ആഗോള ആശങ്കകൾ വലുതാകുന്നു; വിദേശികൾ വീണ്ടും വിൽപനയിൽ; നാലാംപാദ റിസൽട്ടിൽ മികവു കാണില്ലെന്നു ഭീതി
ഓഹരി നിക്ഷേപകർ ഇപ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്; ഫെഡിനെ ആർക്കാണു പേടി?; പലിശ കൂട്ടുന്നു, പണലഭ്യത കുറയ്ക്കുന്നു
പലിശപ്പേടിയും മാന്ദ്യഭീതിയും വിപണികളെ ഇടിച്ചു താഴ്ത്തുന്നു. അമേരിക്കൻ കേന്ദ്ര ബാങ്ക് കൂടുതൽ വേഗം പലിശ കൂട്ടുകയും വാങ്ങി വച്ച കടപ്പത്രങ്ങൾ വിപണിയിൽ ഇറക്കുകയും ചെയ്യുമെന്നു വ്യക്തമായതോടെ വിപണികൾ ഇടിഞ്ഞു. പലിശ കൂടുകയും പണലഭ്യത കുറയുകയും ചെയ്യുന്നത് ജനങ്ങളുടെ ഉപഭോഗവും കമ്പനികളുടെ ഉൽപാദനവും കുറച്ച് മാന്ദ്യത്തിലേക്കു നയിക്കുമെന്നാണു ഭീതി. വികസ്വര രാജ്യങ്ങളിൽ വിദേശികളുടെ ഓഹരി നിക്ഷേപം മടങ്ങിപ്പോകുമെന്ന ഭീതിയും ഉണ്ട്. അടുത്തയാഴ്ച കമ്പനികൾ പുറത്തു വിടുന്ന നാലാംപാദ റിസൽട്ടുകൾ പ്രതീക്ഷയിലും മോശമാകുമെന്ന ധാരണയും വിപണിയെ താഴ്ത്തുന്നു.
ഇന്നലെ ഇന്ത്യൻ വിപണിയെ ഒരു ശതമാനത്തോളം ഇടിച്ച ഈ ഭീതി പിന്നീടു യൂറോപ്യൻ സൂചികകളെ രണ്ടു ശതമാനത്തോളം താഴ്ത്തി. യുഎസ് വിപണിയിൽ ഡൗ സൂചിക കുറച്ചേ താണുള്ളു എങ്കിലും നാസ്ഡാക് രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു. എസ് ആൻഡ് പി ഒരു ശതമാനം താണു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ താഴ്ചയിലാണ്. ഓസ്ട്രേലിയയിലും ഏഷ്യൻ രാജ്യങ്ങളിലും വിപണികൾ വലിയ ഇടിവോടെയാണു രാവിലെ വ്യാപാരം തുടങ്ങിയത്. ജപ്പാനിലെ നിക്കൈ സൂചിക രണ്ടു ശതമാനം ഇടിഞ്ഞു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,775-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അതിൽ നിന്നും താണു. ഇന്നും ഇന്ത്യൻ വിപണി ഗണ്യമായ താഴ്ചയിൽ തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്നലെ സെൻസെക്സ് വിദേശികളുടെ അപ്രതീക്ഷിതമായ വിൽപന സമ്മർദത്തിൽ കുത്തനെ താണു. യുഎസ് ഫെഡ് യോഗത്തിൻ്റെ മിനിറ്റ്സ് വരുന്നതിനു മുമ്പ് പുറത്തു വന്ന സൂചനകൾ ആണു വിൽപനയ്ക്കു കാരണം. കൂടുതൽ വേഗം കടപ്പത്രങ്ങൾ വിറ്റഴിക്കാൻ ഫെഡ് ഉദ്ദേശിക്കുന്നു. പ്രതിവർഷം 1.1 ലക്ഷം കോടി ഡോളറിൻ്റെ കടപ്പത്രങ്ങളും ബോണ്ടുകളും തിരിച്ചു വിപണിയിലെത്തും. ഇത് വിപണിയിലെ പണലഭ്യത കുറയ്ക്കും. ഈ ആശങ്കയാണ് യുഎസിലടക്കം ഓഹരികളെ താഴ്ത്തിയത്; ഇനിയും താഴ്ത്താൻ പോകുന്നതും. ഇതു തുടർന്നാൽ എൽഐസിയുടേതടക്കം ഐപിഒ ലക്ഷ്യങ്ങൾ പലതും പുതുക്കി നിശ്ചയിക്കേണ്ടി വരാം.
