എച്ച്ഡിഎഫ്‌സി ബാങ്ക് - എച്ച്ഡിഎഫ്‌സി ലയന വാര്‍ത്ത തുണച്ചു; സൂചികകളില്‍ മുന്നേറ്റം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി
എച്ച്ഡിഎഫ്‌സി ബാങ്ക് - എച്ച്ഡിഎഫ്‌സി ലയന പ്രഖ്യാപനം ഓഹരി വിപണിയെയും പ്രത്യേകിച്ച് ഫിനാന്‍ഷ്യല്‍ മേഖലയെയും തുണച്ചതോടെ സൂചികകളില്‍ വന്‍ കുതിപ്പ്. സെന്‍സെക്‌സ് 2.25 ശതമാനമാണ് ഉയര്‍ന്നത്. 1335.05 പോയ്ന്റ് ഉയര്‍ന്ന് 60611.74 പോയ്ന്റിലും നിഫ്റ്റി 383.90 പോയ്ന്റ് ഉയര്‍ന്ന് 18,053.40 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.
2534 ഓഹരികളുടെ വിലയില്‍ വര്‍ധനയുണ്ടായപ്പോള്‍ 796 ഓഹരികളുടെ വില മാത്രമാണ് താഴ്ന്നത്. 118 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, അദാനി പോര്‍ട്ട്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ഇന്‍ഫോസിസ്, ടൈറ്റന്‍ കമ്പനി, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് തുടങ്ങിയവയ്ക്ക് കാലിടറി.
എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് നേട്ടം രേഖപ്പെടുത്തി. ബാങ്ക്, മെറ്റല്‍, പവര്‍ തുടങ്ങിയവ 2-3 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ 1 ശതമാനം നേട്ടം രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. ധനലക്ഷ്മി ബാങ്ക് (10.67 ശതമാനം), ഇന്‍ഡിട്രേഡ് (5.14 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (5.02 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (4.95 ശതമാനം), ഹാരിസണ്‍സ് മലയാളം(4.58 ശതമാനം), എഫ്എസിടി (3.62 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (3.60 ശതമാനം) തുടങ്ങി 22 കേരള കമ്പനി ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി. അതേസമയം വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, ആസ്റ്റര്‍ ഡി എം, എവിറ്റി, കെഎസ്ഇ, കേരള ആയുര്‍വേദ, നിറ്റ ജലാറ്റിന്‍ എന്നീ ഏഴ് കേരള കമ്പനി ഓഹരികളുടെ വില ഇന്ന് താഴ്ന്നു.