ഉണര്‍വ് തുടര്‍ന്ന് വിപണി, സെന്‍സെക്‌സ് 433 പോയ്ന്റ് കയറി

കേരള കമ്പനികളില്‍ പാറ്റ്‌സ്പിന്‍ ഇന്ത്യയുടെ ഓഹരി വില 10 ശതമാനത്തോളം ഇടിഞ്ഞു

Update: 2022-06-27 11:10 GMT

കഴിഞ്ഞ ആഴ്ചത്തെ ഉണര്‍വ് തുടര്‍ന്ന് വിപണി. ആഗോള സെന്‍ട്രല്‍ ബാങ്കുകളുടെ പലിശ നിരക്ക് വര്‍ധന മന്ദഗതിയിലാകുമെന്ന പ്രതീക്ഷകള്‍ക്ക് പിന്നാലെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 433 പോയ്ന്റ് അഥവാ 0.82 ശതമാനം ഉയര്‍ന്ന് 53,161 രൂപയിലെത്തി. നിഫ്റ്റി 50 സൂചിക 132 പോയ്ന്റ് അഥവാ 0.85 ശതമാനം ഉയര്‍ന്ന് 18,832 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. രണ്ട് സൂചികകളും 53,509, 15,927 എന്നിങ്ങനെ ഇന്‍ട്രാ-ഡേയിലെ ഉയര്‍ന്ന നില തൊട്ടു.

കോള്‍ ഇന്ത്യ, ഒഎന്‍ജിസി, യുപിഎല്‍, എച്ച്സിഎല്‍ ടെക്, എല്‍ ആന്‍ഡ് ടി, ടെക് എം, ഹിന്‍ഡാല്‍കോ, ബിപിസിഎല്‍, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയുടെ ഓഹരികള്‍ 2-3 ശതമാനം വാരെ ഉയര്‍ന്നു. അപ്പോളോ ഹോസ്പിറ്റല്‍സ്, ഐഷര്‍ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ലൈഫ്, കൊട്ടക് ബാങ്ക്, റിലയന്‍സ്, ടൈറ്റന്‍ എന്നിവയുടെ ഓഹരി വിലയില്‍ അര ശതമാനം വരെ ഇടിവുണ്ടായി.

വിശാല വിപണിയില്‍ നിഫ്റ്റി മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 1 ശതമാനവും 2 ശതമാനവും നേട്ടമുണ്ടാക്കി. മേഖലാതലത്തില്‍, നിഫ്റ്റി ഓട്ടോ സൂചിക 2 ശതമാനം കയറി. നിഫ്റ്റി മെറ്റല്‍ സൂചിക 1.6 ശതമാനവും ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി പച്ചയില്‍ നീങ്ങിയപ്പോള്‍ 22 കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി. അപ്പോളോ ടയേഴ്‌സ് (3.36 ശതമാനം), സിഎസ്ബി ബാങ്ക് (2.86 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (3.01 ശതമാനം), എഫ്എസിടി (2.07 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (3.12 ശതമാനം), ഹാരിസണ്‍സ് മലയാളം (3.27 ശതമാനം), കിറ്റെക്‌സ് (3.20 ശതമാനം), നിറ്റ ജലാറ്റിന്‍ (3.29 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (3.50 ശതമാനം) തുടങ്ങിയവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.

അതേസമയം പാറ്റ്‌സ്പിന്‍ ഇന്ത്യയുടെ ഓഹരി വില 9.88 ശതമാനം ഇടിഞ്ഞു. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് എന്നിവയാണ് ഇന്ന് നഷ്ടം നേരിട്ട മറ്റ് കേരള കമ്പനികള്‍.


 



Tags:    

Similar News