ബുധനാഴ്ച സെൻസെക്സ് 566.09 പോയിൻ്റ് (0.94%) നഷ്ടപ്പെടുത്തി 59,610.41 ലും നിഫ്റ്റി 149.75 പോയിൻ്റ് (0.83%) ഇടിവിൽ 17,807.65ലും ക്ലോസ് ചെയ്തു. എന്നാൽ മിഡ് ക്യാപ് സൂചിക 0.59 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.12 ശതമാനവും ഉയർന്നു. മെറ്റൽ, ഓയിൽ - ഗ്യാസ്, പൊതുമേഖലാ ബാങ്ക് ഒഴികെയുള്ള സൂചികകളെല്ലാം നഷ്ടത്തിലായി. ബാങ്കുകളും ധനകാര്യ കമ്പനികളും അമേരിക്കൻ വിപണിയുടെ ചുവടുപിടിച്ച് ഐടിയും വലിയ നഷ്ടത്തിലായി.
ഇന്നലെ വിദേശ നിക്ഷേപകർ 2279.97 കോടി രൂപയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വിറ്റു. സ്വദേശി ഫണ്ടുകളുടെ വാങ്ങൽ 622.92 കോടി രൂപയ്ക്കു മാത്രമായിരുന്നു.
നിഫ്റ്റി ബെയറിഷ് സൂചനയാണു നൽകുന്നത്. 17,760 ലും 17,705ലും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. ഉയരുമ്പോൾ 17,880 ലും 17,950 ലും തടസങ്ങൾ ഉണ്ടാകാം.
ക്രൂഡ് ഓയിൽ വില ഇന്നലെ അഞ്ചു ശതമാനത്തോളം ഇടിഞ്ഞ് 101.1 ഡോളറിൽ എത്തിയിരുന്നു. എന്നാൽ ഇന്നു രാവിലെ ബ്രെൻ്റ് ഇനം 102.5 ഡോളറിലേക്കു കയറി. യുഎസിൻ്റെ സഖ്യരാജ്യങ്ങൾ റിസർവിൽ നിന്നു കൂടുതൽ ക്രൂഡ് വിപണിയിൽ ഇറക്കും എന്ന പ്രഖ്യാപനമാണു വില താഴ്ത്തിയത്.
വ്യാവസായിക ലോഹങ്ങളുടെ കയറ്റം അൽപം മന്ദീഭവിച്ചു. ചൈനയിൽ പ്രതിദിന രോഗബാധ 20,000 കടക്കുകയും കൂടുതൽ നഗരങ്ങൾ ലോക്ക്ഡൗണിലാവുകയും ചെയ്തു. ഇതു കൂടുതൽ ഫാക്ടറികൾ അടച്ചിടാൻ കാരണമായി. അതു ഡിമാൻഡ് കുറച്ചതാണു കാരണം. ചെമ്പ് ടണ്ണിന് 10,350 ഡോളറിലേക്കു താണു. ഇരുമ്പയിര് വില ഒന്നര ശതമാനം കുറഞ്ഞു.
സ്വർണവില 1923-1925 ഡോളറിൽ തുടരുന്നു. ഇന്നലെ 1925-1934 ഡോളറിൽ കയറിയിറങ്ങിയതാണ്. പലിശ ഉയർന്നു നിൽക്കുമ്പോൾ സ്വർണത്തിനു ഡിമാൻഡ് കുറയുമെന്നതാണ് കാരണം.
