുതല്‍ 2.4 ശതമാനം വരെ ഉയര്‍ച്ചയുമായി നേട്ടത്തില്‍ മുന്നില്‍.

ഇന്ന് നേട്ടത്തിലേറിയവര്‍

മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സ് 8.33 ശതമാനം ഉയര്‍ന്ന് 4,690 രൂപയിലെത്തി. കമ്പനിയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപയിലേക്ക് അടുക്കുകയാണ്. ഓഹരി ഈ വര്‍ഷം ഇതു വരെ 101 ശതമാനമാണ് ഉയര്‍ന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 250 ശതമാനത്തോളം നേട്ടുമുണ്ടാക്കിയിട്ടുണ്ട്. പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഓഹരി വില 5.22 ശതമാനം ഉയര്‍ന്ന് 528.90 രൂപയിലെത്തി. ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് 4.96 ശതമാനവും പിരമല്‍ എന്റര്‍പ്രൈസസ് 4.25 ശതമാനവും ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് 4.20 ശതമാനവും ഉയര്‍ന്ന് നിഫ്റ്റി 200ന്റെ ഇന്നത്തെ താരങ്ങളായി.
പെര്‍സിസ്റ്റന്റ് സിസ്റ്റംസ് ഓഹരി വില ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. യു.എസ് കമ്പനിനെ 20.7 മില്യണ്‍ ഡോളറിന് ഏറ്റെടുത്തതാണ് ഓഹരികളില്‍ മുന്നേറ്റമുണ്ടാക്കിയത്.
ബിസിനസ് അപ്‌ഡേറ്റ് പുറത്തുവിട്ട വി-മാര്‍ട്ട് ഓഹരികളും ഇന്ന് 5 ശതമാനം കുതിച്ച് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 3,030.25 രൂപയിലെത്തി. സ്റ്റോര്‍ സെയില്‍സ് 11 ശതമാനമാണ് വര്‍ധിച്ചത്.
ഐ.ആര്‍.ഇ.ഡി.എ ഓഹരികളിന്ന് ഏഴ് ശതമാനം ഉയര്‍ന്ന് 224.6 രൂപയിലെത്തി. 1.37 ദശലക്ഷം ഓഹരികളാണ് ഇന്ന് കൈമാറ്റം നടത്തിയത്. നിക്ഷേപ താല്പര്യം ഉയര്‍ന്നതാണ് ഓഹരിയില്‍ മുന്നേറ്റമുണ്ടാക്കിയത്. ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ വഴി മൂലധനം സമാഹരിക്കാന്‍ അനുമതി തേടിയതായി വാര്‍ത്തകളുണ്ടായിരുന്നു. കൂടാതെ കഴിഞ്ഞ മാസം കടപ്പത്രങ്ങളിലൂടെ 1,500 കോടി രൂപയും സമാഹരിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ 107.50 ശതമാനം ലാഭമാണ് ഐ.ആര്‍.
ഇ.ഡി.എ
 ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത്. ഓഹരി വില യിക്കാലയളവില്‍ ഇരിട്ടിയോളം വര്‍ധിച്ചു. ഇഷ്യു വിലയേക്കാള്‍ 581 ശതമാനം ഉയര്‍ന്നാണ് ഇപ്പോള്‍ വിലയുള്ളത്. കഴിഞ്ഞ നവംബറിലാണ് ഐ.ആര്‍.ഇ.ഡി.എ പ്രാരംഭ ഓഹരി വില്‍പ്പന വഴി ഓഹരി വിപണിയിലെത്തിയത്.

ഇന്ന് നഷ്ടത്തിലേറിയവര്‍

പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്ട്‌സാണ് ഇന്ന് നിഫ്റ്റി 200ലെ വലിയ വീഴ്ചക്കാര്‍. ഓഹരി വില 2.20 ശതമാനം ഇടിഞ്ഞു. അശോക് ലെയ്‌ലാന്‍ഡ്, ഗുജറാത്ത് ഗ്യാസ്, സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ്, പതഞ്ചലി ഫുഡ്‌സ് എന്നിവയാണ് കൂടുതല്‍ ഇടിവ് നേരിട്ട മറ്റ് ഓഹരികള്‍.

ഇന്ന് പ്രാരംഭ ഓഹരി വില്‍പ്പനയുമായെത്തിയ എംക്യുര്‍ ഫാര്‍മയ്ക്ക് വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യം ദിനം തന്നെ 75 ശതമാനം സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചു.

കേരള ആയുര്‍വേദയും കൊച്ചിൻ ഷിപ്പ്‌യാര്‍ഡും  കുതിപ്പിൽ 

കേരള കമ്പനികളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ മുന്നേറ്റം കാഴ്ചവച്ചത് കേരള ആയുര്‍വേദ ഓഹരികളാണ്. ഇന്ന് 9.88 ശതമാനം കുതിച്ച് വില 373 രൂപയിലെത്തി.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിയും ഇന്ന് 7.60 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ 10 ദിവസമായി അപ്പര്‍ സര്‍ക്യൂട്ടടിച്ച ആഡ് ടെക് സിസ്റ്റംസ് ഇന്ന് 9.99 ശതമാനമുയര്‍ന്നു. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 4.16 ശതമാനം നേട്ടമുണ്ടാക്കി. ആദ്യ പാദ പ്രവര്‍ത്തന കണക്കുകള്‍ പുറത്തു വിട്ട ഫെഡറല്‍ ബാങ്ക് ഓഹരി വില ഇന്ന് ഫെഡറല്‍ ബാങ്ക് 3.59 ശതമാനമെത്തി. ബാങ്കിന്റെ നിക്ഷേപങ്ങളും വായ്പകളും ഉയര്‍ന്നു. സഫ സിസ്റ്റംസ് (4.67 ശതമാനം), റബ്ഫില (3.87 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റ് കേരള ഓഹരികള്‍.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസാണ് ഇന്ന് നഷ്ടത്തിന് ചുക്കാന്‍പിടിച്ച കേരള ഓഹരി. ആസ്റ്റര്‍, എ.വി.ടി, സി.എസ്.ബി ബാങ്ക്, ബാരിസണ്‍സ് മലയാളം, കല്യാണ്‍ ജുവലേഴ്‌സ് തുടങ്ങിയ ഓഹരികളും ഇന്ന് നഷ്ടത്തിന്റെ പാതയിലായിരുന്നു.
Tags:    

Similar News