പ്രതീക്ഷയോടെ പുതിയ ധനകാര്യവർഷം; അനിശ്ചിതത്വം നീങ്ങുന്നില്ല; ക്രൂഡ് വില താഴുന്നു
നിക്ഷേപകർക്കു മികച്ച നേട്ടവുമായി 2021-22; സ്വർണത്തേക്കാൾ നേട്ടം ഓഹരിയിൽ; കാതൽ മേഖലയിൽ ഇടിവ്
യുക്രെയ്ൻ യുദ്ധത്തോടൊപ്പം സാമ്പത്തിക മാന്ദ്യവും ആശങ്കയായി മാറി. പെട്ടെന്നുള്ള പലിശ വർധനയും ഉയർന്ന വിലക്കയറ്റവും കൂടി മാന്ദ്യത്തിലേക്കു നയിക്കുമെന്നാണു ഭയം. ആശങ്കകൾ വിപണികളെ വലിച്ചു താഴ്ത്തി. വീണ്ടും താഴ്ത്തും എന്നതാണു നില.
വിദേശ നിക്ഷേപകർ ആവേശപൂർവം ഓഹരികൾ വാങ്ങിയിട്ടും ഇന്ത്യൻ വിപണി ഇന്നലെ താഴ്ന്നത് ഈ പശ്ചാത്തലത്തിലാണ്. പിന്നീടു യൂറോപ്യൻ വിപണികളും ഒടുവിൽ യുഎസ് വിപണിയും ഇടിഞ്ഞു. പ്രധാന യുഎസ് സൂചികകൾ 1.56 ശതമാനമാണ് താഴ്ന്നത്. ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ ഉണർവ് കാണിക്കുന്നുണ്ട്. എന്നാൽ ഓസ്ട്രേലിയൻ, ഏഷ്യൻ വിപണികൾ താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ജാപ്പനീസ് സൂചികകൾ ഒന്നര ശതമാനത്തോളം താണു.പിന്നീടു നഷ്ടം കുറച്ചു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,382 വരെ ഇടിഞ്ഞിരുന്നു. ഇന്നു രാവിലെ 17,445 വരെ എത്തി. ഇന്ത്യൻ വിപണി ചെറിയ നേട്ടത്തോടെ പുതിയ ധനകാര്യ വർഷത്തെ വ്യാപാരം തുടങ്ങുമെന്നാണു സൂചന.
ഇന്നലെ സെൻസെക്സ് ചാഞ്ചാട്ടങ്ങൾക്കൊടുവിൽ 115.48 പോയിൻ്റ് (0.2%) നഷ്ടത്തിൽ 58,568.31 ലും നിഫ്റ്റി 33.5 പോയിൻ്റ് (0.19%) നഷ്ടത്തിൽ 17,464.75 ലും ക്ലോസ് ചെയ്തു. എന്നാൽ മിഡ് ക്യാപ് സൂചിക 0.34 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.69 ശതമാനവും ഉയർന്നു. എഫ്എംസിജി, മീഡിയ സൂചികകൾ മാത്രമാണു കാര്യമായ നേട്ടമണ്ടാക്കിയത്. ഹെൽത്ത് കെയർ, ഫാർമ, ഐടി സൂചികകൾ ഗണ്യമായി താണു.
വിദേശ നിക്ഷേപകർ ഇന്നലെ 3088.73 കോടി രൂപ ക്യാഷ് വിഭാഗത്തിൽ ഓഹരികൾ വാങ്ങാൻ ചെലവഴിച്ചു. സ്വദേശി ഫണ്ടുകൾ 1145.28 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി അനിശ്ചിതത്വം കാണിക്കുന്നു എന്നാണു നിക്ഷേപ വിദഗ്ധർ പറയുന്നത്. സാവധാനം നില ബലപ്പെടുത്തി സൂചികകൾ ഉയരുന്നതാണ് ഏതാനുമാഴ്ചകളായി കാണുന്നത്. അതു തുടരുമെന്ന് അവർ കരുതുന്നു. യുദ്ധം, പലിശ വർധന, വിലക്കയറ്റം ഇവയ്ക്കെല്ലാമിടയിലും
സൂചികകൾ ചെറിയ വേഗത്തിൽ കയറുകയായിരുന്നു.