ഫെഡിനെ ആർക്കാണു പേടി?
അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡ് എന്തും ചെയ്യട്ടെ. ഇന്ത്യ അതിനെയൊക്കെ അതിൻ്റെ വഴിക്കു നേരിടാൻ ശക്തമാണ്. ഇതു 2013 അല്ല. വിദേശികൾ വിൽക്കുമ്പോൾ ഇടിയുന്ന രൂപയോ വിപണിയോ അല്ല ഇന്നുള്ളത്. ഇങ്ങനെ ചില അവകാശവാദങ്ങൾ കുറേ മാസങ്ങളായി കേട്ടു പോന്നു.
ഡിസംബറിൽ ഓഹരികൾ ഇടിഞ്ഞപ്പോൾ ഫെഡ് പലിശ കൂട്ടുന്നതിനെ പേടിച്ചല്ല, വിപണിയുടെ സ്വാഭാവിക തിരുത്തലാണ് എന്നു വ്യാഖ്യാനിച്ചു. വീണ്ടും മാർച്ചിൽ ഫെഡ് പലിശ കൂട്ടുന്ന അവസരത്തിലെ ഇടിവ് മാറ്റത്തോടുള്ള അഡ്ജസ്റ്റ്മെൻ്റ് മാത്രം എന്നായി വ്യാഖ്യാനം.
ഇപ്പോൾ മാർച്ചിലെ യോഗത്തിൻ്റെ മിനിറ്റ്സ് പുറത്തു വരുന്ന ദിവസങ്ങളിൽ ഇന്ത്യൻ വിപണി ഒന്നര ശതമാനം ഇടിഞ്ഞു. ഇനിയും ഇടിയുമെന്ന സൂചന നൽകുകയും ചെയ്യുന്നു. വിദേശ നിക്ഷേപകർ വീണ്ടും വിൽപനക്കാരായി. ഇന്ത്യയുടെ രൂപ ഡോളറുമായുള്ള വിനി നിരക്കിൽ ഒറ്റ ദിവസം കൊണ്ട് 52 പൈസ നഷ്ടമാക്കി.
ഫെഡ് നടപടിയിൽ പേടിയില്ല, ഭയം മാത്രം എന്നു സാധാരണ നിക്ഷേപകർ മനസിലാക്കേണ്ട അവസ്ഥ. 2013 അല്ല 2022 എന്നു പറയുന്നതിൽ വലിയ കാര്യമില്ലെന്ന് അവർ ഇപ്പോൾ അറിയുന്നു. കഴിഞ്ഞ മൂന്നു മാസം കൊണ്ടു 2000 കോടിയിലധികം ഡോളർ വിപണിയിലിറക്കുകയും 1000 കോടിയിലേറെ ഡോളറിൻ്റെ സ്വാപ് (പിന്നീടു നിശ്ചിത തീയതിയിൽ തിരിച്ചു വാങ്ങാനായി ഡോളർ വിൽക്കുന്നത് ) നടത്തുകയും ചെയ്താണ് ഈ മാസങ്ങളിൽ റിസർവ് ബാങ്ക് രൂപയുടെ വിനിമയ നിരക്ക് പിടിച്ചു നിർത്തിയത് എന്ന് എല്ലാവർക്കുമറിയാം.
യുഎസ് ഫെഡ് അടിസ്ഥാന പലിശ നിരക്ക് കാൽ ശതമാനം ഉയർത്തിയ മാർച്ചിലെ നടപടിക്കു മുന്നോടിയായി വിപണി വലിയ താഴ്ചയിൽ എത്തിയിരുന്നു. യുക്രെയ്ൻ യുദ്ധത്തെപ്പറ്റിയുള്ള ഭീതിയും ചേർന്നാണ് മാർച്ച് ഒൻപതിന് ഇന്ത്യൻ വിപണി താഴ്ന്ന നിലയിൽ ആയത്. ഔപചാരിക പ്രഖ്യാപനം വന്നപ്പോഴേക്കു വിപണിയുടെ ഡിസ്കൗണ്ടിംഗ് പൂർത്തിയായിരുന്നു.
പലിശ കൂട്ടുന്നു, പണലഭ്യത കുറയ്ക്കുന്നു
ഇപ്പോൾ ഫെഡ് നിരക്കു വർധന 25 ബേസിസ് പോയിൻ്റിനു പകരം 50 ബേസിസ് പോയിൻ്റ് (0.5 ശതമാനം) വീതമാക്കാൻ പോകുകയാണ്.മേയ് ആദ്യം കുറഞ്ഞ പലിശ 0.25-0.50 ശതമാനത്തിൽ നിന്ന് 0.75-1.0 ശതമാനത്തിലേക്ക് ഉയർത്തും. ഒപ്പം ഫെഡ് വാങ്ങി വച്ചിട്ടുള്ള കടപ്പത്രങ്ങളും ബോണ്ടുകളും തിരിച്ചു വിപണിയിലിറക്കും. പ്രതിമാസം 9500 കോടി ഡോളറിൻ്റെ കടപ്പത്രങ്ങളാണു വിപണിയിലേക്കു വിടുക. ഇതും മേയിൽ തുടങ്ങും.
രണ്ടു നടപടികളും കൂടി ഉണ്ടാക്കുന്ന പ്രത്യാഘാതം ചെറുതല്ല. വ്യവസായ നടത്തിപ്പിനു ചെലവ് കൂട്ടുന്നതാണു പലിശ വർധന. പാർപ്പിട വായ്പകളടക്കം വ്യക്തിഗത ആവശ്യങ്ങൾക്കും ചെലവ് കൂടും. വ്യവസായങ്ങളുടെ ലാഭത്തോത് കുറയും. പലിശ കൂടുന്നതിനാൽ വ്യക്തികൾ വായ്പയെടുക്കൽ കുറയ്ക്കും. അപ്പോൾ വിൽപന കുറയും. ഉൽപാദനം കുറയും. സാമ്പത്തിക വളർച്ച കുറയും. വ്യക്തികളുടെ സമ്പാദ്യത്തോതും കുറയും. മ്യൂച്വൽ ഫണ്ടുകളിലും പെൻഷൻ ഫണ്ടുകളിലും നിക്ഷേപം കുറയും. അത് ഇന്ത്യയടക്കമുള്ള വിപണികളിലേക്കുള്ള നിക്ഷേപ വരവ് കുറയ്ക്കും. യുഎസ് പലിശ നിരക്ക് കൂടുമ്പോൾ അവിടേക്കു മടങ്ങുന്ന വിദേശ നിക്ഷേപങ്ങളും വർധിക്കും.
ഇത്തരം ബന്ധങ്ങളും ബന്ധനങ്ങളുമാണ് വിപണിയെ അസ്വസ്ഥമാക്കുന്നത്. വെറുതേ വാചകമടിച്ചതുകൊണ്ട് ഇല്ലാതാകുന്നതല്ല ഇപ്പോഴത്തെ പ്രശ്നങ്ങൾ എന്നു ചുരുക്കം. ലാഭം തേടിയുള്ള മൂലധനത്തിൻ്റെ ആഗോള യാത്രയിൽ ഒരു ഇടത്താവളം മാത്രമാണ് ഇന്ത്യയടക്കമുള്ള വികസ്വര വിപണികൾ എന്നതാണു യാഥാർഥ്യം. കൂടുതൽ പലിശയും ലാഭവും വേറേ സ്ഥലത്തു കിട്ടുമെങ്കിൽ പണം അങ്ങാേടു പോകും. അതിനു തയാറായിരിക്കുക എന്നതാണ് ഏക കരുതൽ.
This section is powered by Muthoot Finance