നിഫ്റ്റിക്കു 17,415-ലും 17,360-ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 17,540- ഉം 17,615-ഉം പ്രതിരോധമുയർത്തും.
ക്രൂഡ് വില ഇടിഞ്ഞു
ക്രൂഡ് ഓയിൽ വില വീണ്ടും താഴാേട്ടു നീങ്ങി. റിസർവിൽ നിന്നു കൂടുതൽ ക്രൂഡ് ഓയിൽ വിപണിയിലേക്കു നൽകാൻ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഉത്തരവിട്ടു. ഒപെക്, ഒപെക് പ്ലസ് യോഗങ്ങൾ ഇന്നലെ അരമണിക്കൂർ കൊണ്ട് അവസാനിച്ചു. ഉൽപാദന വർധന ഒരു വർഷം മുമ്പ് തീരുമാനിച്ചതു പോലെ മാത്രം നടത്താൻ തീരുമാനിച്ചു. ബ്രെൻ്റ് ഇനം ക്രൂഡ് ഒറ്റ ദിവസം കൊണ്ടു 113.5 ഡോളറിൽ നിന്ന് 107.9 ഡോളറിലേക്കു താണു. യൂറോപ്പിനു നൽകുന്ന ഇന്ധനത്തിനു വില റൂബിൾ ആയി നൽകണമെന്ന റഷ്യൻ നിലപാട് വിപണിയിൽ പുതിയ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.
വ്യാവസായിക ലോഹങ്ങൾ ചെറിയ മേഖലയിൽ കയറിയിറങ്ങി. ചൈനീസ് ഡിമാൻഡിലെ കുറവ് അലൂമിനിയം വില 1.7 ശതമാനം താഴ്ത്തി. നിക്കൽ വിപണിയിൽ ഊഹക്കച്ചവടത്തിൻ്റെ പ്രശ്നങ്ങൾ ഇനിയും തീർന്നിട്ടില്ല. വില 30,000 ഡോളറിനു താഴെ എത്തി.
സ്വർണം ദിശ കണ്ടെത്താതെ നീങ്ങുന്നു.ഇന്നലെ 1919-1950 ഡോളർ മേഖലയിൽ കയറിയിറങ്ങിയ മഞ്ഞലോഹം ഇന്നു രാവിലെ 1938-1939 ഡോളറിലാണ്.
നിക്ഷേപകർക്കു മികച്ച നേട്ടവുമായി 2021-22
തലേ വർഷത്തെ നാടകീയ നേട്ടങ്ങൾ ഇല്ലെങ്കിലും ഇന്ത്യൻ ഓഹരി വിപണി മികച്ച നേട്ടമാണ് 2021-22 ധനകാര്യ വർഷം നിക്ഷേപകർക്കു സമ്മാനിച്ചത്. സെൻസെക്സ് 18.3 ശതമാനം ഉയർന്നു. 49,509.15 ൽ നിന്ന് 58,568.31 ലേക്ക്. തലേ വർഷം 29,469 ൽ നിന്ന് 68 ശതമാനം വളർച്ച ഉണ്ടായത് പ്രത്യേക സാഹചര്യത്തിലാണ്. 2019 -20 ൽ സെൻസെക്സ് 23.8 ശതമാനം ഇടിഞ്ഞിരുന്നു. 2021-22ൽ സെൻസെക്സ് എത്തിയ സർവകാല റിക്കാർഡിൽ (62,245.43) നിന്ന് ആറു ശതമാനം താഴെയാണ് വർഷാന്ത്യത്തിൽ സൂചിക.
നിഫ്റ്റിയിലും സമാന വളർച്ച ഉണ്ട്. 18.8 ശതമാനം നേട്ടം. 14,690.7 ൽ നിന്ന് 17,464.75 ലേക്ക്. തലേ വർഷത്തെ 70.87 ശതമാനം വളർച്ചയോട് ഇതു താരതമ്യപ്പെടുത്തേണ്ട കാര്യമില്ല.
മിഡ് ക്യാപ് ഓഹരികൾ 20.9 ശതമാനവും സ്മോൾ ക്യാപ് 36.2 ശതമാനവും വളർച്ച നേടി.
സ്വർണത്തേക്കാൾ നേട്ടം ഓഹരിയിൽ
സ്വർണവുമായി താരതമ്യപ്പെടുത്തുമ്പോൾ ഓഹരികൾ ഒരിക്കൽക്കൂടി മികച്ച നേട്ടം സമ്മാനിച്ചു എന്നു കാണാം. രാജ്യാന്തര വിപണിയിലെ സ്വർണ വില ഒരു വർഷം കൊണ്ടു 14.9 ശതമാനമാണു വർധിച്ചത്.1685 ഡോളറിൽ നിന്ന് 1936 ഡോളറിലേക്ക്. ഇതേ സമയം കേരളത്തിൽ പവൻ വില 32,880 രൂപയിൽ നിന്നു 15.94 ശതമാനം വർധിച്ച് 38,120 രൂപയിലെത്തി.
ചൈന, ഹോങ്കോംഗ്, ജപ്പാൻ, ദക്ഷിണ കൊറിയ, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ ഓഹരി സൂചികകൾ 2021 - 22 ൽ നഷ്ടത്തിലായിരുന്നു. യുഎസിലെ നാസ്ഡാക് സൂചിക ഒൻപതു ശതമാതരം ഡൗ സൂചിക 6.8 ശതമാനവും ഉയർന്നു.
ഐപിഒ വഴിയുള്ള മൂലധന സമാഹരണത്തിൽ റിക്കാർഡ് കുറിച്ചു 2021-22. മൊത്തം 1,15,717 കോടി രൂപയാണ് 53 കമ്പനികൾ ഐപിഒ വഴി നേടിയത്. 2007-18-ലെ 81,553 കോടിയുടെ നേട്ടം കഴിഞ്ഞ വർഷം മറികടന്നു.
വിദേശികളുടെ പിന്മാറ്റം; ബദലായി സ്വദേശി ഫണ്ടുകൾ
വിപണിയിൽ നിന്നു വിദേശ നിക്ഷേപകർ കഴിഞ്ഞ വർഷം 1,35,979 കോടി രൂപ പിൻവലിച്ചു. 2019 -20 ൽ 2427 കോടിയും 2015-16ൽ 9352 കോടിയും പിൻവലിച്ച ശേഷമുള്ള വലിയ പിന്മാറ്റമാണിത്. 2020-21ൽ വിദേശികൾ 2,73,132 കോടി രൂപ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചിരുന്നു.
സ്വദേശി ഫണ്ടുകൾ 2021-22 ൽ 1,70,162 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു. തലേ വർഷം അവർ 1,19,206 കോടി രൂപ പിൻവലിച്ചതാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപം 2017-18 ലെ 1,41,261 കോടിയുടെ റിക്കാർഡ് മറികടന്നു.
കാതൽ മേഖലയിൽ ഇടിവ്
ഫെബ്രുവരിയിൽ കാതൽ മേഖലയിലെ വ്യവസായങ്ങൾ 5.8 ശതമാനം ഉൽപാദന വളർച്ച കാണിച്ചു. എന്നാൽ ഇത് അത്ര മെച്ചപ്പെട്ട കണക്ക് അല്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കാതൽ മേഖലയിലെ ഉൽപാദനം 3.3 ശതമാനം ചുരുങ്ങിയിരുന്നതു മൂലമുള്ള കണക്കിലെ നേട്ടം മാത്രമാണിത്. ജനുവരിയെ അപേക്ഷിച്ച് 5.3 ശതമാനം കുറവാണ് ഫെബ്രുവരിയിലെ ഉൽപാദനം. ഫെബ്രുവരിയിലെ വ്യവസായ ഉൽപാദന സൂചിക രണ്ടര ശതമാനത്തിലധികം ഉയരില്ലെന്നാണ് ഇതു നൽകുന്ന സൂചന.
This section is powered by Muthoot Finance